banner

ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറില്‍ സോപ്പുപൊടി കലക്കിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു; അറസ്റ്റിലായത് സമീപത്തെ മറ്റൊരു ഹോട്ടലിൻ്റെ ഉടമ

വയനാട് : വെണ്ണിയോട് ടൗണിലെ ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറിൽ സോപ്പുപൊടി കലർത്തിയ സംഭവത്തിൽ പ്രതി പിടിയിൽ.
സമീപത്ത് മറ്റൊരു ഹോട്ടല്‍ നടത്തുന്ന വെണ്ണിയോട് കരിഞ്ഞകുന്ന് വാണപ്രവന്‍ മമ്മൂട്ടി (58) ആണ് അറസ്റ്റിലായത്. 

ബുധനാഴ്ച രാവിലെ വെള്ളം പമ്പ് ചെയ്തപ്പോഴാണ് വെള്ളം പതയുകയും സോപ്പ് പൊടിയുടെ മണം അനുഭവപ്പെടുകയും ചെയ്തത്. 

തുടര്‍ന്ന് ജനകീയ ഹോട്ടല്‍ നടത്തുന്ന കുടുംബശ്രീ അംഗങ്ങള്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

തുടർന്ന് കുടുംബശ്രീ അംഗങ്ങൾ പരാതിപ്പെട്ടതിനെത്തുടർന്ന് കമ്പളക്കാട് പോലീസും കോട്ടത്തറ ഗ്രാമപ്പഞ്ചായത്ത് അധികൃതരും ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തി പരിശോധിച്ചു. സോപ്പുപൊടിയാണ് കിണറ്റിലെ വെള്ളത്തിൽ കലർന്നതെന്നായിരുന്നു ആരോഗ്യവകുപ്പ് അധികൃതരുടെനിഗമനം. കേസെടുത്ത് അന്വേഷണം തുടങ്ങിയ പോലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് മമ്മൂട്ടി കുറ്റം സമ്മതിച്ചത്.

വര്‍ഷങ്ങളായി വെണ്ണിയോട് ടൗണില്‍ ഹോട്ടല്‍ നടത്തുന്ന മമ്മൂട്ടിക്ക് ജനകീയ ഹോട്ടല്‍ പ്രവര്‍ത്തനം തുടങ്ങിയതോടെ കച്ചവടം കുറഞ്ഞിരുന്നു. കൂടാതെ, മമ്മൂട്ടി സ്ഥിരമായി വെള്ളമെടുത്തിരുന്ന കിണറില്‍ നിന്ന് വെള്ളമെടുക്കരുതെന്ന് പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഈ നിര്‍ദേശത്തിന് പിന്നില്‍ ജനകീയ ഹോട്ടല്‍ നടത്തിപ്പുകാരാണെന്ന സംശയത്തെ തുടര്‍ന്നാണ് കിണറില്‍ സോപ്പ് കലക്കി ഒഴിച്ചതെന്നാണ് അന്വേഷണത്തില്‍ മനസ്സിലായതെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

വെള്ളത്തിന്റെ സാമ്പിള്‍ പരിശോധനക്കയച്ച ശേഷം കീടനാശിനിയോ മറ്റോ കലര്‍ത്തിയതായി തെളിഞ്ഞാല്‍ പ്രതിക്കെതിരെ വധശ്രമത്തിനടക്കം കേസെടുക്കുമെന്നും പൊലീസ് . കേരള പൊലീസ് ആക്ട് 118 ഇ, 120 ഇ, ഐപിസി 269,277 എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. സമീപത്തെ സ്‌കൂള്‍ വിദ്യാര്‍ഥികളും പഞ്ചായത്ത് ജീവനക്കാരും സ്ഥിരമായി ഭക്ഷണം കഴിക്കുന്ന ഇടമാണ് ജനകീയ ഹോട്ടല്‍.

Post a Comment

0 Comments