banner

സമരാനുകൂലികൾ ഓട്ടോ തല്ലി തകർത്തു; കുട്ടികളുണ്ടായിരുന്ന വാഹനമാണ് തല്ലിതകർത്തത്

കോഴിക്കോട് : അശോകപുരത്ത് പണിമുടക്ക് അനുകൂലികള്‍ ഓട്ടോറിക്ഷയുടെ ചില്ല് തകര്‍ത്ത് കുടുംബത്തെ ഇറക്കിവിട്ടു. ഓട്ടോറിക്ഷ തൊഴിലാളിയായ ഗോവിന്ദപുരം സ്വദേശി ലിബിജിത്തിനെയും കുടുംബത്തെയും ഒരു സംഘം ആളുകള്‍ ആക്രമിച്ചത്. കുട്ടികളെ അടക്കം ഭീഷണിപ്പെടുത്തിയെന്നും ലിബിജിത് പറഞ്ഞു. 

കസബ പൊലീസ് കേസെടുത്തു.
ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുന്നതിനിടെ മാവൂര്‍ റോഡ് ശ്മശാനത്തിന് സമീപമെത്തിയപ്പോഴാണ് ആക്രമണം.

ഇവിടെ ഓട്ടോറിക്ഷകളുടെ ടയറിലെ കാറ്റ് അഴിച്ചു വിടാന്‍ ശ്രമിച്ച സമരക്കാരെ പൊലീസ് ഇടപെട്ട് നീക്കി.
കൂടാതെ കോഴിക്കോട് കെ എസ് ആര്‍ ടി സി സ്റ്റാന്‍ഡ് പരിസരത്തും മാവൂര്‍ റോഡ് ജംഗ്ഷനിലും സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. 

സര്‍വീസ് നടത്തിയ ഓട്ടോകളില്‍ നിന്ന് യാത്രക്കാരെ ഇറക്കി വിടുകയും ചെയ്തു.

അതേസമയം, പണിമുടക്ക് ദിനത്തിൽ സമാരാനുകൂലികൾ പലയിടത്തും അക്രമം അഴിച്ചു വിട്ടതായി പരാതിയുയരുന്നു. നിരത്തിലിറങ്ങിയ വാഹനങ്ങൾ പലയിടത്തും സമരാനുകൂലികൾ തടഞ്ഞു. വാഹനങ്ങൾ നിരത്തിലിറക്കിയതും ജോലിക്കെത്തിയതുമാണ് അക്രമത്തിനു കാരണമായത്.

ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ ഇന്ന് ആകെ ഹാജരായത് ചീഫ് സെക്രട്ടറിയടക്കം 32 പേർ മാത്രമാണ്. സെക്രട്ടറിയേറ്റിൽ 4,828 ഉദ്യോഗസ്ഥരാണ് ആകെയുള്ളത്. സംസ്ഥാനത്തെ ഒട്ടുമിക്ക സർക്കാർ ഓഫീസുകളിലേയും പ്രവർത്തനവും സമാന നിലയിലായിരുന്നു. ഇതിനിടെ സർക്കാർ ഉദ്യോഗസ്ഥർ പണിമുടക്കിൽ പങ്കെടുക്കുന്നത് നിയമവിരുദ്ധമാണെന്നും അത് വിലക്കി കൊണ്ട് ഉത്തരവിടണമെന്നും സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു. പിന്നാലെ ഇത് സംബന്ധിച്ച് സർക്കാരിന് വേണ്ടി ഉത്തരവിറക്കി.

Post a Comment

0 Comments