banner

കലാഭവൻ മണിക്ക് ലഭിക്കാതെ പോയ ആ അവാർഡ് ആർഎൽവി രാമകൃഷ്ണൻ വീട്ടിലേക്ക് കൊണ്ടു വരുന്നു; അന്ന് വേദി നൽകാത്ത അക്കാദമി ഇന്ന് അവാർഡ് നൽകുന്നു

കലാഭവൻ മണിക്ക് ലഭിക്കാതെ പോയ ആ അവാർഡ് ആർഎൽവി രാമകൃഷ്ണൻ വീട്ടിലേക്ക് കൊണ്ടു വരുന്നു. 2 വർഷം മുൻപ് കലാവതരണത്തിന് അക്കാദമി വേദി നൽകാത്തതിന്റെ പേരിൽ വിവാദത്തിൽ ഉൾപ്പെട്ട രാമകൃഷ്ണനാണ് ഇപ്പോൾ അതേ അക്കാദമിയുടെ അവാർഡ് ജേതാവായി കേരള സംഗീത നാടക അക്കാദമിയിലേക്ക് എത്തുന്നത്. 

അന്ന് പ്രതിഷേധനൃത്തം ചവിട്ടിയത് അക്കാദമിയുടെ ഗേറ്റിനു മുന്നിലായിരുന്നെങ്കിൽ ഇനി അതേ ഗേറ്റ് തള്ളിത്തുറന്ന് പുരസ്കാരം ഏറ്റുവാങ്ങാൻ രാമകൃഷ്ണനെത്തും. കേരള സംഗീത നാടക അക്കാദമിയുടെ പുരസ്കാരം (അവാർഡ് വിഭാഗം) രാമകൃഷ്ണനു നൽകുമ്പോൾ മറ്റൊരു ചരിത്രംകൂടിയണ് പിറക്കുന്നത്. അക്കാദമിയുടെ ചരിത്രത്തിലാദ്യമായി മോഹിനിയാട്ടത്തിലെ അവാർഡ് ഒരു പുരുഷകലാകാരന് ലഭിക്കുന്നു.

30,000 രൂപ പുരസ്കാരത്തുകയുമായി അക്കാദമി അവാർഡ് സമ്മാനിക്കുന്ന 17 പേരിൽ ഒരാളാണ് കലാഭവൻ മണിയുടെ സഹോദരനും സിനിമാ നടനുമായ രാമകൃഷ്ണൻ. ഒപ്പം വേദന കലർന്ന മറ്റൊരു സന്തോഷംകൂടി ഈ കുടുംബത്തിലേക്കെത്തുകയാണ്. ഏറെ മോഹിച്ച, മണിക്കു കിട്ടാതിരുന്ന സംസ്ഥാന സർക്കാരിന്റ അവാർഡ് അനുജനിലൂടെ ചാലക്കുടിയിലെ മണിയുടെ തറവാട്ടിലേക്കു പടികയറിവരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയ്ക്ക് മണിക്ക് ലഭിച്ചത് കേന്ദ്ര, സംസ്ഥാന സിനിമാ അവാർഡിലെ ജൂറി പരാമർശം മാത്രമായിരുന്നു.

കോവിഡ് കാലത്ത് കലാകാരന്മാരെ സഹായിക്കാൻ അക്കാദമി ഓൺലൈനായി സംഘടിപ്പിച്ച സർഗഭൂമിക എന്ന പരിപാടിയിൽ മോഹിനിയാട്ടം അവതരിപ്പിക്കാൻ രാമകൃഷ്ണന് അവസരം നൽകാതിരുന്ന സംഭവമാണ് വിവാദമായത്. 2020 സെപ്റ്റംബറിലായിരുന്നു സംഭവം. അവസരം നിഷേധിച്ചത് അക്കാദമിയുടെ അന്നത്തെ സെക്രട്ടറിയുടെ ഗൂഢാലോചനയായിരുന്നെന്നാണ് രാകൃഷ്ണന്റെ ആരോപണം. 

ഇതടക്കമുള്ള അക്കാദമിയിലെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് നാടക് എന്ന സംഘടനയുടെ പേരിൽ ദിവസങ്ങളോളം അക്കാദമിക്കു മുന്നിൽ സമരം നടന്നു. അതിൽ മോഹിനിയാട്ടം അവതരിപ്പിച്ചാണ് രാമകൃഷ്ണൻ പങ്കുചേർന്നത്. ദലിതനായതിനാൽ അവസരം നിഷേധിച്ചു എന്ന ആരോപണം ഉന്നയിച്ച് സാമൂഹിക, രാഷ്ട്രീയ സംഘടനകളും രംഗത്തുവന്നിരുന്നു. അവഗണനയെത്തുടർന്നുള്ള മാനസികവിഷമത്തിൽ രാമകൃഷ്ണൻ ജീവനൊടുക്കാനും ശ്രമിച്ചിരുന്നു. 

പിഎച്ച്ഡി അടക്കമുള്ള അക്കാദമിക് യോഗ്യതകളെല്ലാം ഉണ്ടായിട്ടും തന്നെ തഴയുന്നതിനെതിരെ രാമകൃഷ്ണൻ പലതവണ ബന്ധപ്പെട്ടവരോട് പരാതി പറഞ്ഞിരുന്നു. എന്നാൽ അക്കാദമിയുമായി ബന്ധപ്പെട്ട് അത്തരമൊരു വിഷയമേ ഉണ്ടായിരുന്നില്ലെന്ന നിലപാടിലായിരുന്നു അധികൃതർ. 

അക്കാദമിയുടെ തലപ്പത്തുള്ളവർ തന്നെ പരസ്യമായി നുണയനെന്നു ചിത്രീകരിച്ചതിൽ മനംനൊന്താണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്നു രാമകൃഷ്ണൻ പിന്നീട് പറഞ്ഞിരുന്നു. നീതിനിഷേധമെന്ന വിഷയത്തിൽ മനുഷ്യാവകാശ കമ്മിഷൻ പിന്നീട് കേസെടുത്തു. രാമകൃഷ്ണനുമായുള്ള ആശയവിനിമയത്തിൽ അക്കാദമിക്കു തെറ്റുപറ്റിയെന്നും ഇതാണ് പ്രശ്നങ്ങൾക്കിടവരുത്തിയതെന്നും സർക്കാർ ബോധിപ്പിച്ചതിന്റെ അടിസഥാനത്തിൽ പിന്നീട് കേസ് തീർപ്പാക്കി.

Post a Comment

0 Comments