banner

സ്കൂൾ ഓഫ് ഡ്രാമയിലെ പീഡന പരാതി: സുനിൽ കുമാറിനെ കസ്റ്റഡിയിലെടുത്തു

തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ പീഡന പരാതിയിൽ അധ്യാപകൻ എസ്.സുനിൽ കുമാറിനെ തൃശൂർ വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലർച്ചെ കണ്ണൂരിൽ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയവേയാണ്  സുനിൽകുമാറിനെ കസ്റ്റഡിയിലെടുത്തത്. 

സ്കൂൾ ഓഫ് ഡ്രാമയിലെ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലായിരുന്നു അധ്യാപകനെതിരെ കേസെടുത്തിരുന്നത്. സ്കൂൾ ഓഫ് ഡ്രാമ ഡീൻ എസ് സുനിൽകുമാറിനെതിരെ വെസ്റ്റ് പൊലീസ് ബലാൽസംഗ കുറ്റം ചുമത്തി എഫ്ഐആർ രജിസ്റ്റർ ചെയ്തെങ്കിലും അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ ഉണ്ടാകുന്നില്ലെന്ന് വിദ്യാർഥികൾ ആരോപിച്ചിരുന്നു.

ഇതിനിടെ സുനിൽ നേരത്തെയും വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയിട്ടുണ്ടെന്ന ആരോപണവുമായി നടി ദിവ്യ ഗോപിനാഥ്‌ രംഗത്ത് വന്നു. വാട്സാപ്പിൽ സുനിൽ കുമാർ അയച്ച മെസ്സേജുകൾ പങ്ക് വെച്ച് കൊണ്ടാണ് ആരോപണം ഉന്നയിച്ചത്.

ഇതിനിടെ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ഡബ്ല്യുസിസിയും രംഗത്തെത്തി. വിഷയം ഗൗരവപ്പെട്ടതാണെന്നും കലാ സ്ഥാപനങ്ങളിൽ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റിയുടെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നതാണ് ഈ സംഭവമെന്നും ഡബ്ല്യുസിസി ഫേസ്ബുക്കിൽ കുറിച്ചു.

ഒന്നാം വർഷ നാടക ബിരുദ വിദ്യാർഥിനിയെ സുനിൽ കുമാർ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് പീഡനത്തിനിരയാക്കി എന്നാണ് പരാതി. ഓറിയന്റേഷൻ ക്ലാസ്സിസിനിടെ താൽക്കാലിക അധ്യാപകൻ പരാതിക്കാരിയായ വിദ്യാർഥിനിയോട് മോശമായി പെരുമാറിയിരുന്നു. തുടർന്ന് സ്‌കൂൾ ഓഫ് ഡ്രാമ ഗ്രീവൻസ് സെല്ലിൽ പെൺകുട്ടി പരാതി നൽകി. തുടർന്ന് പെൺകുട്ടിക്ക് ധാർമിക പിന്തുണയുമായി അധ്യാപകനായ സുനിൽകുമാർ എത്തി. പിന്നീട് സൗഹൃദം മുതലെടുത്ത് എസ് സുനിൽകുമാർ പെൺകുട്ടിയെ പീഡത്തിനിരയാക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇതിനിടെ പെൺകുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.

Post a Comment

0 Comments