banner

അല്പായുസ്സാണെന്ന് അറിഞ്ഞിട്ടും പ്രണയിനിയെ കൈവിടാതെ മഹ്‌മൂദുല്‍; വിവാഹാശംസകള്‍ തീരും മുന്‍പേ സങ്കടവാര്‍ത്ത; ഒടുവില്‍ ക്യാന്‍സറിന് കീഴടങ്ങി ഫഹ്മിദ

പ്രണയത്തിന്‍റെ പേരില്‍ കൊലകളും ആക്രമണങ്ങളും നടക്കുന്ന കാലത്ത് മാരകരോഗം ബാധിച്ച പ്രണയിനിയെ ചേര്‍ത്തുപിടിച്ച കഥയായിരുന്നു ബംഗ്ലാദേശുകാരനായ മഹ്മൂദുല്‍ ആലമിന്‍റേത്. ഒരുമിച്ചുള്ള ജീവിതം അധിക കാലം ഉണ്ടാവില്ലെന്ന് അറിഞ്ഞിട്ടും ക്യാന്‍സര്‍ ബാധിതയായ കാമുകിയെ ജീവിതത്തിലേക്ക് ക്ഷണിച്ചു മഹ്മൂദുല്‍. എന്നാല്‍ വിവാഹാശംസകളുടെ പുതുമ മാറും മുന്‍പേ ഈ ലോകത്തോടു വിട പറയാനായിരുന്നു പ്രണയിനിയായ ഫഹ്മിദയുടെ വിധി.

ബംഗ്ലാദേശുകാരനായ മഹ്‌മൂദുല്‍ ആലമാണ് അല്പായുസ്സുള്ള ജീവിതമാണെന്ന് അറിഞ്ഞിട്ടും കാന്‍സര്‍ ബാധിതയായ ഫഹ്‌മിദയെ ചേര്‍ത്ത് പിടിച്ച് ജീവിതത്തിലേക്ക് കൂട്ടിയത്.

സ്വപ്‌ന ജീവിതത്തിലേക്ക് കാലെടുത്തുവച്ച് 11 ദിവസം കഴിഞ്ഞപ്പോഴേക്കും ഈ ലോകത്തോടു വിട പറയാനായിരുന്നു 25 കാരിയായ ഫഹ്‌മിദയുടെ വിധി. തുറമുഖ നഗരമായ ബകാലിയ ഏരിയയിലെ വസതിയില്‍ തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെയാണ് ഫഹ്‌മിദ അന്ത്യശ്വാസം വലിച്ചത്. തുടര്‍ന്ന് ഫഹ്‌മിദ ചികിത്സയില്‍ കഴിഞ്ഞിരുന്ന ചാട്ടോഗ്രാമിലെ ആശുപത്രിയിലെത്തിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഫഹ്‌മിദയുടെ ആവശ്യപ്രകാരമാണ് വിവാഹത്തിന് ശേഷം വീട്ടിലേക്ക് പോയതെന്ന് മുത്തച്ഛനും ചട്ടോഗ്രാം സിറ്റി കോര്‍പ്പറേഷന്റെ (സിസിസി) മുന്‍ ഉദ്യോഗസ്ഥനായ സൈഫുദ്ദീന്‍ സക്കീര്‍ പറഞ്ഞു. മാര്‍ച്ച് 9നായിരുന്നു ഫഹ്‌മിദയും മഹ്‌മൂദുലും തമ്മിലുള്ള വിവാഹം നടന്നത്. കോക്സ് ബസാര്‍ ജില്ലയിലെ ചകരിയയിലെ അസീസുല്‍ ഹഖിന്റെ മകനാണ് മഹ്‌മൂദുല്‍. നോര്‍ത്ത് സൗത്ത് യൂണിവേഴ്സിറ്റിയില്‍ (NSU) നിന്ന് എംബിഎയും പൂര്‍ത്തിയാക്കിയിട്ടുണ്ട് മഹ്‌മൂദുല്‍. കമാലുദ്ദീന്റെയും ഷിയുലിയുടെയും മകളായ ഫഹ്‌മിദ ചാട്ടോഗ്രാമിലെ ഇന്‍ഡിപെന്‍ഡന്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിബിഎയും എംബിഎയും പൂര്‍ത്തിയാക്കിയിരുന്നു. യൂണിവേഴ്‌സിറ്റി പഠനകാലത്താണ് ഇരുവരും കണ്ടുമുട്ടുന്നതും പ്രണയത്തിലാകുന്നതും.

2021ല്‍ ഫഹ്‌മിദയെ ധാക്ക എവര്‍കെയര്‍ ഹോസ്പിറ്റലില്‍ നടത്തിയ പരിശോധനയിലാണ് ഫഹ്‌മിദക്ക് ക്യാന്‍സറാണെന്ന് തിരിച്ചറിയുന്നത്. പിന്നീട് ചികിത്സക്കായി ഇന്ത്യയിലേക്ക് വൈകിപ്പോയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്ന് നാട്ടിലേക്കു മടങ്ങുകയായിരുന്നു. ശാരീരികാസ്വാസ്ഥ്യത്തിന് മാറ്റമൊന്നുമുണ്ടായില്ലെങ്കിലും കഴിഞ്ഞ രണ്ട് മാസമായി അവര്‍ ചാറ്റോഗ്രാം മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലായിരുന്നു.

രോഗം ബാധിച്ചെങ്കിലും പ്രണയിനിയെ കൈവിടാന്‍ മഹ്‌മൂദുല്‍ തയ്യാറായിരുന്നില്ല. ക്യാന്‍സറിന്റെ മൂര്‍ധന്യാവസ്ഥയില്‍ തന്നെ വിവാഹം കഴിക്കുകയും ചെയ്തു. പരമ്പരാഗത വിവാഹവേഷത്തില്‍ ഇരിക്കുന്ന ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുകയും ചെയ്തു. വധുവിന്റെ എല്ലാ ചികിത്സാചെലവുകളും വരന്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു.

Post a Comment

0 Comments