banner

മീഡിയ വൺ സംപ്രേക്ഷണ വിലക്കിനെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി

മീഡിയ വൺ സംപ്രേക്ഷണ വിലക്കിനെതിരെ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. മീഡിയ വൺ ചാനലിൻ്റെ സംപ്രേഷണം തടഞ്ഞ നടപടി ശരിവെച്ച് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. മീഡിയ വൺ ചാനൽ നൽകിയ ഹർജി നേരത്തെ സിംഗിൾ ബെഞ്ച് തളളിയിരുന്നു. ഈ നടപടിയിൽ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് മീഡിയാ വണ്‍ ചാനൽ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്. ചാനലിന്‍റെ പ്രവർത്തനം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇക്കാര്യം വ്യക്തമാക്കുന്ന വിവിധ രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോ‍ർട്ടുകൾ ഉണ്ടെന്നുമായിരുന്നു കേന്ദ്ര സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ എന്തൊക്കെ കാരണങ്ങളാലാണ് തങ്ങളെ വിലക്കിയതെന്ന് തങ്ങളെ അറിയിച്ചിട്ടില്ലെന്നും ഏകപക്ഷീയമായ തീരുമാനമാണ് കേന്ദ്ര സർക്കാരില്‍ നിന്ന് ഉണ്ടായതെന്നുമാണ് മീഡിയവണ്ണിനായി അഭിഭാഷകൻ കോടതിയെ അറിയിച്ചത്.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ മീഡിയ വണ്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും വിവിധ ഏജൻസികൾ നൽകിയ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് സംപ്രേക്ഷണ വിലക്കിയതെന്നും കേന്ദ്രസർക്കാരിനു വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ അമൻ ലേഖി കോടതിയിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ ഓപ്പൺ കോർട്ടിൽ പറയാൻ സാധിക്കില്ലെന്നും വിശദ വിവരങ്ങൾ മുദ്രവച്ച കവറിൽ കോടതിയിൽ ഹാജരാക്കാമെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയില്‍ അറിയിച്ചു.

കേസിൽ വാദം പൂ‍ർത്തിയാകും വരെ ചാനലിന്റെ സംപ്രേക്ഷണം പുനരാരംഭിക്കാൻ അനുവദിച്ചു കൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ചാനലിന് വേണ്ടി ഹാജരായ ദുഷ്യന്ത് ദാവെ ആവശ്യപ്പെട്ടെങ്കിലും ഇതിന് ഹൈക്കോടതി തയ്യാറായില്ല. അന്തിമ വിധി പ്രസ്താവത്തിനായി കേസ് മാറ്റിവയ്ക്കുന്നതായി ചീഫ് ജസ്റ്റിസ് അറിയിച്ചു. കേന്ദ്രസ‍ർക്കാർ നൽകിയ രേഖകൾ കൂടി പരിശോധിച്ച ശേഷമാണ് കേസില്‍ ഇന്ന് അന്തിമ വിധി പുറപ്പെടുവിച്ചത്.

Post a Comment

0 Comments