banner

കൊല്ലത്ത് സ്വന്തം കൈവളകൾ ഊരി നൽകിയ അജ്ഞാത സ്ത്രീ മോഹനൻ വൈദ്യരുടെ ഭാര്യ; പട്ടാഴി ദേവീസന്നിധിയിലെത്തി മാലയണിഞ്ഞ് സുഭദ്ര


കൊല്ലം : പട്ടാഴി ക്ഷേത്രത്തിൽ ദർശനം നടത്താനെത്തിയപ്പോൾ രണ്ട് പവന്റെ മാല നഷ്ടമായ മങ്ങാട്ട് വീട്ടിൽ സുഭദ്രയ്‌ക്ക് സ്വന്തം വളകൾ ഊരി നൽകി. പെട്ടെന്ന് തന്നെ ക്ഷേത്രത്തിൽ നിന്നും അപ്രത്യക്ഷായി. ആ നന്മയുള്ള സ്ത്രീത്വം ആരാണെന്നറിയാൻ ആകാക്ഷയോടെ കാത്തിരിക്കുകയായിരുന്നു നാട്ടുകാർ. 

അങ്ങനെ തിരഞ്ഞപ്പോൾ എത്തിപ്പെട്ടത് ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ്. മരുത്തോർവട്ടം സ്വദേശിനിയും അന്തരിച്ച മോഹനൻ വൈദ്യരുടെ ഭാര്യയുമായ ശ്രീലതയാണ് ആ വലിയ മനസ്സിന്റെ ഉടമ.

മാദ്ധ്യമങ്ങൾക്ക് മുൻപിൽ വരാൻ വിസമ്മതിച്ച ശ്രീലത ഏറെ നിർബന്ധിച്ചപ്പോൾ മാത്രമാണ് സംസാരിച്ചത്. കണ്ണിന് ഭാഗികമായി മാത്രം കാഴ്ചയുള്ള ശ്രീലത,  ബന്ധു വീട്ടിലെത്തിയപ്പോഴാണ് പട്ടാഴിക്ഷേത്രത്തിൽ പോയത്. ഒരാൾ ദേവിക്ക് മുന്നിൽ നിന്ന് കരയുന്നത് കണ്ടപ്പോൾ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അതുകൊണ്ടാണ് വളകൾ ഊരി നൽകിയത്. താൻ ചെയ്തത് അത്ര വലിയ മഹത്തായ കാര്യമായിട്ടൊന്നും ശ്രീലത കരുതുന്നില്ല.

കഴിഞ്ഞ വെള്ളിയാഴ്ച കുംഭത്തിരുവാതിര ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ തൊഴാനെത്തിയപ്പോഴാണ് സുഭദ്രയുടെ രണ്ട് പവൻ മാല നഷ്ടപ്പെട്ടത്. ഇതോടെ അവിടെ ഉണ്ടായിരുന്ന അജ്ഞാത സ്ത്രീ രണ്ട് വളകൾ സമ്മാനിച്ചു. വള വിറ്റ് ലഭിക്കുന്ന പണം ഉപയോഗിച്ച് മാല വാങ്ങി, ക്ഷേത്ര നടയിലെത്തി പ്രാർഥിച്ച ശേഷം കഴുത്തിലിടണമെന്ന് പറഞ്ഞു. മാല നഷ്ടപ്പെട്ട സുഭദ്രയ്‌ക്കും തന്നെ സഹായിച്ച സ്ത്രീ ആരാണെന്ന് തിരിച്ചറിയാനായില്ല. ഇത് സമൂഹമാദ്ധ്യമങ്ങളിൽ ഉൾപ്പെടെ ചർച്ചയായിരുന്നു. തുടർന്ന് നാട്ടുകാരിൽ നിന്നാണ് ശ്രീലതയായിരുന്നു അതെന്ന് തിരിച്ചറിഞ്ഞത്.

അതേസമയം ആ അജ്ഞാതസ്ത്രീ പറഞ്ഞത് പ്രകാരം സുഭദ്ര പട്ടാഴി ദേവീ ക്ഷേത്രസന്നിധിയിൽ വീണ്ടുമെത്തി. വളകൾ വിറ്റു വാങ്ങിയ രണ്ടുപവൻ വരുന്ന സ്വർണമാല ശ്രീകോവിലിന് മുന്നിൽ പ്രാർഥനാപൂർവം ഭക്തജനങ്ങളെ സാക്ഷിയാക്കി സ്വന്തം കഴുത്തിലിട്ടു. ദേവിക്ക് സ്വർണപ്പൊട്ട് കാണിക്കയായി അർപ്പിച്ചശേഷമായിരുന്നു പുത്തൻമാല ധരിച്ചത്.

Post a Comment

0 Comments