ഇടുക്കി : മൂലമറ്റത്ത് ഭക്ഷണവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് വെടിവെപ്പിലും ഒരാളുടെ മരണത്തിലും കലാശിച്ചത്. അറക്കുളത്തെ തട്ടുകടയില്‍ ശനിയാഴ്ച വലിയ തിരക്കായിരുന്നു. കൂടാതെ തിങ്കളാഴ്ച ഒരുസമരം മൂലമറ്റത്ത് നടക്കുന്നതിനാല്‍ അതിന് കൊടി നാട്ടാനും മറ്റുമെത്തിയ പ്രവര്‍ത്തകരും ഇവിടെനിന്നാണ് ഭക്ഷണം കഴിച്ചത്. അതിനാല്‍ ഒരുവിധം ഭക്ഷണസാധനങ്ങളെല്ലാം പെട്ടെന്ന് തീര്‍ന്നു.
ഇതിനിടെയാണ് ഫിലിപ്പും സഹോദരപുത്രനും തട്ടുകടയിലേക്ക് വന്നത്. ഫിലിപ്പിന്റെ അച്ഛന്‍ അസുഖബാധിതനായി മൂലമറ്റത്ത് സ്വകാര്യ ആശുപത്രിയില്‍ കഴിയുകയായിരുന്നു. അതിനാല്‍ വീട്ടില്‍ ഭക്ഷണം ഉണ്ടാക്കിയിരുന്നില്ല. തുടര്‍ന്ന് തട്ടുകടയില്‍നിന്ന് ഭക്ഷണം വാങ്ങാന്‍ തീരുമാനിക്കുകയായിരുന്നു.
ചപ്പാത്തിയും ബീഫും ബോട്ടിയുമാണ് ഫിലിപ്പ് ആവശ്യപ്പെട്ടത്. എന്നാല്‍, ദോശയും ചമ്മന്തിയും മാത്രമേ ബാക്കിയുള്ളൂ എന്ന് ഹോട്ടലുടമ അറിയിച്ചു. അവിടുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് ചപ്പാത്തിയും മറ്റും കൊടുക്കുന്നുണ്ടെന്ന് പറഞ്ഞാണ് ഫിലിപ്പ് ആദ്യം ബഹളംവെച്ചത്. അസഭ്യം പറഞ്ഞുവെന്ന് ഹോട്ടലുടമയും ദൃക്സാക്ഷികളും പറയുന്നു.
മുന്‍കൂട്ടി ഓര്‍ഡര്‍ ചെയ്ത ഭക്ഷണമാണ് നല്‍കുന്നതെന്ന് ഉടമ പറഞ്ഞിട്ടും ഫിലിപ്പ് അസഭ്യം പറയുന്നത് തുടര്‍ന്നു. ഇതോടെ കടയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയ ചിലരും ഇതില്‍ ഇടപെട്ടു. ഇതോടെ ബഹളം മൂര്‍ച്ഛിച്ച് അടിപിടിയും അസഭ്യം പറച്ചിലുമായി. ആളും കൂടി. ഇതിനിടെ ഫിലിപ്പിന് മര്‍ദനമേറ്റു. ഈ വൈരത്തിലാണ് ഫിലിപ്പ് വീട്ടില്‍ പോയി തോക്കെടുത്ത് വന്ന് വെടി ഉതിര്‍ത്തതെന്ന് പോലീസ് പറയുന്നു.
കൊല്ലപ്പെട്ട സനലും പരിക്കേറ്റ പ്രദീപും അബദ്ധവശാല്‍ സംഘര്‍ഷത്തില്‍ പെടുകയായിരുന്നുവെന്ന് സനലിന്റെ കുടുംബസുഹൃത്ത് തിരുവോണം തങ്കച്ചന്‍ പറയുന്നു. രാത്രി പത്തരവരെ സനലും പ്രദീപും തന്റെ വീട്ടിലുണ്ടായിരുന്നുവെന്ന് ഇദ്ദേഹം പറയുന്നു. മകന്റെ ആത്മമിത്രമായ സനല്‍ മിക്കദിവസവും വീട്ടില്‍ നിന്നാണ് ഭക്ഷണം കഴിക്കാറുള്ളത്. ശനിയാഴ്ച മുറിയില്‍ കൊണ്ടുപോയി കഴിച്ചുകൊള്ളാമെന്ന് പറഞ്ഞ് ഭക്ഷണവുമായി മടങ്ങുന്നതിനിടെയാണ് സംഭവം നടന്നത്.
സാബുവിന്റെയും വൽസയുടെയും മകനാണ് മരിച്ച സനൽ. സഹോദരി: സവിത. മൂലമറ്റം-പാലാറൂട്ടിൽ സർവീസ് നടത്തുന്ന ദേവി ബസിലെ കണ്ടക്ടറായിരുന്നു സനൽ. സംസ്കാരം തിങ്കളാഴ്ച 11-ന് വീട്ടുവളപ്പിൽ.
അന്ന് സൗമ്യ, ഇന്ന് സനൽ
കഴിഞ്ഞവർഷം മേയ് 11-നാണ് സൗമ്യ ഇസ്രയേലിലുണ്ടായ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒരുവർഷം തികയും മുൻപ് സനലും. കീരിത്തോട്ടിൽ കണ്ണീരൊഴിയുന്നില്ല. കഴിഞ്ഞ ദിവസം അറക്കുളത്ത് വെടിയേറ്റ് മരിച്ച സനൽ ഇസ്രയേലിൽ കൊല്ലപ്പെട്ട സൗമ്യയുടെ ബന്ധുവാണ്. സൗമ്യയുടെ അമ്മയുടെ സഹോദരന്റെ മകൻ. സ്വകാര്യ ബസ് കണ്ടക്ടറായ സനൽ ഒരുകുടുംബത്തിന്റെ ഏക ആശ്രയയമായിരുന്നു. കീരിത്തോട് ടൗണിന് സമീപം താമസിക്കുന്ന പാട്ടത്തിൽ സാബുവിന്റെയും വത്സലയുടെയും രണ്ടുമക്കളിൽ മൂത്തയാൾ. കീരിത്തോട് ടൗണിൽ ഒന്നര സെന്റ് സ്ഥലത്താണ് സനലിന്റെ വീട്. അച്ഛൻ സാബു കിടപ്പുരോഗിയാണ്.
സാമ്പത്തികബുദ്ധിമുട്ടുമൂലം കഴിഞ്ഞ ഒരുവർഷമായി മൂലമറ്റത്ത് ഒരുബസ്സുടമയുടെ കീഴിൽ കണ്ടക്ടറായി ജോലിചെയ്യുകയായിരുന്നു സനൽ. മാസത്തിലൊരിക്കലാണ് സനൽ വീട്ടിലെത്തിയിരുന്നത്. ഇടയ്ക്ക് പണം ആവശ്യമായി വന്നാൽ മറ്റ് ബസുകളിൽ വീട്ടിലേക്കു കൊടുത്തയയ്ക്കുമായിരുന്നു. വിവാഹാലോചനകൾ നടക്കുന്നതിനിടയിലാണ് സനൽ കൊല്ലപ്പെടുന്നത്. ഒരു ദുരന്തത്തിന്റെ വേദന തീരുംമുമ്പ് അടുത്ത ദുരന്തവും ഈ കുടുംബത്തിലേക്ക് കടന്നുവന്നതിന്റെ ദുഃഖത്തിലാണ് കീരിത്തോട് ഗ്രാമം.
0 Comments