banner

കെഎസ്ആർടിസിയുടെ നീളൻ ബസ്സ് കൊല്ലത്ത്; ചവറ-ചിന്നക്കട-കുണ്ടറ റൂട്ടിൽ സർവ്വീസിനെത്തും

കൊല്ലം : കെഎസ്ആർടിസിയുടെ നീളൻ ബസ്സ് വെസ്റ്റിബുൾ സർവ്വീസ് ആരംഭിച്ചു. കൊല്ലത്ത് നിന്ന് കുണ്ടറ-ചവറ റൂട്ടിൽ ചെയിൻ സർവ്വീസായാണ് വെസ്റ്റിബുൾ സർവ്വീസ് ആരംഭിച്ചത്. 17 മീറ്റർ നീളത്തിൽ രണ്ട് ബസുകൾ ചേർത്ത് വെച്ച നിലയിലാണ് ബസ് നിർമ്മിച്ചിരിക്കുന്നത്. 60 പേർക്ക് ബസിൽ ഇരുന്ന് യാത്ര ചെയ്യാനാകും. നഗര പ്രാദേശിക റൂട്ടുകളിൽ ചെയിൻ സർവ്വീസുകളായി ഉപയോഗിക്കാനാണ് കെഎസ്ആർടിസി വെസ്റ്റിബുൾ ബസുകൾ നിരത്തിലിറക്കിയത്.

നിലവിൽ ഇത്തരത്തിലുള്ള ഒരു ബസ് മാത്രമാണുള്ളത്. ആദ്യം പേരൂർക്കട ഡിപ്പോയിലും പിന്നീട് വിതുരയിലും സർവ്വീസ് നടത്തിയതിന് ശേഷമാണ് കൊല്ലത്ത് എത്തിച്ചത്. സ്വകാര്യ ബസ് പണിമുടക്ക് ആയതിനാൽ രണ്ട് ദിവസം നല്ല തിരക്കാണ് ബസിൽ അനുഭവപ്പെട്ടത്. കൂടുതൽ വെസ്റ്റിബുൾ ബസുകൾ വാങ്ങാനുള്ള ഒരുക്കത്തിലാണ് കെഎസ്ആർടിസി. പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായാണ് കൊല്ലത്ത് എത്തിച്ചത്.

വെസ്റ്റിബുൾ സർവ്വീസുകളിലൂടെ കെഎസ്ആർടിസിയ്‌ക്ക് ഇന്ധന ലാഭവും കൂടുതൽ യാത്രക്കാരെ കയറ്റുന്നതിലൂടെ വരുമാന വർദ്ധനവും ലഭിക്കുമെന്നാണ് വിലയിരുത്തൽ. രാവിലെ 7.10ന് കൊല്ലം ഡിപ്പോയിൽ നിന്ന് സർവ്വീസ് ആരംഭിക്കും. ചവറ-ചിന്നക്കട-കുണ്ടറ റൂട്ടിലാണ് ബസ് സർവ്വീസ് നടത്തുന്നത്.

Post a Comment

0 Comments