banner

യുവാവിനെ ദേശീയ ഗാനം ആലപിക്കാൻ നിർബന്ധിച്ച സംഭവം: അവർ കുറ്റവാളികളാണ്, അവർക്കെതിരെ നടപടിയെടുക്കണം മർദിച്ച പോലീസിനെതിരെ ഡൽഹി ഹൈക്കോടതി

ഡൽഹി കലാപത്തിനിടെ പരുക്കേറ്റ യുവാവിനെ മർദിക്കുകയും ദേശീയഗാനം ചൊല്ലാന്‍ പൊലിസ് നിര്‍ബന്ധിക്കുകയും ചെയ്തെന്ന സംഭവത്തിൽ നീതിപൂർവ്വം അന്വേഷണം നടത്താൻ ഡൽഹി ഹൈക്കോടതി പോലീസിന് നിർദേശം നൽകി. പോലീസ് മർദനത്തിന് ഇരയായ 23 കാരനായ ഫൈസാൻ മരിച്ച സംഭവത്തിൽ സമർപ്പിച്ച ഹർജിയിലാണ് കോടതി നിർദേശം. 

കേസ് പരിഗണിച്ച ജസ്റ്റിസ് ചന്ദ്ര ധാരി സിംഗ്, അന്വേഷണ ഏജൻസികളിൽ തനിക്ക് വിശ്വാസമുണ്ടെന്നും നിലവിൽ അന്വേഷണത്തിൽ ഇടപെടില്ലെന്നും സ്റ്റാറ്റസ് റിപ്പോർട്ടിൽ എന്തെങ്കിലും അപാകത കണ്ടെത്തിയാൽ  ഇടപെടുമെന്നും വ്യക്തമാക്കി. 

പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ വാദത്തിന് മറുപടിയായി, "നിയമ നടപടി" എന്നത് വളരെ സൗമ്യമായ വാക്കാണെന്നും പ്രതികളെ കുറ്റവാളികളായി കണക്കാക്കണമെന്നും കോടതി പറഞ്ഞു. 
“അവർ കുറ്റവാളികളാണ്, നിയമത്തിലെ വ്യവസ്ഥകൾക്കനുസൃതമായി അവരെ കൈകാര്യം ചെയ്യണം. ഒരു അമ്മയുടെ മകൻ മരിച്ചു, അത് വളരെ ഗൗരവമായി കാണേണ്ടതുണ്ട്" - കോടതി വ്യക്തമാക്കി.

കർദാംപുരിയിൽ വെച്ച് ഫൈസാനെയും മറ്റ് ഏതാനും മുസ്ലീം യുവാക്കളേയും പോലീസുകാർ ആക്രമിച്ചതായി ഹർജിയിൽ ആരോപിച്ചിരുന്നു. പോലീസുകാർ ആളുകളെ ലാത്തികൊണ്ട് അടിക്കുകയും ദേശീയ ഗാനം ആലപിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു .

പിന്നീട് പോലീസ് ഫൈസാനെ അനധികൃത തടങ്കലിലാക്കിയെന്നും അവിടെ വൈദ്യസഹായം നിഷേധിക്കപ്പെട്ടെന്നും ഒടുവിൽ മരണത്തിലേക്ക് നയിച്ചെന്നും ഹർജിയിൽ പറയുന്നു. അതിനാൽ സംഭവത്തിൽ കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഫൈസാന്റെ മാതാവ് കിസ്മത്തൂൺ നൽകിയ ഹർജി പരിഗണിക്കവേയാണ് ഹൈക്കോടതി നീതിപൂർവ്വമായ അന്വേഷണത്തിന് നിർദ്ദേശം നൽകിയത്.

Post a Comment

0 Comments