banner

നിങ്ങള്‍ക്കിന്ന് ദുര്‍ദിനമാണല്ലോ; 'അങ്കം' അഞ്ചിലും കോൺഗ്രസ്സിന് കാര്യമായ നേട്ടമില്ല; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി പരിഹസിച്ച് മുഖ്യമന്ത്രി

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരവേ, കോണ്‍ഗ്രസിൻ്റെ മോശം മുന്നേറ്റത്തെപ്പറ്റി രമേശ് ചെന്നിത്തലയെയും കോണ്‍ഗ്രസിനെയും പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിങ്ങള്‍ക്കിന്ന് ദുര്‍ദിനമാണല്ലോയെന്നാണ് പിണറായി പൊതുവേദിയില്‍ പരിഹസിച്ചത്.

വലിയ അഴീക്കല്‍ പാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ചെന്നിത്തലയെ വേദിയില്‍ ഇരുത്തിയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.

‘വരും തലമുറക്ക് കൂടിയുള്ളതാണ് വികസന പ്രവര്‍ത്തനങ്ങള്‍. പാലം പൂര്‍ത്തിയാക്കിയതില്‍ രമേശ് ചെന്നിത്തലക്ക് അഭിമാനിക്കാം. പക്ഷെ ഇന്ന് ചെന്നിത്തലക്ക് ദുര്‍ദിനമാണ്. അത് മറ്റൊരു കാര്യമാണ്. അതിവിടെ പറയുന്നില്ല,’ മുഖ്യമന്ത്രി പറഞ്ഞു.

പാലം തുറന്ന ഈ ദിനം തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിനമെന്ന് സ്വാഗത പ്രസംഗത്തില്‍ ചെന്നിത്തല പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് എല്ലാ സംസ്ഥാനങ്ങളിലും പിന്നില്‍ തന്നെയാണ്. തെരഞ്ഞെടുപ്പിന് മുമ്പേ ഭരണത്തിലിരുന്ന പഞ്ചാബിലും പാര്‍ട്ടിക്ക് അടിത്തറയിളകുന്ന കാഴ്ചയാണ് കാണുന്നത്.

എവിടേയും ഒന്നാം സ്ഥാനത്തെത്താന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടില്ല. ഭരിച്ചിരുന്ന പഞ്ചാബില്‍ പോലും അധികാരം നിലനിര്‍ത്താന്‍ പറ്റാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ്.

അരനൂറ്റാണ്ടിലധികം കാലം രാജ്യം ഭരിച്ച പാരമ്പര്യമുള്ള, ഏഴ് തവണ ഒറ്റയ്ക്ക് രാജ്യം ഭരിക്കാന്‍ ഭൂരിപക്ഷം നേടിയ, നെഹ്‌റുവിന്റെ ലെഗസിയെ ഉയര്‍ത്തിപ്പിടിച്ച കോണ്‍ഗ്രസിന് പിഴച്ചതെവിടെ എന്ന ചോദ്യത്തിനുത്തരം ഇന്ത്യയിലെ ജനങ്ങള്‍ക്ക് മുഴുവന്‍ മനസിലായിട്ടും കോണ്‍ഗ്രസിന് മാത്രം മനസിലാവാത്ത അവസ്ഥയാണെന്ന് വ്യക്തമാവുന്ന ഫലങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്.

Post a Comment

0 Comments