banner

വ്യാജരേഖ ചമച്ച് സർക്കാർ പണം തട്ടാൻ ശ്രമിച്ചു; രണ്ട് അധ്യാപകർക്ക് സസ്‌പെൻഷൻ

തിരുവനന്തപുരം :  വ്യാജരേഖകളുണ്ടാക്കി സര്‍ക്കാര്‍ പണം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന കേസില്‍ രണ്ട് അധ്യാപകരെ പൊതുവിദ്യാഭ്യാസ വകുപ്പ് സസ്പെന്‍ഡ് ചെയ്തു. എറണാകുളം ഡയറ്റിലെ സീനിയര്‍ ലക്ചറര്‍ ശ്രീകുമാരി.ടി, ലക്ചറര്‍ ഹാരിസ് ചെറാപ്പുറത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. 

ശ്രീകുമാരി എറണാകുളം ഡയറ്റിലെ പ്രിന്‍സിപ്പലിന്റെ ചുമതലവഹിച്ചിരുന്ന കാലത്ത് നടത്താത്ത പരിപാടിയുടെ വ്യാജബില്ലുകള്‍ തയ്യാറാക്കി ട്രഷറിയില്‍ സമര്‍പ്പിച്ചു. ഇക്കാര്യത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

അഞ്ചുദിവസത്തെ റെസിഡന്‍ഷ്യല്‍ ട്രെയിനിങ് പ്രോഗ്രാമിന്റെ ചെലവുകള്‍ എന്ന രീതിയില്‍ സെമിനാറിന്റെ ഹാജര്‍ വിവരങ്ങള്‍, ബില്ലുകള്‍ എന്നിവ വ്യാജമായുണ്ടാക്കി ട്രഷറി വഴി മാറിയെടുക്കുന്നതിന് ശ്രമിച്ചു. ഇത്തരത്തില്‍ വ്യജരേഖയുണ്ടാക്കുന്നതിന് ഹാരിസ് ചെറാപുറത്ത് കൂട്ടുനിന്നെന്നും കണ്ടെത്തിയിരുന്നു. 

ഡയറ്റിലെ പരിപാടികള്‍ക്ക് അനുവദിച്ച സര്‍ക്കാര്‍ ഫണ്ടുകളുടെ വിനിയോഗത്തില്‍ അപാകങ്ങളുണ്ടാക്കിയതായും കണ്ടെത്തി. ഇവരുടെ പ്രവൃത്തികള്‍ ഗുരുതരമായ കുറ്റകൃത്യമാണെന്നതിനാല്‍ അച്ചടക്കനടപടി വേണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ശുപാര്‍ശ ചെയ്യുകയായിരുന്നു.

Post a Comment

0 Comments