banner

സിൽവർ ലൈൻ പദ്ധതി: മന്ത്രി സജി ചെറിയാനുവേണ്ടി അലൈന്‍മെന്റില്‍ മാറ്റംവരുത്തിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍; വില കുറഞ്ഞ അഭിപ്രായം പറയരുതെന്ന് മന്ത്രി സജി ചെറിയാൻ

മന്ത്രി സജി ചെറിയാനുവേണ്ടി ചെങ്ങന്നൂരിലെ സില്‍വര്‍ലൈന്‍ അലൈന്‍മെന്റില്‍ മാറ്റംവരുത്തിയെന്ന ഗുരുതര ആരോപണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. മന്ത്രിയുടെ വീടിരിക്കുന്ന സ്ഥലത്തെ അലൈന്‍മെന്റാണ് മാറ്റിയത്. സംസ്ഥാനത്തുടനീളം ഇത്തരം മാറ്റങ്ങള്‍ വരുത്തിയതായി പുതിയ മാപ്പ് പരിശോധിച്ചാല്‍ ബോധ്യമാകും.

ഇത് ആര്‍ക്കെല്ലാംവേണ്ടിയാണെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടു.

മുളക്കുഴ ഭാഗത്ത് അലൈന്‍മെന്റില്‍ മാറ്റമുണ്ട്. മന്ത്രിയും കെ-റെയില്‍ എംഡിയും ഇതിനു മറുപടി പറയണം. സര്‍ക്കാര്‍ നല്‍കുന്ന റൂട്ട് മാപ്പില്‍ ഇടതുവശത്തായിരുന്ന പല വീടുകളും, സ്ഥാപനങ്ങളും കെ-റെയിലിന്റെ ഔദ്യോഗിക ഡിജിറ്റല്‍ റൂട്ട് മാപ്പില്‍ വലതു വശത്താണെന്നും ഡിജിറ്റല്‍ റൂട്ട് മാപ്പിങ്ങില്‍ മാറ്റം വരുത്തിയത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

തിരുവഞ്ചൂർ രാധാകൃഷ്ണന്റെ പ്രതികരണത്തിന് മറുപടിയുമായി സജി ചെറിയാൻ. 

അലൈൻമെന്റ് തീരുമാനിക്കുന്നത് താനല്ല എന്നും തിരുവഞ്ചൂർ വില കുറഞ്ഞ അഭിപ്രായം പറയരുതെന്നും സജി ചെറിയാൻ പ്രതികരിച്ചു. 

തിരുവഞ്ചൂരിന് കഴിയുമെങ്കില്‍ സില്‍വര്‍ലൈന്‍ അലൈന്‍മെന്റ് തന്റെ വീടിന്റെ മുകളിലൂടെ കൊണ്ടുപോകാമെന്നും വീട് സില്‍വര്‍ലൈനു വിട്ടുനല്‍കിയാല്‍ ലഭിക്കുന്ന പണം തിരുവഞ്ചൂരിന് നല്‍കാമെന്നും അദ്ദേഹം പറഞ്ഞു. വീട് പാലിയേറ്റീവ് സൊസൈറ്റിക്കായി വിട്ട് നല്‍കാന്‍ നേരത്തെ തന്നെ തീരുമാനിച്ചതാണെന്നും സജി ചെറിയാന്‍ അവകാശപ്പെട്ടു.

സിൽവർ ലൈൻ പദ്ധതിക്കെതിരെ ബിജെപി കോൺഗ്രസ് പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തിലാണ് ഇരുവരുടെയും വാക്പോര്. 

എന്നാൽ ഗുരുതര ആരോപണവുമായി രംഗത്തെത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പിന്തുണ നൽകാൻ കോൺഗ്രസ്സ് നേത്യത്വം തയ്യാറായിട്ടില്ല.

Post a Comment

0 Comments