banner

ജെഇഇ, നീറ്റ് സ്വപ്നങ്ങൾക്ക് ഇനി വിലങ്ങിടേണ്ട; സൗജന്യ വിഡിയോ ക്ലാസുകളുമായി ഐഐടി അധ്യാപകർ

ജെഇഇ, നീറ്റ് തുടങ്ങിയ പ്രവേശനപരീക്ഷകൾ എഴുതാൻ ഐഐടി അധ്യാപകരുടെ സഹായം ലഭിച്ചാലോ ? അതും സൗജന്യമായി ? ഐഐടി ഡൽഹിയുടെ നേതൃത്വത്തിലുള്ള ഐഐടി– പ്രഫസർ അസിസ്റ്റഡ് ലേണിങ് (ഐഐടി പാൽ) എന്ന വെബ്സൈറ്റിൽ ഇതിനുള്ള അവസരമാണു ലഭിക്കുന്നത്. പ്രവേശനപരീക്ഷകൾ എഴുതുന്നവ‌ർക്കുള്ള നൂറുകണക്കിനു വിഡിയോകൾ ഉൾ‌പ്പെടുത്തിയാണു വെബ്സൈറ്റ് തയാറാക്കിയിരിക്കുന്നത്.

എൻസിഇആർടി സിലബസ് പ്രകാരം ഫിസിക്സ്, കെമിസ്ട്രി, മാത്‌സ്, ബയോളജി വിഷയങ്ങളിൽ ക്ലാസെടുക്കുന്നത് ഐഐടി പ്രഫസർമാർ തന്നെ. ജെഇഇ, നീറ്റ്, ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ഐഎടി) എന്നീ പരീക്ഷകൾക്കു തയാറെടുക്കുന്നവരെയാണു പ്രധാനമായും ലക്ഷ്യം വയ്ക്കുന്നതെന്ന് ഐഐടി പാൽ ദേശീയ കോ ഓർഡിനേറ്ററും ആലപ്പുഴ സ്വദേശിയുമായ ഐഐടി ഡൽഹി ഒപ്റ്റിക്സ് & ഫൊട്ടോണിക്സ് സെന്റർ മേധാവി പ്രഫ. ജോബി ജോസഫ് പറയുന്നു.

മൂന്നു വർഷം മുൻപാണു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ധനസഹായത്തോടെ പദ്ധതി ആരംഭിച്ചത്. അന്നു ദൂരദർശനിലൂടെ വിഡിയോകൾ കാണിക്കുകയായിരുന്നു. വിഡിയോ ക്ലാസുകൾ ഉൾപ്പെടുത്തി വെബ്സൈറ്റ് തുറന്നതു കഴിഞ്ഞമാസം. അയ്യായിരത്തിലേറെ വിദ്യാർഥികൾ റജിസ്റ്റർ ചെയ്തുകഴിഞ്ഞു. 720 വിഡിയോ ക്ലാസുകൾ ഇതിനകം വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓരോ മാസവും കൂടുതൽ വിഡിയോകൾ അപ്‍ലോഡ് ചെയ്യും.

മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളിൽ ക്ലാസെടുക്കുന്നത് ഐഐടി അധ്യാപകർ മാത്രം. ബയോളജിയിൽ മാത്രം പുറത്തു നിന്നുള്ളവരുമുണ്ട്.

വിവരങ്ങൾക്ക്
റജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കു സംശയങ്ങൾ ഉന്നയിക്കാം. മറുപടി വിഡിയോ രൂപത്തിൽ വെബ്സൈറ്റിലെത്തും. വൈകാതെ ലൈവ് സെഷനുകളും ആരംഭിക്കും.

Post a Comment

0 Comments