banner

കാറിന്റെ ലൈറ്റ് അണയ്ക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം; തലയ്ക്ക് വെട്ടി; നഗരസഭ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയത് മാരകായുധങ്ങള്‍ കൊണ്ട്


മലപ്പുറം : മലപ്പുറം മഞ്ചേരിയില്‍ നഗരസഭ കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. അബ്ദുല്‍ മജീദ് എന്നായാളെ പൊലീസ് ഇന്നലെ കസ്റ്റഡിയില്‍ എടുത്തിരുന്നു. മറ്റൊരു പ്രതി ഷുഹൈബ് എന്ന കൊച്ചുവിന് വേണ്ടി അന്വേഷണം തുടരുകയാണ്. മജീദും ഷുഹൈബുമാണ് അബ്ദുല്‍ ജലീലിന്റെ വാഹനത്തെ ബൈക്കില്‍ പിന്തുടര്‍ന്ന് ആക്രമിച്ചത്.

ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയത് മാരകായുധങ്ങള്‍ ഉപയോഗിച്ചാണെന്നാണ് മൊഴി. കാറിന്റെ ലൈറ്റ് അണയ്ക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ബൈക്കില്‍ പിന്തുടര്‍ന്ന സംഘം ഹെല്‍മറ്റുപയോഗിച്ചാണ് കാറിന്റെ ചില്ല് തകര്‍ത്തതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. അബ്ദുല്‍ ജലീലിന്റെ ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് നടക്കുന്നത്.

തലക്ക് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി നഗരസഭാംഗം അബ്ദുള്‍ ജലീല്‍ ബുധനാഴ്ച രാത്രി ഏഴരയോടെയാണ് മരിച്ചത്.
കൗണ്‍സിലറുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് നഗരസഭാ പരിധിയില്‍ യുഡിഎഫ് ഇന്ന് ഹര്‍ത്താല്‍ ആചരിക്കുകയാണ്. രാവിലെ ആറ് മുതല്‍ ഉച്ചക്ക് ഒരു മണി വരെയാണ് ഹര്‍ത്താല്‍.

ബിസിനസ് സംബന്ധമായ കാര്യങ്ങൾക്കായി മണ്ണാർക്കാട്ട് പോയി തിരിച്ചുവരുമ്പോൾ ചൊവ്വാഴ്ച രാത്രി പതിനൊന്നുമണിയോടെ പയ്യനാട് കുട്ടിപ്പാറയിലായിരുന്നു ആക്രമണം. ജലീൽ സഞ്ചരിച്ച കാർ പയ്യനാട് കുട്ടിപ്പാറ ഭാഗത്ത് നിർത്തിയിട്ടപ്പോഴാണ് ബൈക്കിലെത്തിയ സംഘവുമായി ലൈറ്റ് അണയ്ക്കുന്ന കാര്യത്തിൽ തർക്കമുണ്ടായത്. ഇതു പറഞ്ഞുതീർത്ത് കാർ മുന്നോട്ടുപോയപ്പോൾ പിന്നിലെത്തിയ രണ്ടുപേർ തടഞ്ഞുനിർത്തി കൗൺസിലറെ പുറത്തിറക്കി മാരകായുധമുപയോഗിച്ച് ആക്രമിക്കുകയായിരുന്നു. അടിയേറ്റ് തലയോട്ടി തകർന്ന ജലീലിനെ കൂടെയുള്ളവർ അബോധാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്. ന്യൂറോ തീവ്രപരിചരണ വിഭാഗത്തിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും രക്ഷിക്കാനായില്ല. തലച്ചോറിനേറ്റ സാരമായ പരിക്കാണ് മരണത്തിലേക്കു നയിച്ചത്.

സജീവ മുസ്ലിംലീഗ് പ്രവർത്തകനായ ജലീൽ ആദ്യമായാണ് നഗരസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് മഞ്ചേരി സെൻട്രൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. മുൻ നഗരസഭാംഗം സൗജത്താണ് ഭാര്യ. പിതാവ്: പരേതനായ തലാപ്പിൽ ചേക്കു ഹാജി. മക്കൾ: മുഹമ്മദ് സാനിൽ, മുഹമ്മദ് സനു. സഹോദരങ്ങൾ: അബ്ദുൽമജീദ്, ആലിപ്പ, കുഞ്ഞിമൊയ്തീൻ, മാനു, പരേതനായ മുഹമ്മദ്.

Post a Comment

0 Comments