ദില്ലി : രാജീവ് ഗാന്ധി വധക്കേസിലെ പ്രതി എജി പേരറിവാളന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. കേസിൽ വിചാരണയ്ക്ക് ശേഷം ജീവപര്യന്തം തടവിൽ കഴിയുന്ന ഏഴ് പ്രതികളിൽ ഒരാളാണ് പേരറിവാളൻ. കഴിഞ്ഞ 32 വർഷമായി ജയിലിൽ കഴിയുന്നത് പരിഗണിച്ചാണ് ജാമ്യം അനുവദിക്കുന്നതെന്ന് ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവുവിന്റെയും, ബിആർ ഗവായിയുടെയും ബഞ്ച് പറഞ്ഞു. ജാമ്യഹർജിയെ കേന്ദ്ര സർക്കാർ ശക്തമായി എതിർത്തെങ്കിലും കോടതി പേരറിവാളന് അനുകൂല വിധിയാണ് പുറപ്പെടുവിച്ചത്.
ശിക്ഷാ കാലാവധി കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളിയതിന് എതിരെ പേരറിവാളൻ 2016 ൽ സമർപ്പിച്ച പ്രത്യേക അനുമതി ഹർജിയിലാണ് സുപ്രീം കോടതി വിധി.
പേരറിവാളൻ നിലവിൽ പരോളിൽ ആണെന്നും, മുമ്പ് മൂന്നുപ്രാശ്യം പരോൾ നൽകിയിട്ടുണ്ടെന്നും, ഉള്ള കാര്യം കോടതി പരിഗണിച്ചു. തടവ് കാലത്ത് മോശം ആരോഗ്യസ്ഥിതിയിലും വിദ്യാഭ്യാസ യോഗ്യതകൾ നേടാൻ കഴിഞ്ഞതിന് ആവശ്യമായ രേഖകൾ ഉള്ള കാര്യവും കോടതി പരിഗണിച്ചു. വിചാരണ കോടതിയുടെ ഉപാധികൾക്ക് വിധേയമായിരിക്കും ജാമ്യം എന്നും കോടതി പറഞ്ഞു. സ്വദേശമായ ജോലാർപേട്ടയിൽ മാസത്തിന്റെ ആദ്യ ആഴ്ച പ്രാദേശിക പൊലീസ് സ്റ്റേഷനിൽ ഹാജരാകണം,
2014 ൽ പേരറിവാളന്റെയും മറ്റുരണ്ട് പ്രതികളുടെയും വധശിക്ഷ ജീവപര്യന്തമായി സുപ്രീം കോടതി കുറച്ചിരുന്നു. 1991 ജൂൺ 11നാണ് രാജീവ്ഗാന്ധി വധക്കേസിൽ അറസ്റ്റിലായത്. 26 വർഷത്തെ ജയിൽ വാസത്തിനുശേഷം 2017 ഓഗസ്റ്റ് 24നാണ് ആദ്യമായി പരോളിലിറങ്ങിയത്. ജോലാർപേട്ടയിലെ വസതിയിൽ ഒരു മാസം താമസിച്ചു.
പിന്നീട് പിതാവിന്റെ അസുഖം, സഹോദരി പുത്രിയുടെ വിവാഹം, പേരറിവാളന്റെ വൃക്കരോഗ ചികിത്സ തുടങ്ങിയ കാരണങ്ങൾക്കായാണ് പരോൾ ലഭിച്ചത്. ഡി.എം.കെ സർക്കാർ അധികാരത്തിൽ കയറിയതിനുശേഷം പരോൾ അനുവദിക്കുന്നതിൽ ഉദാര നിലപാടാണ് സ്വീകരിക്കുന്നത്.പേരറിവാളന്റെ തുടർ ചികിത്സ കണക്കിലെടുത്താണിതെന്ന് ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു. മൂന്ന് ദശാബ്ദക്കാലത്തോളം തടവിൽ കഴിയുന്ന കേസിലെ ഏഴ് പ്രതികളെയും വിട്ടയക്കണമെന്നാണ് തമിഴ്‌നാട് സർക്കാർ നിലപാട്.
0 Comments