banner

മുവായിരത്തിലധികം കുട്ടികളുടെ സുരക്ഷ?: അഞ്ചാലുംമൂടിന്റെ മുഖഛായ തന്നെ മാറ്റിമറിയ്ക്കുന്ന, വർഷങ്ങളായുള്ള അഞ്ചാലുംമൂടിന്റെ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമായി മാറിയേക്കാവുന്ന വികസന പ്രവർത്തനങ്ങൾക്ക് വിലങ്ങുതടിയായി, സകല സർക്കാർ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി റോഡിനോരത്തായി പണിതുയർത്തുന്ന വില്ലേജാഫീസ് കെട്ടിടം ആരുടെ സ്വാർത്ഥ താല്പര്യത്തിനായ്....: FOLLOW UP

അഞ്ചാലുംമൂട് : പ്രതികരിക്കാനും ആശങ്കയകറ്റാനും രാഷ്ട്രീയക്കാരില്ല അഞ്ചാലുംമൂടിൻ്റെ വികസനം വീണ്ടും കടലാസുകളിലേക്ക്. വികസനത്തിന് വിലങ്ങുതടിയായ വില്ലേജാഫീസ് കെട്ടിടം അധികാര താല്പര്യത്തിന് വേണ്ടി പണിതുയർത്തുന്നതായ അഷ്ടമുടി ലൈവിൻ്റെ വാർത്തയ്ക്ക് പിന്നാലെ ദിവസങ്ങളോളം നിർത്തിവെച്ച വില്ലേജാഫീസ് കെട്ടിട നിർമാണം പഴയതിലും ഇരട്ടി വേഗതയിൽ വീണ്ടും തുടങ്ങി. ഈ പ്രശ്നങ്ങൾ ഉന്നയിച്ച് നിരവധി രാഷ്ട്രീയ നേത്യത്വങ്ങളെ സമീപിച്ചെങ്കിലും അവർ പ്രതികരിക്കുന്നില്ലെന്നും പ്രശ്നനത്തിൽ ഇടപെടാൻ താല്പര്യം കാണിക്കുന്നില്ലെന്നും പ്രദേശവാസികൾ ആരോപിക്കുന്നു.

സർക്കാർ വകുപ്പുകളുടെ ധൂർത്തിന് മകുടോദാഹരണമായി, പൊളിയ്ക്കുവാൻ വേണ്ടി മാത്രമായി പൊതുമരാമത്ത്  കെട്ടിടം പണിയുന്നതായി കാണിച്ച്  പ്രദേശവാസികൾ ആരോപണം ഉന്നനയിച്ചിരുന്നു ഈ വാർത്ത ഫെബ്രുവരിയിൽ അഷ്ടമുടി ലൈവ് വാർത്തയാക്കിയിരുന്നു. ഇതിന് പിന്നാലെ ദിവസങ്ങളോളം നിർത്തിവെച്ച നിർമ്മാണം വീണ്ടും ഇവിടെ പുനരാരംഭിച്ചിരിക്കുകയാണ്. പൊതുമരാമത്ത് വകുപ്പിന് കീഴിൽ അഞ്ചാലുംമൂട് സ്കൂളിന് സമീപമാണ് ഇത്തരത്തിൽ പൊതു നിയമങ്ങളെ കാറ്റിൽപ്പറത്തി കെട്ടിടം പണിയുന്നതായി ആരോപണമുള്ളത്.

അഞ്ചാലുംമൂട്ടിൽ പ്രവർത്തിച്ചു വന്ന വില്ലേജ് ഓഫീസ് കെട്ടിടം വിപുലപ്പെടുത്തുന്നതിനായി ഓഫീസ് പ്രവർത്തനം മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിക്കുകയും തുടർന്ന് അഞ്ചാലുംമൂട്ടിലെ കെട്ടിടം പൊളിച്ച ശേഷം ഇതേ സ്ഥലത്ത് വികസനത്തിന് വിലങ്ങുതടിയായി കെട്ടിടം പണിതുയർത്തുകയുമാണ്. റോഡ് വികസനവുമായി ബന്ധപ്പെട്ട് വളരെ വൈകാതെ ഈ കെട്ടിടം പൊളിക്കേണ്ടി വരുമെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മാത്രമല്ല റോഡിൽ നിന്ന് പാലിക്കേണ്ട നിശ്ചിത അകലം ഈ കെട്ടിടത്തിൻ്റെ കാര്യത്തിൽ ഉണ്ടായിട്ടില്ലെന്നുമാണ് ആരോപണം.

കൊല്ലം-തേനി ദേശീയപാതയ്ക്കായി അഞ്ചാലുംമൂട് റോഡിന് ഇരുവശവും നേരത്തെ ആറ് മീറ്ററോളം സ്ഥലം ഏറ്റെടുക്കുമെന്നും ഇപ്പോൾ പണി നടക്കുന്ന കെട്ടിടം ഉൾപ്പെടെയുള്ള സ്ഥലത്തിൻ്റെ കുറച്ച് ഭാഗം റോഡിനായി മാറ്റുമെന്നുമായിരുന്നു നേരത്തെ ലഭിച്ച വിവരം. ഇതിനിടയിൽ അലയ്മെന്റിൽ മാറ്റം വരുത്തുകയും ഇരു വശത്ത് നിന്നും മൊത്തം മൂന്ന് മീറ്ററോളം സ്ഥലം ഏറ്റെടുക്കുമെന്നും വൈകാതെ ഇവയിൽ മാറ്റം വരുത്തി ആറ് മീറ്ററാക്കുമെന്നുമാണ് വിവരം. എന്നാൽ ദേശീയ പാത വിഭാഗത്തിൽ നിന്ന് നൽകേണ്ട അനുവാദം കെട്ടിട നിർമ്മാണത്തിന് നൽകിയിട്ടില്ലെന്നാണ് ഉന്നത ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.

വളരെ ഇടുങ്ങിയ അവസ്ഥയിലായിരുന്നു മുൻപത്തെ കെട്ടിടം ഉണ്ടായിരുന്നത് ആ സമയം പോലും ജനങ്ങൾ വളരെ പാട് പെട്ടാണ് സേവനങ്ങൾക്കായി ഇവിടെ എത്തിയിരുന്നത്. പിന്നാലെ ഇതേ സ്ഥലത്ത് കെട്ടിടം പണിതുയർത്തുമ്പോൾ വലിയ ആശങ്കയാണ് ജനങ്ങൾക്ക് മുന്നിലുള്ളത്. നിലവിൽ കെട്ടിട നിർമ്മാണ ആവശ്യങ്ങൾക്കായി സാധനങ്ങൾ കൊണ്ടുവരുന്നതും തൊഴിലാളികൾ സ്വൈരവിഹാരം നടത്തുന്നത് അഞ്ചാലുംമൂട് ഗവൺമെൻ്റ് സ്കൂൾ കോബൗണ്ടിനുള്ളിലൂടെയാണ്. കാലക്രമേണ റോഡ് വികസനം കൂടി വരുമ്പോൾ വില്ലേജാഫീസിലേക്ക് പൊതുജനങ്ങൾക്കുള്ള വഴിയും ഇതേ സ്കൂൾ ഗ്രൗണ്ട് തന്നെയാകും. ഇത് വലിയ സുരക്ഷാ പ്രശ്നമാണ് സ്കൂളിൽ ഉണ്ടാക്കുകയെന്നും മാതാപിതാക്കളിൽ ആശങ്ക വർദ്ധിപ്പിക്കുമെന്നും ബന്ധപ്പെട്ട വ്യത്തങ്ങൾ ആശങ്ക പ്രകടിപ്പിച്ചു.

ഈക്കാര്യം തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെടുത്തിയതായി അഞ്ചാലുംമൂട് കൗൺസിലർ സ്വർണ്ണമ്മ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ മറുപടി ലഭിച്ചില്ലെന്നും കോർപ്പറേഷൻ്റെ മേൽനോട്ടത്തിലല്ല നിർമ്മാണമെന്നും അവർ പറഞ്ഞു. അഷ്ടമുടി ലൈവിൻ്റെ പ്രതിനിധിയോട് സംസാരിക്കുകയായിരുന്നു കൗൺസിലർ.

Post a Comment

0 Comments