banner

പണിമുടക്ക് എന്തിനെന്ന് ബൈക്ക് യാത്രികൻ, പറഞ്ഞ് തരാമെന്ന് പ്രതിഷേധക്കാരൻ; ഹോൺ കേട്ടപാടേ ചെവിപൊത്തി തിരിഞ്ഞു നോക്കാതെ രക്ഷപ്പെട്ട യുവാവിൻ്റെ 'ഒരുമിനിറ്റേ' വീഡിയോ വൈറൽ

തിരുവനന്തപുരം : ദേശീയ പണിമുടക്ക് ഒന്നാം ദിവസവും രണ്ടാം ദിവസവും കേരളത്തിൽ ഹർത്താലായി മാറിയല്ലോ. പണിമുടക്ക് വിജയിപ്പിക്കാൻ അനുകൂലികൾ പെടാപ്പാട് പെട്ടപ്പോൾ പൊതുജനവും വലഞ്ഞു. പലയിടത്തും അക്രമങ്ങളും അരങ്ങേറി. ഓട്ടോയുടെ കാറ്റഴിച്ച് വിടുക, ചില്ല് അടിച്ചുപൊട്ടിക്കുക തുടങ്ങിയ കലാ പരിപാടികളും നടന്നു. ഏതായാലും, രണ്ടുദിവസം വീട്ടിലിരുന്ന മലയാളികൾ, സംഭവങ്ങളുടെ വീഡിയോകൾ വൈറലാക്കി.

പണിമുടക്കിന്റെ പേരിൽ സാധാരണക്കാരെ വഴി തടയുന്ന പലർക്കും എന്തിനാണ് പണിമുടക്കെന്നോ ഹർത്തലെന്നോ അറിയില്ലെന്ന് വ്യക്തമാക്കുന്ന വീഡിയോയും സാഷ്യൽമീഡിയയിൽ വൈറലായി. ഹർത്താൽ എന്തിനാണെന്ന് ചോദിച്ച ബൈക്ക് യാത്രികനോട് ഉത്തരം മുട്ടിനിൽക്കുമ്പോൾ ഒരു 'ഹോൺ' കാത്തുരക്ഷിച്ച ഒരു യുവാവാണ് ട്രോളുകളിലെ പുതിയ താരം.

ഹർത്താൽ എന്തിനുള്ളതാണെന്ന് വഴിതടയാനെത്തിയ യുവാവിനോട് യാത്രക്കാരന്റെ ചോദ്യം. അതിന് മുന്നിൽ തന്നെ പ്രവർത്തകൻ ഒന്ന് പരുങ്ങി. 'എല്ലാത്തിനും, അതുകാണ്ട് ഈ സമരത്തോട് അനുകൂലിക്കണം' എന്ന ഒഴുക്കൻ മറുപടി യുവാവ് നൽകി. എന്തിന് വേണ്ടിയാണ് ഇന്ന് ഇത് നടത്തുന്നത് എന്ന് പറഞ്ഞുതരുമോ എന്നായി അടുത്ത ചോദ്യം. ഇതോടെ എന്തിനാണ് ഈ പണിമുടക്ക് എന്ന് വിശദീകരിക്കാൻ പോലും അറിയാത്ത വഴി തടയൽ സമരക്കാരനെ ഒരു 'ഹോൺ' രക്ഷിക്കുകയായിരുന്നു.

അതുവഴി കടന്ന് പോയ വാഹനത്തിന്റെ ഹോൺ കേട്ടപാടെ ചെവിപൊത്തി ഒരു മിനിറ്റേയെന്ന് പറഞ്ഞ് ചോദ്യങ്ങളിൽ നിന്നും യുവാവ് ഓടി രക്ഷപെട്ടു. വീഡിയോ വൈറലായതോടെ 'ഹോൺ രക്ഷിച്ച യുവാവ് സോഷ്യൽ മീഡിയയിൽ ചിരിക്ക് വകയൊരുക്കി. സമരക്കാരെ നേരിടാൻ, ഇത് നല്ല ബെസ്റ്റ് തന്ത്രമാണെന്നും ചിലരൊക്കെ കമന്റ് ചെയ്യുന്നു.

Post a Comment

0 Comments