banner

കൂട്ട ആത്മഹത്യയിൽനിന്നും രക്ഷപ്പെട്ട് ചികിത്സയിലായിരുന്ന യുവതിയും ഒടുവിൽ മരണത്തിനു കീഴടങ്ങി

കോട്ടയം : തലയോലപ്പറമ്പ് ബ്രഹ്മമംഗലത്ത് നാലംഗ കുടുംബത്തിൽ നടന്ന മൂന്നുപേരുടെ മരണത്തിനിടയാക്കിയ കൂട്ട ആത്മഹത്യയിൽനിന്നും രക്ഷപ്പെട്ട് ചികിത്സയിലായിരുന്ന യുവതിയും ഒടുവിൽ മരണത്തിനു കീഴടങ്ങി. ബ്രഹ്മമംഗലം കാലായിൽ വീട്ടിൽ പരേതനായ സുകുമാരന്റെ ഇളയ മകൾ സുവർണ (24) ആണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേ മരിച്ചത്.

നവംബർ എട്ടിന് രാത്രിയാണ് രാജൻകവലയ്ക്ക് സമീപത്തുള്ള ഒറ്റമുറി വീട്ടിൽ താമസിക്കുന്ന കാലായിൽ സുകുമാരനും ഭാര്യയും രണ്ട് മക്കളും ഉൾപ്പെടുന്ന നാലംഗ കുടുംബം ആസിഡ് കുടിച്ച് കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സുകുമാരൻ (57), ഭാര്യ സീന (54), മൂത്തമകൾ സൂര്യ (27) എന്നിവരാണ് അന്ന് മരിച്ചത്.

രാത്രി പത്തരയോടെ സുവർണ സമീപത്തു താമസിക്കുന്ന ഇളയച്ഛൻ സന്തോഷിന്റെ വീട്ടിലെ ജനലിൽ ഇടിച്ച് കതക് തുറപ്പിച്ച് ആസിഡ് കഴിച്ച വിവരം പറയുമ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടർന്ന് നാലുപേരെയും മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും മണിക്കൂറുകളുടെ വ്യത്യാസത്തിൽ മൂന്നുപേർക്ക‌ും ജീവൻ നഷ്ടമായി.

ഇവർക്കൊപ്പം ആസിഡ് കഴിച്ച ഇളയ മകൾ സുവർണ കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ ചികിത്സയെ തുടർന്ന് ജീവിതത്തിലേക്ക് മടങ്ങിവന്നെങ്കിലും അന്നനാളത്തിനേറ്റ തകരാറിനെ തുടർന്ന് കഴിഞ്ഞ ഏഴിന് വീണ്ടും തുടർ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടു ശസ്ത്രക്രിയകൾ നടത്തിയെങ്കിലും ശനിയാഴ്ച രണ്ടുതവണയായി ഉണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മരണം സംഭവിച്ചു. സംസ്‌കാരം നടത്തി.

Post a Comment

0 Comments