banner

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ അന്തരിച്ചു

മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു. 74 വയസ്സായിരുന്നു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. അര്‍ബുധ ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. സമസ്ഥ വൈസ് പ്രസിഡൻറ്,സമസ്ത വൈസ് പ്രസിഡന്റും മുസ്ലിംലീഗ് മുഖപത്രം ചന്ദ്രികയുടെ മാനേജിങ് ഡയറക്ടറും കൂടിയാണ് തങ്ങൾ.

1947 ജൂൺ 15-നായിരുന്നു ജനനം. 2009 ഓഗസ്റ്റിൽ സഹോദരൻ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തെ തുടർന്നാണ് മുസ്ലിംലീഗ് അധ്യക്ഷപദം ഹൈദരലി തങ്ങൾ ഏറ്റെടുത്തത്. 13 വർഷത്തോളമായി ഈ പദവിയിൽ തുടർന്നുവരികയായിരുന്നു. 25 വർഷത്തോളം മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സ്ഥാനത്തുണ്ടായിരുന്നു.

പട്ടിക്കാട് ജാമിഅഃ നൂരിയ്യയിലായിരുന്ന സംഘടനാ പ്രവർത്തനങ്ങളുടെ തുടക്കം. അവിടുത്തെ വിദ്യാർഥി സംഘടനയായ നൂറുൽ ഉലമയുടെ പ്രസിഡന്റായി. 1973-ൽ സമസ്തയുടെ വിദ്യാർഥി സംഘടനയായ എസ്.എസ്.എഫ് രൂപീകരിച്ചപ്പോൾ അതിന്റെ സ്ഥാപക പ്രസിഡന്റായി. 1979-വരെ ഈ പദവിയിൽ തുടർന്നു. 1983-ലാണ് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റാകുന്നത്. രണ്ടര പതിറ്റാണ്ടിന് ശേഷം സഹോദരന്റെ ഒഴിവിൽ സംസ്ഥാന അധ്യക്ഷ പദത്തിലേക്കും എത്തി.

നിരവധി മതവിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും അഗതി അനാഥ മന്ദിരങ്ങളുടേയും സംഘടനകളുടേയും അധ്യക്ഷനും മഹല്ലുകളുടെ ഖാസിയും കൂടിയാണ് തങ്ങൾ. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറ അംഗം കൂടിയായിരുന്നു.

പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ മൂന്നാമത്തെ മകനാണ്. കൊയിലാണ്ടി അബ്ദുല്ല ബാഫഖി തങ്ങളുടെ മകൾ ശരീഫ ഫാത്തി സുഹറയാണ് ഭാര്യ. മക്കൾ: നയീം അലി ശിഹാബ് തങ്ങൾ, മുയീൻ അലി ശിഹാബ് തങ്ങൾ,സാജിദ, ശാഹിദ. മരുമക്കൾ: നിയാസ് അലി ജിഫ്രി, സയ്യിദ് ഹബീബ് സഖാഫ്. പരേതരായ മുഹമ്മദലി ശിഹാബ് തങ്ങൾ, ഉമറലി ശിഹാബ് തങ്ങൾ എന്നിവർ സഹോദരങ്ങളാണ്. മറ്റു സഹോദരങ്ങൾ: സാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ, കുഞ്ഞിബീവി.


Post a Comment

0 Comments