ദില്ലി : അഷ്ടമുടി ലൈവ്. സ്ത്രീധനപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കൊല്ലത്തെ വിസ്മയയുടെ മരണത്തിൽ പ്രതിചേർത്ത് ജയിലിൽ കഴിയുന്ന ഭര്‍ത്താവ് കിരൺ കുമാറിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. വിസ്മയ കേസിൽ എട്ട് മാസത്തിലധികമായി ജയിലിൽ കഴിയുന്ന കിരൺകുമാറിന് ഏഴ് ദിവസത്തെ ജാമ്യം അനുവദിക്കണമെന്ന ആവശ്യമായിട്ടാണ് പ്രതിഭാഗം സുപ്രീംകോടതിയെ സമീപിച്ചത്.
കേസ് പരിഗണിച്ച കോടതി റെഗുലർ ജാമ്യം അനുവദിക്കുകയും ജാമ്യ വ്യവസ്ഥകൾ വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്ന് അറിയിക്കുകയും ആയിരുന്നു.
പ്രതിഭാഗം പ്രധാനമായും ചൂണ്ടിക്കാണിച്ച കാര്യം പ്രതി കിരൺകുമാർ കൊലപാതകം ചെയ്തിട്ടില്ലെന്നും വിസ്മയ മരിച്ചത് മാനസിക പീഡനം മൂലമാണെന്ന കാര്യം പോലീസ് അന്വേഷണത്തിലൂടെ തെളിയിക്കട്ടെ എന്നുമാണ്.
മാത്രമല്ല സമാന കേസുകളിൽ മുൻപും ഇത്തരം ജാമ്യം അനുവദിച്ചിട്ടുണ്ടെന്ന് കോടതിയിൽ പ്രതിഭാഗം വാദിച്ചു. അർഹമായ ജാമ്യം അനുവദിക്കണമെന്ന വാദത്തിന്മേലാണ് കോടതി വിധി. ജാമ്യ നടപടി പ്രോസിക്യൂഷൻ എതിർത്തു.
ജാമ്യം നൽകണമെന്ന ആവശ്യവുമായി പ്രതി കീഴ്ക്കോടതിയെ സമീപിച്ചത് കോടതി ഈ അപേക്ഷ തള്ളിയിരുന്നു. പിന്നാലെയാണ് പ്രതി സുപ്രീം കോടതിയെ സമീപിച്ചത്.
കഴിഞ്ഞ വർഷം ജൂൺ ഇരുപത്തിയൊന്നിനാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃഗൃഹത്തിൽ വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഈ കേസിൽ ആത്മഹത്യ പ്രേരണ അടക്കമുള്ള വകുപ്പുകൾ ചേർത്ത് ഭർത്താവായ കിരൺകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയെന്നാണ് കേസ്.
0 Comments