banner

21 വയസ്സുണ്ടെന്നാണ് യുവാവിനോട് പെണ്‍കുട്ടി പറഞ്ഞിരുന്നത്; തിങ്കളാഴ്ച ഇരുവരും കൊട്ടാരക്കര ബസ് സ്റ്റാന്‍ഡില്‍ കണ്ടുമുട്ടി; യുവാവ് മടങ്ങിപ്പോകാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടി മടങ്ങാന്‍ കൂട്ടാക്കിയില്ല; കൊല്ലത്ത് 23കാരൻ അറസ്റ്റിൽ

കൊല്ലം : സോഷ്യൽ മീഡിയയിലൂടെ ബന്ധം സ്ഥാപിച്ച പതിനഞ്ചുകാരിയുമായി ഒളിച്ചോടിയ കേസിൽ കോട്ടയം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു. വൈക്കം കാരിക്കോട് വടക്കേപ്പറമ്പിൽ വീട്ടിൽ അഭിജിത് മണി(23)യെയാണ് കൊല്ലം പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

ഒരുവർഷംമുമ്പാണ് പൂയപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വിദ്യാർഥിനിയുമായി അഭിജിത്ത് പരിചയത്തിലാകുന്നത്. തനിക്ക് 21 വയസ്സുണ്ടെന്നാണ് പെൺകുട്ടി യുവാവിനോട് പറഞ്ഞിരുന്നത്.  ഇരുവരും കൊട്ടാരക്കര കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിൽ തിങ്കളാഴ്ച കണ്ടുമുട്ടി. പിന്നാലെ യുവാവ് തിരികെ വീട്ടിലേക്ക് മടങ്ങാൻ ശ്രമിച്ചെങ്കിലും പെൺകുട്ടിയുടെ നിർബന്ധത്തിൽ ഇരുവരും  കോട്ടയത്തേക്ക് പോകുകയായിരുന്നു. 

പൂയപ്പള്ളി പോലീസിൽ ബന്ധുക്കൾ സമർപ്പിച്ച പരാതിയുടെ പശ്ചാത്തലത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇരുവരും കോട്ടയത്തുള്ളതായി മനസ്സിലാക്കുകയും പോലീസ് യുവാവിന്റെ വീട്ടുകാരുമായി ഫോണിൽ ബന്ധപ്പെടുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയാണെന്നറിഞ്ഞ യുവാവിന്റെ വീട്ടുകാർ ഇരുവരെയും വൈക്കം പോലീസ് സ്റ്റേഷനിൽ എത്തിച്ചു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയതിന് കേസെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Post a Comment

0 Comments