banner

കളിയാക്കിയതിന് സകൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യുവാവ് പെട്രോള്‍ ബോംബെറിഞ്ഞു : സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: കാട്ടാക്കടയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ യുവാവ് പെട്രോള്‍ ബോംബെറിഞ്ഞു. കുറ്റിച്ചല്‍ പരുത്തിപ്പള്ളി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നിലുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിലാണ് ആക്രമണം നടന്നത്. സംഭവത്തിന് പിന്നില്‍ സ്‌കൂളിലെ തന്നെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ നിഖില്‍ (21) എന്നയാളാണ്. ആക്രമണത്തില്‍ ചെറിയ സ്‌ഫോടനം ഉണ്ടായെങ്കിലും ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ല. കളിയാക്കിയതില്‍ പ്രകോപിതനായാണ് യുവാവ് ആക്രമണം നടത്തിയതെന്നാണ് വിവരം.

ഇന്നലെ വൈകിട്ട് നാല് മണിയോടെയായിരുന്നു സംഭവം. ബസില്‍ നിന്നിറങ്ങിയ നിഖിലിനെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ നിന്നിരുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ കളിയാക്കിയിരുന്നു. ഇതില്‍ പ്രകോപിതനായ നിഖില്‍ വിദ്യാര്‍ത്ഥികളുമായി വാക്കുതര്‍ക്കത്തിലാവുകയും തുടര്‍ന്ന് കയ്യാങ്കളിയാവുകയും ചെയ്തു. കൂട്ടത്തല്ല് ആയതോടെ പ്രതി ഭീഷണി മുഴക്കി കടന്നു കളഞ്ഞു.

പിന്നീട് അര മണിക്കൂറിനുള്ളില്‍ തിരകെ എത്തിയ നിഖില്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ആക്രമണം നടത്തിയ ശേഷം പ്രതി ബൈക്കില്‍ രക്ഷപ്പെട്ടു. സ്‌കൂള്‍ വിട്ട് വിദ്യാര്‍ത്ഥികള്‍ കൂടുതലും പോയതിനാല്‍ വലിയ അപകടം ഉണ്ടായില്ല.

സംഭവത്തിൽ നിഖിലിനെതിരെ കാട്ടാക്കട പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിയ്ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി.

Post a Comment

0 Comments