മകന്‍ ഇത്തരത്തിലൊരു പാത സ്വീകരിച്ചത് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല യുവാവിന്റെ മാതാപിതാക്കള്‍ക്ക്. 2017ല്‍ ബംഗളൂരുവിലേക്ക് വിനോദയാത്രയ്ക്കാണെന്ന് പറഞ്ഞാണ് മുഹമ്മദ് മുഹ്‌സിന്‍ വീട്ടില്‍ നിന്നും പോയത്. എന്നാല്‍ രണ്ട് വര്‍ഷം വീട്ടുകാര്‍ക്ക് വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. തൃശൂര്‍ എന്‍ജിനീയറിംഗ് കോളേജില്‍ പഠിക്കുന്നതിനിടെയാണ് ഇയാള്‍ നാടുവിട്ടത്. എന്നാല്‍ മുഹമ്മദ് മുഹ്സിന്‍ അഫ്ഗാനില്‍ വച്ച് അമേരിക്കയുടെ ആളില്ലാ യുദ്ധവിമാനത്തിന്റെ അക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന സന്ദേശമാണ് 2019 ജൂലൈ 22ന് മുഹ്‌സിന്റെ സഹോദരിയുടെ വാടസാപ് നമ്പറിലേക്ക് വന്നത്.
അഫ്ഗാനിസ്ഥാനില്‍ നിന്നായിരുന്നു സന്ദേശം. സഹോദരന് ഇസ്ലാമിന്റെ പാതയില്‍ ശഹീദാവാന്‍ വലിയ ആഗ്രഹമായിരുന്നുവെന്നും അത് പടച്ച തമ്പുരാന്‍ സാധിച്ചുകൊടുത്തുവെന്നാണ് സഹോദരിയുടെ വാട്‌സ് നമ്പറിലേക്ക് വന്ന സന്ദേശം. മലയാളത്തിലായിരുന്നു സന്ദേശം. തൃശൂരിലെ സ്വകാര്യ എന്‍ജിനിയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ നാലാം വര്‍ഷ വിദ്യാര്‍ഥിയായിരിക്കെയാണ് മുഹ്‌സിന്‍ നാടുവിട്ടത്. മുഹ്‌സിനെ കാണാതായതിനെ തുടര്‍ന്ന് പിതാവിന്റെ പരാതിയില്‍ 2017 ഒക്ടോബര്‍ 20ന് ചങ്ങരംകുളം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
തുടര്‍ന്ന് പോലീസ് ബംഗളൂരുവിലെത്തുകയും അവിടെ മുഹ്‌സിന്‍ ബന്ധപ്പെട്ട ആളുകളുമായി സംസാരിക്കുകയും വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മുഹ്‌സിന്‍ ബംഗളൂരുവില്‍ നിന്നും ദുബായിലേക്ക് പോയതായി വിവരം ലഭിച്ചു. മുഹ്‌സിന്‍ ഈസമയത്ത് ബന്ധപ്പെട്ട ആളുകളില്‍ പലരും ഐഎസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെന്ന വിവരം പോലീസ് സ്ഥിരീകരിച്ചിരുന്നു. യുവാവ് ദുബായിലേക്കു പോയതാണെന്നും ഐഎസുമായി ബന്ധപ്പെട്ട ചില സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും ഈ സമയത്തുതന്നെ പോലീസുകാര്‍ മുഹ്‌സിന്റെ വീട്ടുകാരെ അറിയിച്ചെങ്കിലും അവര്‍ക്ക് ഇക്കാര്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല.
യുവാവിനെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതുമായി ബന്ധപ്പെട്ടും പോലീസ് വീട്ടുകാരുമായി സംസാരിച്ചെങ്കിലും മകന്‍ ഇത്തരത്തിലൊരു പാതയിലേക്ക് പോകില്ലെന്ന വിശ്വാസത്തില്‍ തന്നെയായിരുന്നു ഇവര്‍. ഐഎസില്‍ യുവാവ് എത്തിയതിന് കൃത്യമായ തെളിവ് നിരത്താന്‍ പോലീസിനും സാധിക്കാതെ വന്നതോടെയാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കുന്നതില്‍ നിന്നും പോലീസ് പിന്മാറാന്‍ കാരണം.
മുഹ്‌സിന്‍ മരിച്ചതായി സഹോദരിയുടെ മൊബൈലിലേക്ക് സന്ദേശം വന്നതോടെ വീട്ടുകാര്‍ ഇക്കാര്യം പോലീസിനെ അറിയിച്ചു. മരണം സാധൂകരിക്കുന്ന രീതിയിലുള്ള മറ്റൊരു ഫോട്ടോയും സഹോദരിയുടെ ഫോണിലേക്ക് ഇതേ നമ്പറില്‍നിന്നും അയച്ചുകൊടുത്തു. ഇതെല്ലാം പരിശോധിച്ച ശേഷമാണ് പോലീസും സംഭവം യഥാര്‍ഥമാണെന്ന സ്ഥിരീകരണത്തിലേക്ക് എത്തിയത്.
0 Comments