banner

ഇനി ആവേശത്തിൻ്റെ ഐപിഎല്‍ രാവുകള്‍; ക്രിക്കറ്റ് കാര്‍ണിവലിന് നാളെ തുടക്കമാകും.

മുംബൈ : ഐഎസ്‌എൽ ആരവം അവസാനിച്ചതിന് പിന്നാലെ ഇനി ആവേശത്തിൻ്റെ ഐപിഎല്‍ രാവുകള്‍. ഫുട്‌ബോൾ ആവേശം ക്രിക്കറ്റിന്‌ വഴിമാറുന്നു. ഐപിഎൽ ക്രിക്കറ്റിന്റെ 15–-ാംപതിപ്പിന്‌ ശനിയാഴ്‌ച തുടക്കമാകും. ആദ്യ കളിയിൽ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്‌സ്‌ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനെ നേരിടും. ഏഴരയ്‌ക്കാണ്‌ മത്സരങ്ങൾ. രണ്ട്‌ കളിയുള്ള ഞായറാഴ്‌ചകളിൽ പകൽ 3.30നും മത്സരമുണ്ട്‌. പുതുസംഘമായ ലഖ്‌നൗ സൂപ്പർ ജയന്റ്‌സും ഗുജറാത്ത്‌ ടൈറ്റൻസും ഉൾപ്പെടെ ആകെ 10 ടീമുകളാണ്‌.

ചെന്നൈ ക്യാപ്റ്റനെന്ന നിലയിൽ രവീന്ദ്ര ജഡേജയും കൊൽക്കത്ത ക്യാപ്റ്റനെന്ന നിലയിൽ ശ്രേയസ് അയ്യരും നാളെ അരങ്ങേറ്റം കുറിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. മെയ്‌ 29ന്‌ ഫൈനൽ. മഹാരാഷ്ട്രയിലെ നാല്‌ വേദികളിലായാണ്‌ കളി. 25 ശതമാനം കാണികൾക്ക്‌ പ്രവേശനമുണ്ട്‌.

രണ്ട്‌ ഗ്രൂപ്പുകളായാണ്‌ പോരാട്ടം. പ്രാഥമികഘട്ടത്തിൽ 70 മത്സരം. ഗ്രൂപ്പ്‌ എയിൽ അഞ്ചുവട്ടം ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ്‌, കൊൽക്കത്ത, രാജസ്ഥാൻ റോയൽസ്‌, ഡൽഹി ക്യാപിറ്റൽസ്‌, ലഖ്‌നൗ ടീമുകളാണ്‌. ബി ഗ്രൂപ്പിൽ നാലുവട്ടം ജേതാക്കളായ  ചെന്നൈക്കൊപ്പം സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌, റോയൽ ചലഞ്ചേഴ്‌സ്‌ ബാംഗ്ലൂർ, പഞ്ചാബ്‌ കിങ്‌സ്‌, ഗുജറാത്ത്‌ ടീമുകൾ അണിനിരക്കുന്നു.

സീസണിന്‌ മുന്നോടിയായി മഹാതാരലേലം നടന്നതിനാൽ പുതുനിരയാണ്‌ എല്ലാ സംഘങ്ങളിലും. ചെന്നൈയിൽ ധോണിക്കൊപ്പം രവീന്ദ്ര ജഡേജയും ഋതുരാജ്‌ ഗെയ്‌ക്‌വാദുമെല്ലാം തുടർന്നു. ഡിവൻ കൊൺവേ, മഹേഷ്‌ തീക്ഷണ, ഡ്വെയ്‌ൻ പ്രിട്ടോറിയസ്‌, രാജ്‌വർധൻ ഹംഗർഗേക്കർ എന്നിവരാണ്‌ ലേലത്തിൽ സ്വന്തമാക്കിയ പ്രധാന താരങ്ങൾ.  രോഹിത്‌ ശർമയുടെ മുംബൈ ഇഷാൻ കിഷനെ പൊന്നുംവിലയ്‌ക്ക്‌ വീണ്ടും എത്തിച്ചു. സൂര്യകുമാർ യാദവ്‌, ജസ്‌പ്രീത്‌ ബുമ്ര, ജോഫ്ര ആർച്ചെർ, ടിം ഡേവിഡ്‌, ഡാനിയേൽ സാംസ്‌ എന്നീ കരുത്തരുമുണ്ട്‌.

ഡൽഹിയിൽ ഡേവിഡ്‌ വാർണറാണ്‌ പ്രധാനി. റൊവ്‌മാൻ പവെൽ, ശാർദൂൽ ഠാക്കൂർ എന്നിവരും ഋഷഭ്‌ പന്തിന്റെ സംഘത്തിലുണ്ട്‌.  ശ്രേയസ്‌ അയ്യറിന്‌ കീഴിലാണ്‌ കൊൽക്കത്ത എത്തുന്നത്‌. ഓൾറൗണ്ടർമാരായ ആന്ദ്രെ റസെലിലും വെങ്കിടേഷ്‌ അയ്യരിലുമാണ്‌ പ്രതീക്ഷകൾ. മായങ്ക്‌ അഗർവാളാണ്‌ പഞ്ചാബ്‌ ക്യാപ്‌റ്റൻ. ശിഖർ ധവാൻ, ഒഡിയൻ സ്‌മിത്ത്‌, ഷാരുഖ്‌ ഖാൻ എന്നിവർ ഒറ്റയ്‌ക്ക്‌ കളിഗതി മാറ്റാൻ പ്രാപ്‌തിയുള്ളവർ. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാന്‌ ബൗളിങ്‌ നിരയാണ്‌ കരുത്ത്‌. ആർ അശ്വിൻ–-യുശ്‌വേന്ദ്ര ചഹാൽ സ്‌പിൻ സഖ്യത്തിലും ട്രെന്റ്‌ ബോൾട്ടിന്‌ കീഴിലുള്ള പേസർമാരിലുമാണ്‌ പ്രതീക്ഷ.

വിരാട്‌ കോഹ്‌ലിക്ക്‌ പകരം ഫാഫ്‌ ഡു പ്ലെസിസാണ്‌ ബാംഗ്ലൂരിന്റെ ക്യാപ്‌റ്റൻ. ഗ്ലെൻ മാക്‌സ്‌വെൽ, ഷെർഫെയ്‌ൻ റുതർഫോർഡ്‌ എന്നീ മികച്ച ഓൾറൗണ്ടർമാരുടെ നിരയുമായാണ്‌ വരവ്‌. കെയ്‌ൻ വില്യംസണിന്റെ ഹൈദരാബാദിൽ നിക്കോളാസ്‌ പുരാൻ, വാഷിങ്‌ടൺ സുന്ദർ എന്നിവരാണ്‌ പ്രമുഖർ. ലോകേഷ്‌ രാഹുലിന്‌ കീഴിൽ ഒരുങ്ങുന്ന ലഖ്‌നൗവിൽ ക്വിന്റൺ ഡി കോക്ക്‌, മാർകസ്‌ സ്‌റ്റോയിനിസ്‌, ആവേശ്‌ ഖാൻ തുടങ്ങിയവരുണ്ട്‌. ഹാർദിക്‌ പാണ്ഡ്യയാണ്‌ ഗുജറാത്തിന്റെ നായകൻ. റഷീദ്‌ ഖാനിലും ലോക്കി ഫെർഗൂസണിലും പ്രതീക്ഷ.

Post a Comment

0 Comments