banner

സ്തംഭിച്ച് പൊതുഗതാഗതം: സംസ്ഥാനത്ത് പണിമുടക്ക് പൂർണ്ണം; കെ.എസ്.ആർ.ടി.സിക്ക് പോലീസ് കാവൽ

തിരുവനന്തപുരം : സംയുക്ത തൊഴിലാളി യൂണിയൻ പ്രഖ്യാപിച്ച ചെയ്ത 48 മണിക്കൂർ നീളുന്ന രാജ്യവ്യാപക പണിമുടക്കിൽ സ്തംഭിച്ച് സംസ്ഥാനത്തെ പൊതുഗതാഗതം. കെ.എസ്.ആർ.ടി.സി ജീവനക്കാർ അടക്കം പങ്കെടുക്കുന്ന പണിമുടക്ക് ഹർത്താലിന് സമാനമായ പശ്ചാത്തലമാണ് സൃഷ്ടിക്കുന്നത്. പോലീസ് സംരക്ഷണത്തിൽ ചിലയിടങ്ങളിലേക്ക് കെ.എസ്.ആർ.ടി.സിക്ക് പോലീസ് സുരക്ഷ ഏർപ്പെടുത്തി സർവീസ് നടത്തുന്നുണ്ടെങ്കിലും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. ഇത് മൂലം സർവ്വീസ് ഉടൻ നിർത്തിവെയ്ക്കേണ്ടി വരുമെന്നാണ് സൂചന. 

ചില സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിക്കുന്നവരെ സമരക്കാർ തടയുന്നുണ്ട്. സർക്കാർ ഓഫീസുകൾ മിക്കതും പ്രവർത്തിക്കുന്നില്ല. തൊഴിലാളികളേയും കർഷകരേയും സാധാരണക്കാരേയും ബാധിക്കുന്ന കേന്ദ്ര സർക്കാരിന്റെ നയങ്ങളിൽ പ്രതിഷേധിച്ചാണ് രണ്ടു ദിവസത്തെ പണിമുടക്ക്.

തിരുവനന്തപുരത്ത് സർക്കാർ ഓഫീസുകൾ പൂർണമായും അടഞ്ഞു കിടക്കുകയാണ്. തമ്പാനൂർ റെയിൽവേ സ്റ്റേഷനുമുന്നിൽ കുടുങ്ങിയ യാത്രക്കാർക്ക് ആശുപത്രികൾ അടക്കമുള്ള സ്ഥലങ്ങളിലെത്താൻ പോലീസ് വാഹനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സന്നദ്ധ പ്രവർത്തകർ അടക്കം വാഹനങ്ങളുമായെത്തി ആർ.സി.സിയിലേക്കും മറ്റും പോകേണ്ടവരെ സഹായിക്കുന്നുണ്ട്. തിരുവനന്തപുരത്ത് ആർ.സി.സിയിലേക്ക് മാത്രമാണ് കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നത്. ചുരുക്കം ചില ടാക്സികൾ മാത്രമാണ് തലസ്ഥാന നഗരത്തിൽ സർവീസ് നടത്തുന്നത്.

കൊച്ചി ബിപിസിഎല്ലിൽ ജോലിക്കെത്തിയവരെ സമരാനുകൂലികൾ തടഞ്ഞു. കൊച്ചിയിൽ റിഫൈനറി ഭാഗത്ത് പ്രതിഷേധം ശക്തമാണ്. തൊഴിലാളി യൂണിയനുകൾ സ്വകാര്യ വാഹനങ്ങളടക്കം തടഞ്ഞു പ്രതിഷേധിക്കുകയാണ്. പോലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. ബിപിസിഎല്ലിൽ ഹൈക്കോടതി പണിമുടക്ക് നിരോധിച്ചിരുന്നു. ഇതേത്തുടർന്നാണ് ജോലിക്കാർ എത്തിയത്.

കഞ്ചിക്കോട്ട് കിൻഫ്രാ പാർക്കിൽ ജോലിക്കെത്തിയയവരെ പ്രതിഷേധക്കാർ തിരിച്ചയച്ചു. പണിമുടക്ക് എന്തിനാണ് എന്നത് വിശദീകരിച്ച് തൊഴിലാളികളെ തിരിച്ചയക്കുക മാത്രമാണ് ചെയ്തതെന്നും ആരേയും നിർബന്ധിച്ചോ ബലപ്രയോഗത്തിലൂടെയോ തിരിച്ചയച്ചിട്ടില്ലെന്നും സമരക്കാർ അവകാശപ്പെട്ടു.

ആശുപത്രികളിലേക്കും മറ്റും പോകുന്ന സ്വകാര്യ വാഹനങ്ങൾ ഒഴിച്ചാൽ കണ്ണൂരിൽ മറ്റു വാഹനങ്ങളൊന്നും ഓടുന്നില്ല. കേന്ദ്ര സർക്കാരിനെതിരെയുള്ള സമരം ആയതുകൊണ്ട് തന്നെ കണ്ണൂരിൽ ശക്തമായ മുൻ കരുതലാണ് സ്വീകരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുമ്പിൽ പോലീസിന്റെ പിക്കറ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. ജീപ്പിലും ബൈക്കിലുമായി പെട്രോളിങും പോലീസും നടത്തുന്നുണ്ട്. തൊഴിലാളി യൂണിയനുകൾ പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് സമര കേന്ദ്രങ്ങൾ ഒരുക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സമരത്തെ അനുകൂലിക്കുന്ന ട്രേഡ് യൂണിയനുകൾ ഒരുമിച്ച് ചേർന്ന് രണ്ട് ദിവസവും കലാപരിപാടികളും മറ്റുമായി മുഴുവൻ സമയവും കേന്ദ്രങ്ങളിൽ ഉണ്ടകുമെന്നാണ് സംഘടനകൾ അറിയിച്ചിരിക്കുന്നത്.

തൃശ്ശൂരിൽ ഓട്ടോ തൊഴിലാളികൾ സർവീസുകൾ നടത്തുന്നുണ്ട്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിൽ നിന്നുമുള്ള ഓട്ടോകളാണ് സർവീസ് നടത്തുന്നത്. തൃശ്ശൂർ ഡിപ്പോയിൽ നിന്നുള്ള കെ.എസ്.ആർ.ടിസി സർവീസുകൾ നടത്തുന്നില്ലെങ്കിലും ദീർഘ ദൂര ബസുകൾ ഡിപ്പോയിൽ എത്തുന്നുണ്ട്. നഗരത്തിലുള്ള കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയാണ്.

48 മണിക്കൂർ ദേശീയ പണിമുടക്ക് ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് ആരംഭിച്ചത്. സ്വകാര്യ വാഹനങ്ങളെ തടയില്ല എന്ന് നേരത്തെ തന്നെ സംഘടനകൾ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ വാഹനങ്ങൾ രാവിലെ ചിലയിടങ്ങളിൽ ഓടുന്നുണ്ട്. ദൂര യാത്രക്കാരേയും ബാങ്ക് പ്രവർത്തനങ്ങളേയും പണിമുടക്ക് സാരമായിത്തന്നെബാധിച്ചേക്കും. ബി.എം.എസ് ഒഴികെയുള്ള ഇരുപത് തൊഴിലാളി സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കുന്നുണ്ട്. അവശ്യ സേവനങ്ങൾ മുടങ്ങാതിരിക്കാനുള്ള സംവിധാനങ്ങളും ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

Post a Comment

0 Comments