Latest Posts

പീസ് ഒന്നിന് 570 രൂപയെന്ന് പറഞ്ഞ് പണി തുടങ്ങും; ചുവര് ട്രിൽ ചെയ്ത് കർട്ടൺ ഇട്ട ശേഷം നൽകുക പതിനായിരങ്ങളുടെ ബിൽ; ചോദിച്ചാൽ പീസിന് അർത്ഥം സ്‌ക്വയർഫീറ്റാണെന്ന് മറുപടിയും; ഒടുക്കം വൃദ്ധയെ ഭീഷണിപ്പെടുത്തി ബാംബു കർട്ടനിടാൻ വന്നവർ വാങ്ങിയത് 59,500 രൂപ; നാല് പേർ പിടിയിൽ

മാവേലിക്കര : ബാംബു കർട്ടൻ ഇടാനെത്തി വൃദ്ധയെ ഭീഷണിപ്പെടുത്തി 59,500 രൂപയുടെ ചെക്ക് വാങ്ങി ബാങ്കിൽ നിന്ന് പണം കൈക്കലാക്കിയ സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് ഇരവിച്ചിറ ഈസ്റ്റ് ഷിബു ഭവനത്തിൽ ബൈജു (30), ചക്കുവള്ളി വടക്ക് മിനി ഭവനത്തിൽ സുധീർ (36), ശൂരനാട് തെക്ക് ഇഞ്ചക്കാട് അജീന മൻസിലിൽ അജി (46), ചക്കുവള്ളി പോരുവഴി കൊച്ചു തെരുവ് താഴെ തുണ്ടിൽ ബഷീർ (50) എന്നിവരാണ് പിടിയിലായത്. ഇവർ വന്ന വാഹനവും പിടിച്ചെടുത്തു.

കഴിഞ്ഞ ദിവസം രാവിലെ 8.30ന് മാവേലിക്കര കൊറ്റാർകാവിൽ തനിച്ചു താമസിക്കുന്ന വൃദ്ധയുടെ വീട്ടിലെത്തിയ സംഘം ബാംബു കർട്ടൻ ഇടാൻ പീസ് ഒന്നിന് 570 രൂപ നൽകിയാൽ മതി എന്നു പറഞ്ഞു. കർട്ടൻ ഇടാൻ താത്പര്യം ഇല്ലെന്ന് വൃദ്ധ പറഞ്ഞെങ്കിലും വീട്ടിൽ മറ്റാരുമില്ലെന്ന് മനസിലാക്കിയ പ്രതികൾ സിറ്റൗട്ട് മുഴുവൻ ബാംബു കർട്ടനിട്ടശേഷം 59500 രൂപയുടെ ബില്ല് നൽകി.അത്രയും പണം കൈയിലില്ലെന്ന് പറഞ്ഞപ്പോൾ ഭീഷണിപ്പെടുത്തി ചെക്കെഴുതി വാങ്ങിച്ചു.

പ്രതികളിൽ ഒരാൾ ബാങ്കിൽ പോയി പണം കൈപ്പറ്റിയ ശേഷമാണ് വൃദ്ധയുടെ വീട്ടിൽ നിന്ന് മറ്റ് പ്രതികൾ പോയത്.
സമാന സംഭവങ്ങൾ പലസ്ഥലത്തും റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് ചെങ്ങന്നൂർ ഡിവൈ.എസ്.പി ഡോ.ആർ.ജോസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അന്വേഷണ സംഘം പ്രതികളെ തിരിച്ചറിഞ്ഞ് ചക്കുവള്ളിയിൽ എത്തിയപ്പോഴേക്കും അവർ കടന്നു കളഞ്ഞിരുന്നു. തുടർന്ന് ശൂരനാട്ടെ ഒളിത്താവളം കണ്ടെത്തി 4 പേരെയും പിടികൂടുകയായിരുന്നു.

കൂടുതൽ സ്ഥലങ്ങളിൽ ഇവർ സമാനരീതിയിൽ തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. തട്ടിപ്പിന് ഇരയായവർ മാവേലിക്കര സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. എസ്.ഐമാരായ അംശു, പി.എസ്.അലി അക്ബർ, സി.പി.ഒമാരായ വിനോദ് കുമാർ, സുനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

0 Comments

Headline