banner

അഞ്ചാലുംമൂട്ടിൽ ഭാര്യയുടെ ബന്ധുവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വയോധികനേയും മക്കളെയും പോലീസ് പിടികൂടി

അഞ്ചാലുംമൂട് : ഭാര്യയുടെ ബന്ധുവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ വയോധികനേയും മക്കളെയും അറസ്റ്റ് ചെയ്ത് പോലീസ്. തൃക്കടവൂർ കുരീപ്പുഴ കൊച്ചാലുംമൂട് സ്കൂളിന് സമീപം അലോണ ഭവനിൽ ബെന്നി (44), ശക്തികുളങ്ങര പുത്തൻതുരുത്ത് ആൻറണി ഭവനം വീട്ടിൽ കുരീപ്പുഴ ആയിരവില്ലൻ ക്ഷേത്രത്തിന് പിറകുവശം കാട്ടുവിള പടിഞ്ഞാറ്റതിൽ വാടകക്ക് താമസിക്കുന്ന ജിജോ (39, അനിൽ), ജോസഫ് (70, ഔസേഫ്) എന്നിവരാണ് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്.

പിണങ്ങി താമസിക്കുന്ന ഭാര്യയെ തിരികെ വിളിക്കാൻ പോയപ്പോൾ വിലക്കിയതിന്റെ പകയിലാണ് ആക്രമണത്തെ നടത്തിയത്. ബെന്നിയുടെ ഭാര്യയുടെ ബന്ധുവായ സെബിൻ സെറാഫിൻ ആണ് പരിക്കേറ്റത്. ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ബെന്നിയും ഭാര്യയും തമ്മിൽ പിണങ്ങി താമസിക്കുകയാണ്. ബെന്നി ഭാര്യാവീട്ടിലെത്തി സംസാരിച്ചെങ്കിലും അഭിപ്രായവ്യത്യാസമുണ്ടാവുകയും ഭാര്യയുടെ ബന്ധുവായ സെബിൻ സെറാഫിൻ ബെന്നിയെ വിലക്കുകയും ചെയ്തു. ഇതി‍െൻറ വിരോധത്തിലാണ് സെബിനെ വയോധികനും മക്കളും ചേർന്ന് കുത്തിപ്പരിക്കേൽപിച്ചത്.

ആയിരവില്ലൻ ക്ഷേത്രത്തിന് സമീപം റോഡിലൂടെ സ്കൂട്ടറിൽ പോയപ്പോൾ സ്‌കൂട്ടർ തടഞ്ഞുനിർത്തി സെബിനെ ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ സെബിൻ പാലത്തറയിലുള്ള സഹകരണ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

തുടർന്ന് ബന്ധുക്കൾ അഞ്ചാലുംമൂട് പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ചാലുംമൂട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും പ്രതികളെ കുരീപ്പുഴനിന്ന് പിടികൂടുകയുമായിരുന്നു. അഞ്ചാലുംമൂട് സി.ഐ സി. ദേവരാജ‍െൻറ നേതൃത്വത്തിൽ എസ്.ഐമാരായ അനീഷ്. വി, പ്രദീപ്കുമാർ, എ.എസ്.ഐ രാജേഷ്, സി.പി.ഒ മണികണ്ഠൻ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.

Post a Comment

0 Comments