banner

സ്വകാര്യ ബസ് സമരം പിന്‍വലിച്ചു; തീരുമാനം ബസുടമകള്‍ മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെ

നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ ബസുടമകള്‍ നടത്തി വന്നിരുന്ന അനിശ്ചിതകാല സമരം അവസാനിപ്പിച്ചു. സമരം ആരംഭിച്ച് നാലാം ദിവസത്തിലേക്ക് എത്തിയതിന് പിന്നാലെ ബസുടമകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെയാണ് സമരം അവസാനിപ്പിക്കുന്നതായി സ്വകാര്യ ബസ് ഉടമകള്‍ അറിയിച്ചത്. 

തിരുവനന്തപുരത്ത് വച്ചു നടന്ന കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രിയോടൊപ്പം ഗതാഗതമന്ത്രി ആന്റണിരാജുവും പങ്കെടുത്തു. യാത്രാനിരക്കില്‍ വര്‍ധനവ് വരുത്തണമെന്ന ബസുടമകളുടെ ആവശ്യം നടപ്പാക്കുമെന്ന് കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി വാഗ്ദാനം ചെയ്തുവെന്ന് ബസ് ഉടമകള്‍ അറിയിച്ചു. ബസുടമകളുടെ ആവശ്യപ്രകാരമായിരുന്നു കൂടിക്കാഴ്ച. 

ഈ മാസം 30-ന് ചേരുന്ന ഇടതുമുന്നണിയോഗത്തില്‍ നിരക്ക് വര്‍ധന എന്ന ആവശ്യം ചര്‍ച്ച ചെയ്യുമെന്നും എല്‍ഡിഎഫില്‍ തീരുമാനമുണ്ടായാല്‍ പിന്നെ വൈകാതെ തന്നെ ഇക്കാര്യത്തില്‍ ഉത്തരവിറങ്ങുമെന്നും നേരത്തെ ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചിരുന്നു. എന്നാല്‍ നിരക്ക് വര്‍ധന എത്രയെന്നതിലും എപ്പോള്‍ നടപ്പാക്കുമെന്നതിലും വ്യക്തത വേണം എന്നാണ് ബസുടമകള്‍ നിലപാടെടുത്തിരുന്നത്. 

മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ബസുടമകള്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്ന ശേഷമാണ് സമരം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. നാളെയും മറ്റന്നാളും 48 മണിക്കൂര്‍ ദേശീയ പണിമുടക്കായതിനാല്‍ ബസ് സമരം പിന്‍വലിച്ചാലും ബസുകള്‍ ഓടില്ല. 

Post a Comment

0 Comments