banner

ശ്രീനന്ദന്‍ കാത്തിരിക്കുയാണ് ആ അജ്ഞാതനെ!; വൈകുന്ന ഒരോ മണിക്കൂറും ശ്രീനന്ദന്‍റെ ജീവന്‍ അപകടത്തിലാവും; രക്തമൂലകോശം മാറ്റിവെയ്ക്കൽ ചികിത്സ അടിയന്തിരമായി നടത്തണം; നിങ്ങൾക്കും ഈ കുരുന്നിനെ സഹായിക്കാനാകും

തിരു. അനന്തപുരം : ശ്രീനന്ദന്‍ കാത്തിരിക്കുയാണ് തൻ്റെ ജീവൻ രക്ഷിക്കാൻ എത്തുന്ന ആ അജ്ഞാതനെ. ആ അജ്ഞാതൻ ഒരു പക്ഷെ ഞാനോ നിങ്ങളോ ആകാം. എന്നാൽ അത് തിരിച്ചറിയാൻ വൈകുന്ന ഒരോ മണിക്കൂറും ശ്രീനന്ദന്‍റെ ജീവന്‍ അപകടത്തിലാക്കും. അപൂർവ കാൻസർ രോഗബാധിതനായ ഏഴ് വയസുകാരൻ രക്തമൂലകോശ ദാതാവിനെ തേടുന്നു. അഞ്ചൽ സ്വദേശി രഞ്ജിത്തിന്റെയും ആശയുടെയും മകൻ ശ്രീനന്ദനാണ് മജ്ജ സംബന്ധമായ കാൻസർ ബാധിച്ച് സഹായം തേടുന്നത്. സജീവ പൊതുപ്രവർത്തകനും മുൻ നഗരസഭാ കൗൺസിലറുമായിരുന്ന ഐ.പി ബിനുവിൻ്റെ ഫേസ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം 

ശ്രീനന്ദന്‍ കാത്തിരിക്കുന്നു അജ്ഞാതനായ അവധൂതനെ !!

യോദ്ധ സിനിമയില്‍ റിപ്പോച്ചെ എന്ന കുരുന്നിനെ ദുര്‍മന്ത്രവാദികളില്‍ നിന്ന് രക്ഷിക്കാന്‍ കാടും ,മലയും കടന്ന് നേപ്പാളിലെത്തിയ തൈപറമ്പില്‍ അശോകന്‍റെ കഥ നമ്മുക്ക് പരിചിതമാണ് . അവിടെ റിപോച്ചയാണെങ്കില്‍ ഇവിടെ ശ്രീനന്ദനന്‍ എന്ന കുരുന്ന് കാത്തിരിക്കുന്നു അവന്‍റെ രക്ഷകനായി !!

കൈരളിയിലെ ജീവനക്കാരൻ ജോയിയുടെ സഹോദരി ആശയുടെ മകനാണ് ഈ ഫോട്ടോയില്‍ കാണുന്ന ഏ‍ഴ് വയസുകാരന്‍ ശ്രീനന്ദനന്‍. ബ്ലഡ് ക്യാന്‍സര്‍ രോഗിയായ ഈ കുരുന്ന് തലസ്ഥാനവാസികളായ സുമനസുകളുടെ സഹായം തേടുകയാണ് . രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ഇവന് രക്താര്‍ബുദം ബാധിച്ചത്. അന്ന് മുതല്‍ എറണാകുളത്തെ അമൃത ആശുപത്രില്‍ ചികില്‍സയിലാണ് .

അന്ന് മുതല്‍ രക്തം മാറ്റിവെച്ചാണ് ഇവര്‍ ജീവന്‍ നിലനിര്‍ത്തുന്നത്. എന്നാല്‍ ഇപ്പോള്‍ ഇവന്‍റെ ശരീരം രക്തം ഉല്‍പാദിപ്പിക്കുന്നില്ല. രക്തം ഉല്‍പാദിക്കുന്ന രക്തമൂലകോശം നശിച്ച് പോയിരിക്കുന്നു. ഇനി ഇവര്‍ ജീവിച്ചിരിക്കണമെങ്കില്‍ രക്തമൂലകോശം മാറ്റിവെയ്ക്കൽ (Blood Stem Cell Transplant ) നടത്തിയെങ്കില്‍ മാത്രമേ ക‍ഴിയു.

ഇവിടെയാണ് സങ്കീര്‍ണത !!

രക്തമൂലകോശദാനത്തിനു ജനിതക സാമ്യം ( Genetic Match ) ആവശ്യമാണ്.
പുറമേനിന്നു കണ്ടെത്താനുള്ള സാധ്യത പതിനായിരത്തിൽ ഒന്ന് മുതൽ ഇരുപത് ലക്ഷത്തിൽ ഒന്ന് വരെയാണ്. അതായത് യോജിച്ച രക്തമൂലകോശം കുടുംബക്കാരിൽനിന്ന് കിട്ടിയില്ലെങ്കിൽ ചിലപ്പോൾ ലോകം മുഴുവൻ അന്വേഷിക്കേണ്ടി വരും. വംശീയത, പാരമ്പര്യം, സംസ്കാരം എന്നിവയ്ക്ക് ഇവിടെ പ്രാധാന്യമുണ്ട്. ശ്രീനന്ദന്‍റെ രക്തമൂലകോശത്തോട് സാമ്യതയുളള ഒരാള്‍ ചിലപ്പോള്‍ ഇന്ത്യയില്‍ എവിടെയെങ്കിലും ഉണ്ടായെന്ന് വരാം. ചിലപ്പോള്‍ ആ ദാതാവ് ലോകത്തിന്‍റെ ഏതോ കോണിലുണ്ടായിരിക്കാം

 ലോകത്ത് നിലവിലുളള രക്തമൂലദാതാക്കളുടെ donor registries ൽ ആയി ദശലക്ഷക്കണക്കിന് ആളുകളുടെ ജനിതക സാമ്യവും ശ്രീനന്ദനന്‍റെ ജനിതക സാമ്യവും ആയി ഒത്തുനോക്കിയെങ്കിലും നിരാശയാണ് ഫലം .നിലിവില്‍ കേരളത്തിലുളള ആറ് ലക്ഷം പേരുടെ പരിശോധന നടത്തി ക‍ഴിഞ്ഞു. എന്നാല്‍ ഈ കുരുന്നിന്‍റെ രക്തമൂല കോശത്തോട് സാമ്യതയുളള ഒരാളെ ഇതുവരെ കണ്ടെത്താന്‍ ക‍ഴിഞ്ഞില്ല. വൈകുന്ന ഒരോ മണിക്കൂറും ശ്രീനന്ദന്‍റെ ജീവന്‍ അപകടത്തിലാവും . അത് കൊണ്ട് ഈ പോസ്റ്റ് വായിക്കുന്നവരോട് ഒരപേക്ഷ. വരുന്ന മാര്‍ച്ച് 25 ന് (25/3/2022) ന് തിരുവനന്തപുരത്ത് എകെജി സെന്‍ററിനോട് ചേര്‍ന്നിരിക്കുന്ന ഹസന്‍ മരയ്ക്കാര്‍ ഹാളില്‍ വെച്ച് രക്തമൂലകോശ ദാതാവിനെ കണ്ടെത്താന്‍ ഒരു ക്യാമ്പ് നടത്തുന്നു.

സുമനസുകള്‍ ചെയ്യേണ്ടത് ഇത്രമാത്രം

രാവിലെ 9.30 മുതല്‍ 5.30 ന് ഇടയില്‍ തലസ്ഥാനത്ത് ഉളള 15 നും -50 വയസിനും ഇടയിലുളള ഏതൊരാള്‍ക്കും ഈ ക്യാമ്പിലെത്തി ശ്രീനന്ദനുമായുളള ജനിതക സാമ്യം പരിശോധിക്കാം. നിങ്ങള‍ുടെ ഉമീനീര്‍ മാത്രമേ എടുക്കു. നിങ്ങളുടെ രക്തമൂലം കോശം ശ്രീനന്ദനുമായി യോജിക്കുന്നതാണെങ്കില്‍ കേവലം ഒരു കുപ്പി രക്തം മാത്രം നല്‍കിയാല്‍ മതി. ഈ കുരുന്നിന്‍റെ ചിരി എന്നും മായാതെ അവന്‍ നമ്മുക്ക് ഇടയില്‍ ഉണ്ടാവും .

ദയവ് ചെയ്ത് ഈ പോസ്റ്റ് വായിക്കുന്നവര്‍ മാര്‍ച്ച് 25 ന് (25/3/2022) എകെജി സെന്‍ററിന് ചേര്‍ന്നിരിക്കുന്ന ഹസന്‍മരയ്ക്കാര്‍ ഹാളിലെത്തി പരിശോധനക്ക് തയ്യാറാവുക. നിങ്ങളുടെ കാരുണ്യം ചിലപ്പോള്‍ ഇവന്‍റെ ജീവന്‍ രക്ഷിച്ചേക്കാം . ഇതിന്‍റെ അന്വേഷണങ്ങള്‍ക്കായി ശ്രീനന്ദന്‍റെ അച്ഛനായ രജ്ഞിത്ത് ബാബുവിന്‍റെ നമ്പരായ -7025006965 അല്ലെങ്കില്‍ കുട്ടിയുടെ അമ്മാവനായ
 ജോയി - 94470 18061 എന്ന നമ്പരിലോ വിളിക്കാം

ദയവുചെയ്ത് ഈ ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്ത് സഹായിക്കണം.

ഐ.പി ബിനു .

Post a Comment

0 Comments