banner

സഹപാഠിയായ പെൺകുട്ടിയെ ശല്യം ചെയ്യുന്നത് എതിർത്തതിന് പട്ടാപ്പകൽ യുവാവിനെ നടുറോഡിൽ കുത്തിവീഴ്ത്തി; രണ്ട് പേർ കസ്റ്റഡിയിൽ; കേരളം ഇതെങ്ങോട്ട്?

ഇരിങ്ങാലക്കുടയിൽ പട്ടാപ്പകൽ യുവാവിനെ നടുറോഡിൽ കുത്തിവീഴ്ത്തി. സഹപാഠിയായ പെൺകുട്ടിയെ ശല്യം ചെയ്യുന്നത് എതിർത്തതിനാണ് ആക്രമണം. രണ്ടാം വർഷ ബികോം വിദ്യാർഥി കെ.ജെ. ടെൽസനാണു കുത്തേറ്റത്. നില ഗുരുതരമല്ല. ആലുവ സ്വദേശി രാഹുൽ, കാറളം സ്വദേശി ഷഹീർ എന്നിവരാണ് ആക്രമണത്തിന് പിന്നിൽ. 4 തവണ കുത്തിയ ശേഷം ബൈക്കിൽ രക്ഷപെടാൻ ശ്രമിച്ച പ്രതികളെ നാട്ടുകാർ പിടികൂടി പൊലീസിലേ‍ൽപിച്ചു. 

ബുധനാഴ്ച രാവിലെ ഒമ്പതുമണിയോടെ ഇരിങ്ങാലക്കുട ടൗണിലായിരുന്നു സംഭവം. കോളേജിലേക്ക് പോവുകയായിരുന്ന വിദ്യാർഥിനിയെ ബൈക്കിലെത്തിയ സാഹിറും രാഹുലും നടുറോഡിൽവെച്ച് ശല്യംചെയ്യുകയായിരുന്നു. ഇത് കണ്ടാണ് വിദ്യാർഥിനിയുടെ സഹപാഠിയായ ടെൽസൻ സംഭവത്തിൽ ഇടപെട്ടത്. 

ഇതോടെ സാഹിർ കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് ടെൽസനെ കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. വിദ്യാർഥിയെ ആക്രമിച്ച ശേഷം യുവാക്കൾ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

സംഭവത്തിന് പിന്നാലെ പ്രതികൾ രണ്ടുപേരും ബൈക്കിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ അല്പദൂരം മുന്നോട്ടുപോയതിന് ശേഷം ഇവരുടെ ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി. ഇതോടെ നാട്ടുകാർ പ്രതികളെ തടഞ്ഞുവെച്ച് പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പ്രതികളായ രണ്ടുപേരെയും പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുത്തു.

Post a Comment

0 Comments