banner

സംസ്ഥാനത്ത് പോലീസ് ആറാടുകയാണ്; കുട്ടികളുടെ മുന്നിൽ വെച്ച് രക്ഷിതാക്കളെ മർദ്ദിക്കുന്ന സ്ഥിതിയുണ്ട്; സമ്പന്ന വർഗ്ഗത്തിനായാണ് സിൽവർ ലൈൻ പദ്ധതി; സിൽവർ ലൈൻ ചർച്ചയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് കുണ്ടറ എം.എൽ.എ പി.സി വിഷ്ണുനാഥ്‌

തിരുവനന്തപുരം : സിൽവർ ലൈൻ വിഷയവുമായി ബന്ധപ്പെട്ട് നിയമസഭയിൽ നടന്ന ചർച്ചയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് കുണ്ടറ എം.എൽ.എ പി.സി വിഷ്ണുനാഥ്‌. സംസ്ഥാനത്തെ പോലീസ് നടപടിയെ  രൂക്ഷമായ ഭാഷയിലാണ് എം.എൽ.എ വിമർശിച്ചത്. കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകർക്കുന്ന സിൽവർലൈൻ പദ്ധതിക്കെതിരേ സംസ്ഥാനത്ത് ഉടനീളം പ്രതിഷേധം നടക്കുകയാണ്. എന്നാൽ ആ പ്രതിഷേധത്തെ അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും മൃഗീയവുമാണ് സർക്കാരും പോലീസും നേരിടുന്നതെന്ന് പ്രമേയാവതരണം നടത്തിയ വിഷ്ണുനാഥ് ആരോപിച്ചു.

സിൽവർ ലൈൻ പദ്ധതിയുടെ കല്ലുകൾ സ്ഥാപിക്കാൻ എന്തു ഹീനമായ ആക്രമണവും നടത്താൻ മടിയില്ലാത്ത തരത്തിലേക്ക് സർക്കാരും പോലീസും അധഃപതിച്ചെന്ന് അദ്ദേഹം പറഞ്ഞു. നൂറുകണക്കിന് പോലീസുകാരുമായെത്തി സ്വകാര്യഭൂമിയിൽ അതിക്രമിച്ച് കയറുകയാണ്. എതിർക്കുന്നവരെ അതിക്രമിച്ചും വലിച്ചിഴച്ചും തളർന്നുവീഴുന്നവരെ ആശുപത്രിയിലെത്തിക്കാൻ തടസ്സം നിന്നും കേരളത്തിന്റെ പോലീസ് ആറാടുകയാണ്, അഴിഞ്ഞാടുകയാണ്. കെ റെയിൽ പോലെ കെ ഫോൺ പോലെ കേരള പോലീസിന്റെ കെ ഗുണ്ടായിസമാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്നതെന്നും വിഷ്ണുനാഥ് പറഞ്ഞു.

കല്ലിടാൻ വരുന്ന പോലീസ്, കുട്ടികളുടെ മുന്നിൽവെച്ച് അവരുടെ രക്ഷകർത്താക്കളെ മർദിക്കുകയാണ്. ആ കുഞ്ഞുങ്ങളുടെ മുന്നിൽവെച്ച് അച്ഛനെയും അമ്മയെയും വലിച്ചിഴച്ചു കൊണ്ടുപോവുകയാണ്. സാമൂഹിക അതിക്രമം നടത്തിയാണ് കെ റെയിലിന്റെ സാമൂഹികാഘാത പഠനം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു സുപ്രഭാതത്തിൽ വീട്ടിലേക്ക് പോലീസ് കയറിവന്ന് അടുക്കളയിൽ മഞ്ഞക്കല്ല് കുഴിച്ചിടുകയാണ്. ഏതെങ്കിലും മാനദണ്ഡം പാലിച്ചാണോ ഇത് നടക്കുന്നതെന്നും വിഷ്ണുനാഥ് ആരാഞ്ഞു.

സമ്പന്നവർഗത്തിന്റെ താൽപര്യം സംരക്ഷിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ഭരണപരാജയം മറച്ചുവെക്കാനും തെറ്റായ അഭിമാനം ഉയർത്തിക്കാണിക്കുന്നതിനുമുള്ള പൊങ്ങച്ചപദ്ധതിയാണ് സിൽവർ ലൈൻ. മുംബൈ -അഹമ്മദാബാദ് പാതയെ എതിർത്ത് സമരം ചെയ്യുകയും ഇവിടെ സിൽവർ ലൈനെ അനുകൂലിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്നും വിഷ്ണുനാഥ് പരിഹസിച്ചു.

പാരിസ്ഥിതികമായി നാടിനെ തകർക്കുന്ന പദ്ധതിയാണ് കെ റെയിൽ. അടിമുടി ദുരൂഹമാണ് പദ്ധതി. കെ റെയിൽ ആര് ആവശ്യപ്പെട്ട പദ്ധതിയാണെന്നും വിഷ്ണുനാഥ് ചോദിച്ചു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട പോലീസ് അത് ചെയ്യാത്ത വിനാശകരമായ ഈ പദ്ധതിയുടെ മഞ്ഞക്കുറ്റിക്ക് കാവൽനിൽക്കുകയാണ്. ലോകസമാധാനത്തിന് രണ്ടുകോടിയും മലയാളിയുടെ സമാധാനം കളയാൻ 2000 കോടിയും- ബജറ്റിൽ സിൽവർ ലൈൻ പ്രാരംഭപദ്ധതിക്കു വേണ്ടി 2000 കോടി നീക്കിവെച്ചതിനെ പരോക്ഷമായി പരാമർശിച്ച് വിഷ്ണുനാഥ് പറഞ്ഞു.

Post a Comment

0 Comments