banner

ഭാര്യയേയും കുഞ്ഞിനേയും ഉപേക്ഷിച്ചാൽ ഭർത്താവിനും പണി കിട്ടും; 26കാരനെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് പൊലീസ്, പിടിയിലായത് യുവതിയ്‌ക്കൊപ്പം

ആലുവ : ഭാര്യയേയും കുഞ്ഞിനേയും ഉപേക്ഷിച്ച് പോയാൽ ഭർത്താവിനും ഇനി പണി കിട്ടും. സാധാരണയായി മിക്ക ദിവസങ്ങളിലും പുറത്തു വരാറുള്ള വാർത്ത കുഞ്ഞിനെ ഉപേക്ഷിച്ച് പോയ യുവതിയെ അറസ്റ്റ് ചെയ്ത വാർത്തയാണ്. ആലുവയിൽ ഇന്ന് അതിനൊരു തിരുത്ത് ഉണ്ടായിരിക്കുകയാണ്. 26കാരനായ ആലുവ യു.സി കോളേജ് ആലമറ്റം വീട്ടിൽ അജ്മൽനെയാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. 

ഒരു വയസുള്ള കുഞ്ഞിനെയും, ഭാര്യയെയും ഉപേക്ഷിച്ച് മറ്റൊരു യുവതിയോടൊപ്പം താമസിച്ചു വരവേയാണ് യുവാവിൻ്റെ അറസ്റ്റ്. കുഞ്ഞിന്റെ സംരക്ഷണചുമതലയുള്ള അച്ഛൻ കുഞ്ഞിനെ ഉപേക്ഷിച്ചതിനാണ് കേസ്.

കഴിഞ്ഞ 23 ന് മകളെ കാണുന്നില്ല എന്ന് പറഞ്ഞ് യുവതിയുടെ അച്ഛൻ ആലുവ പൊലീസിൽ പരാതി നൽകി. പൊലീസ് ആളെ കാണാതായത് സംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അടുത്ത ദിവസം അജ്മലിനെ കാണാനില്ലെന്ന് ഭാര്യ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ രണ്ടു പേരും ഒരുമിച്ചാണ് പോയതെന്ന് മനസിലാക്കി.

വയനാട്, തിരുവനന്തപുരം, കോട്ടയം എന്നിവിടങ്ങളിൽ മാറി മാറി താമസിക്കുകയായിരുന്നു ഇവർ. കോട്ടയത്ത് നിന്നുമാണ് പൊലീസ് ഇവരെ കണ്ടെത്തിയത്. എസ്.എച്ച്.ഒ എൽ.അനിൽകുമാർ, എസ്‌ഐമാരായ എം.എസ്.ഷെറി, കെ.വി.ജോയി, എഎസ്ഐ മാരായ കെ.പി.ഷാജി, ഫസീല ബീവി സി.പി.ഒ മാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Post a Comment

0 Comments