banner

'50 ലക്ഷം അംഗത്വം' പ്രഖ്യാപനം പാഴായി; അംഗത്വ വിതരണ കാമ്പയിനിൽ ആളെ തികയ്ക്കാനാകാതെ കോണ്‍ഗ്രസ്

ലക്ഷ്യം കൈവരിക്കാതെ സംസ്ഥാന കോണ്‍ഗ്രസ് അംഗത്വ വിതരണ കാമ്പയിന്‍. സമയം നീട്ടി നല്‍കിയിട്ടും 50 ലക്ഷം ആളുകളെ ചേര്‍ക്കുമെന്ന കെപിസിസി പ്രഖ്യാപനം നടപ്പായില്ല. കേരളത്തിനായി ഹൈക്കമാന്‍ഡ് അനുവദിച്ച അധിക സമയം ഇന്നലെ അവസാനിച്ചിരുന്നു. കെപിസിസിക്ക് ഇതുവരെ ചേര്‍ക്കാനായത് 35 ലക്ഷത്തില്‍ താഴെ ആളുകളെ മാത്രമാണ്. ബൂത്ത് തല പ്രവര്‍ത്തനം സജീവമല്ലാത്തതാണ് തടസമായതെന്നാണ് വിലയിരുത്തല്‍.

കാലാവധി അവസാനിച്ചതോടെ കാലാവധി നീട്ടിചോദിക്കാനാണ് നേതൃത്വം ആലോചിക്കുന്നത്. പ്രതീക്ഷിച്ച അംഗത്വ സംഖ്യ തികയ്ക്കുന്നതിനായി രണ്ടാഴ്ച കൂടി കാലാവധി നീട്ടിചോദിക്കാനാണ് നേതൃത്വത്തിന്റെ നീക്കം.

രണ്ടാഴ്ച കൂടി സമയം ലഭിക്കുകയാണെങ്കില്‍ 26,400 ബൂത്ത് കമ്മിറ്റികളില്‍ നിന്നായി ലക്ഷ്യമിട്ട അംഗത്വത്തിലേക്ക് എത്താന്‍ കഴിയുമെന്നാണ് കെപിസിസി നേതൃത്വം പ്രതീക്ഷിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ഡിസംബറില്‍ തന്നെ അംഗത്വ വിതരണം ആരംഭിച്ചപ്പോള്‍ കേരളത്തില്‍ മാര്‍ച്ച് 25ന് ശേഷമാണ് ആരംഭിച്ചത്. പുന:സംഘടനയില്‍ പൂര്‍ണ്ണമായും നേതൃത്വം ശ്രദ്ധ കേന്ദ്രീകരിച്ചപ്പോള്‍ അംഗത്വ വിതരണം പതുക്കെയാവുകയായിരുന്നു. അവസാനം പുനഃസംഘടന നടപടികള്‍ നിര്‍ത്തിവെക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടതിന് ശേഷമാണ് അംഗത്വ വിതരണത്തിന് വേഗത കൈവന്നത്.

കേരളത്തില്‍ ആദ്യമായിട്ടാണ് ഡിജിറ്റല്‍ അംഗത്വ വിതരണം നടത്തുന്നത്. പരിശീലനം ലഭിച്ച പ്രവര്‍ത്തകര്‍ വീടുകളില്‍ കയറിയിറങ്ങി ഡിജിറ്റല്‍ അംഗത്വം നല്‍കാനായിരുന്നു പദ്ധതി. എന്നാലിത് വേണ്ടത്ര വിജയമായില്ല. ഇതിന് ശേഷം മാര്‍ച്ച് 24ന് പേപ്പര്‍ രൂപത്തിലുള്ള അംഗത്വ വിതരണം നടത്താന്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കുകയായിരുന്നു. കേരളത്തിലെ അംഗത്വ വിതരണം വൈകാനുണ്ടായ കാരണമിതാണെന്നാണ് കെപിസിസി നേതൃത്വത്തിന്റെ വിശദീകരണം.

Post a Comment

0 Comments