നിശ്ചിത സമയത്ത് 1-1 സമനിലയില്‍ അവസാനിച്ച ഐഎസ്‌എല്‍ ഫൈനലിന്റെ എക്‌സ്ട്രാ ടൈമിന്റെ ആദ്യ ബ്രേക്കിലും ഇരുടീമും ഒപ്പത്തിനൊപ്പം. ഇരുടീമും ഗോളൊന്നും നേടിയില്ല. പൂര്‍ണസമയത്ത് ഇരു ടീമും ഓരോ ഗോള്‍ വീതം നേടി സമനില പാലിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്‌സിനെ രാഹുല്‍ കെ പി മുന്നിലെത്തിച്ചപ്പോള്‍ സാഹില്‍ ടവോര ഹൈദരാബാദിനെ ഒപ്പമെത്തിക്കുകയായിരുന്നു.
കിക്കോഫായി ആദ്യ മിനുറ്റിനുള്ളില്‍ തന്നെ ബ്ലാസ്റ്റേഴ്‌സ് ആദ്യ ആക്രമണത്തിന് കുതിച്ചു. 11-ാം മിനുറ്റില്‍ സൗവിക് ചക്രവര്‍ത്തിയുടെ ലോംഗ് റേഞ്ചര്‍ ഗില്ലിന്‍റെ കൈകളിലൊരുങ്ങി. 15-ാം മിനുറ്റില്‍ ഖബ്രയുടെ ക്രോസ് ഡയസിന്‍റെ തലയില്‍ തലോടി പുറത്തേക്ക് പോയി. 20-ാം മിനുറ്റില്‍ രാഹുല്‍ കെ പിയുടെ ഷോട്ട് ബാറിന് മുകളിലൂടെ കടന്നുപോയി.
തൊട്ടുപിന്നാലെ ആല്‍വാരോ വാസ്‌ക്വസ് ഹൈദരാബാദ് ഗോള്‍മുഖത്ത് കനത്ത ഭീഷണിയൊരുക്കി. 30-ാം മിനുറ്റില്‍ പോസ്റ്റിന്‍റെ വലത് ഭാഗത്തേക്ക് പതിവ് ശൈലിയില്‍ ലൂണ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. 39-ാം മിനുറ്റില്‍ വാസ്‌ക്വസിന്‍റെ ബുള്ളറ്റ് ഷോട്ട് ക്രോസ് ബാറില്‍ തട്ടിത്തെറിച്ചത് മഞ്ഞപ്പടയ്‌ക്ക് തിരിച്ചടിയായി.
തൊട്ടുപിന്നാലെ ഹൈദരാബാദിന്‍റെ കൗണ്ടര്‍ അറ്റാക്കും വിജയിച്ചില്ല. ഇഞ്ചുറിടൈമില്‍ ഗില്ലിന്‍റെ തകര്‍പ്പന്‍ സേവ് രക്ഷയ്‌ക്കെത്തി. ഹൈദരാബാദ് സ്‌ട്രൈക്കര്‍ ബെര്‍ത്തലോമ്യൂ ഒഗ്‌ബെച്ചെയെ പൂട്ടാന്‍ ബ്ലാസ്റ്റേഴ്‌സിനായി. ഇതോടെ ഇരു ടീമും ഗോള്‍രഹിതമായി ഇടവേളയ്‌ക്ക് പിരിഞ്ഞു.
രണ്ടാംപകുതിയുടെ തുടക്കത്തില്‍ ജാവോ വിക്‌ടറിന്‍റെ ലോംഗ് റേഞ്ചര്‍ ഗില്‍ പറന്ന് തടുത്തിട്ടു. 55-ാം മിനുറ്റില്‍ ഫസ്റ്റ് ഷോട്ട് കളിച്ച ഒഗ്‌ബെച്ചെയുടെ ലക്ഷ്യം പാളി. 62-ാം മിനുറ്റില്‍ ഒഗ്‌ബെച്ചെയുടെ മറ്റൊരു ഷോട്ട് കൂടി പാളി. എന്നാല്‍ 69-ാം മിനുറ്റില്‍ മലയാളിക്കരുത്തില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി.
കട്ടിമണിയയുടെ പ്രതിരോധം തകര്‍ത്ത ലോംഗ് റേഞ്ചറിലൂടെ രാഹുല്‍ കെ പി ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. തൊട്ടുപിന്നാലെ ബോക്‌സിന് തൊട്ടുപുറത്തുനിന്ന് ഹൈദരാബാദിന്‍റെ മിന്നല്‍ ഫ്രീകിക്ക് ഗില്ലിന്‍റെ ഗംഭീര സേവില്‍ അപ്രത്യക്ഷമായത് ബ്ലാസ്റ്റേഴ്‌സിനെ കാത്തു. പിന്നാലെ ഇരു ടീമും ആക്രമണം കടുപ്പിച്ചു. 88-ാം മിനുറ്റില്‍ ടവോരയുടെ ലോംഗ് വോളി ഹൈദരാബാദിനെ ഒപ്പമെത്തിക്കുകയായിരുന്നു.
0 Comments