banner

പാതയോരത്തെ കൊടിതോരണങ്ങള്‍: അനുമതി വേണമെന്ന് പറയുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കാര്യം കോടതിയില്‍ ആവശ്യപ്പെടട്ടെ; സര്‍വകക്ഷിയോഗം വിളിച്ചതിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി

പാതയോരത്തെ കൊടിതോരണങ്ങള്‍ നീക്കം ചെയ്യുന്ന വിഷയത്തില്‍ സര്‍വകക്ഷിയോഗം വിളിച്ചതിന് എതിരെ ഹൈക്കോടതി. ഉത്തരവ് മറികടക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളെ സര്‍വകക്ഷിയോഗം വിളിച്ചതിനെതിരെയായിരുന്നു ഹൈക്കോടതിയുടെ വിമര്‍ശനങ്ങള്‍.

കൊടിതോരണങ്ങള്‍ സ്ഥാപിക്കാന്‍ അനുമതി വേണമെന്ന് പറയുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ ഇക്കാര്യം കോടതിയില്‍ ആവശ്യപ്പെടാന്‍ ധൈര്യം കാണിക്കാറില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വിമര്‍ശിച്ചു. കോടതി ഉത്തരവ് മറികടക്കാനാണ് സര്‍വ്വകക്ഷി യോഗം വിളിച്ചതെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവുകളോട് ഇതാണ് സമീപനം എങ്കില്‍ പുതിയ കേരളം എന്ന് പറയരുതെന്നും കുറ്റപ്പെടുത്തി.

കോടതി ഉത്തരവുകള്‍ ലംഘിക്കാനുള്ളതാണെന്ന് ഒരു വിഭാഗം കരുതിയാല്‍ എങ്ങനെ മുന്നോട്ടുപോകുമെന്നും ചോദിച്ചു. കോടതി ഇടപെടലിനെത്തുടര്‍ന്നാണ് കൊച്ചിയില്‍ കഴിഞ്ഞ വര്‍ഷം ഒരു വീട്ടില്‍പ്പോലും വെള്ളം കയറാതിരുന്നതെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.

നേരത്തെ സിപിഎം സമ്മേളനത്തിന് കൊച്ചി നഗരത്തില്‍ അനധികൃതമായി കൊടിമരങ്ങള്‍ നാട്ടിയത് ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചത്.

Post a Comment

0 Comments