ജഗദീഷിന്റെ സിനിമാ ജീവിതം ആരാധകര്‍ക്ക് ഏറെ പരിചിതമായിരുന്നെങ്കിലും ഭാര്യ രമയെ പൊതുവേദികളിലോ അഭിമുഖങ്ങളിലോ ഒന്നും ഒരിക്കലും കാണാറില്ലായിരുന്നു. അതിന്‍റെ കാരണം മഴവില്‍ മനോരമയിലെ ഒരു പരിപാടിയില്‍ വെച്ച് മുമ്പൊരിക്കല്‍ ജഗദീഷ് പറയുകയുണ്ടായി. "എനിക്ക് ചാനലുകളില്‍ പ്രത്യക്ഷപ്പെടാന്‍ എത്രത്തോളം താത്പര്യമുണ്ടോ അല്ലെങ്കില്‍ സിനിമാ പ്രസിദ്ധീകരണങ്ങളില്‍ എന്‍റെ ഫോട്ടോ അച്ചടിച്ചു വരുന്നതില്‍ എത്രത്തോളം താത്പര്യമുണ്ടോ അത്രത്തോളം അതിലൊന്നും താത്പര്യമില്ലാത്തയാളാണ് രമ. മാഗസിനുകള്‍ അഭിമുഖത്തിന് വരുമ്പോള്‍ ഫോട്ടോ എടുക്കാന്‍ രമ സമ്മതിക്കാറില്ല.
എല്ലാവരുടെയും ഭാര്യമാര്‍ ചാനലുകളിലൊക്കെ വരാറുണ്ട്. എന്തുകൊണ്ട് ജഗദീഷിന്‍റെ ഭാര്യ വരാത്തതെന്ന് സാഹിത്യകാരന്‍ സക്കറിയ ഒരിക്കല്‍ ചോദിച്ചു. രമയ്ക്ക് ഒട്ടും താത്പര്യമില്ലെന്ന് ഞാന്‍ പറഞ്ഞു. ഞങ്ങള്‍ രണ്ടു പേരും രണ്ടു രീതിയിലാണ് ചിന്തിക്കുന്നത്. ഞങ്ങളുടെ അഭിപ്രായ ഐക്യം വ്യത്യാസങ്ങള്‍ക്കിടയിലെ ഐക്യമാണ്. രമയെ കുറച്ച് പറയാന്‍ എനിക്ക് 100 എപ്പിസോഡ് മതിയാവില്ല. അത്രത്തോളം പറയാനുണ്ട്. ഒരുകാര്യം മാത്രം പറഞ്ഞുനിര്‍ത്താം. എന്‍റെ രണ്ടു പെണ്‍മക്കളും ഡോക്ടര്‍മാരായി തീര്‍ന്നിട്ടുണ്ടെങ്കില്‍ അതിന്‍റെ ക്രെഡിറ്റ് രമയ്ക്ക് മാത്രം അവകാശപ്പെട്ടതാണ്".
അഭയ കേസിൽ ഡോ.പി രമ
ഫോറെന്‍സിക് വിഭാഗം ഡോക്ടര്‍ എന്ന നിലയില്‍ ഏറെ പ്രശസ്തയായ വ്യക്തി കൂടിയായിരുന്നു ഡോ.പി രമ. സിസ്റ്റര്‍ അഭയ കേസിലെ മൂന്നാം പ്രതി സിസ്റ്റര്‍ സെഫി ശിക്ഷിക്കപ്പെട്ടത് ഡോ. രമ നേതൃത്വ നിരയിലുള്ള ടീമിൻ്റെ വിജയം കൂടിയായിരുന്നു. ആ കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെട്ടതിലെ പ്രധാന കാരണങ്ങളിലൊന്നും ഡോ. രമയുടെ സാക്ഷിമൊഴി തന്നെയായിരുന്നു.
സി. സെഫി ഹൈമനോപ്ലാസ്റ്റിക് സര്‍ജറി നടത്തി കന്യകയാണെന്ന് സ്ഥാപിച്ചത് കേസില്‍ നിന്നും രക്ഷപ്പെടാന്‍ ആയിരുന്നു എന്ന പ്രോസിക്യൂഷന്‍ വാദത്തെ ബലപ്പെടുത്തുന്നതായിരുന്നു ഡോ. രമയുടെ കണ്ടെത്തല്‍. 2008ല്‍ ആലപ്പുഴ ഗവ. മെഡിക്കല്‍ കോളജിലെ പൊലീസ് സര്‍ജനായിരുന്നു ഡോ. പി രമ.
സിസ്റ്റര്‍ സെഫിയെ സിബിഐ അറസ്റ്റ് ചെയ്ത ശേഷം 2008 നവംബര്‍ 25ന് വൈദ്യപരിശോധനക്ക് വിധേയയാക്കിയിരുന്നു. പരിശോധനയില്‍ അവര്‍ കന്യകയാണെന്ന് സ്ഥാപിക്കാന്‍ വേണ്ടി കന്യകാചര്‍മ്മം കൃതിമമായി വച്ചു പിടിപ്പിക്കുവാനായി ഹൈമനോപ്ലാസ്റ്റിക് സര്‍ജറി നടത്തിയെന്നായിരുന്നു അന്ന് വൈദ്യപരിശോധന നടത്തിയ ഡോ. രമയും ആലപ്പുഴ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലും പ്രോസിക്യൂഷന്‍ 19-ാം സാക്ഷിയുമായ ഡോ. ലളിതാംബിക കരുണാകരനും കണ്ടെത്തിയത്.
ഇരുവരും പിന്നീട് ഇത് കോടതിയിലും വിശദീകരിച്ചിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് പിന്നീട് ഈ കേസിലെ പ്രതികളുടെ പങ്കാളിത്തമടക്കം തെളിഞ്ഞത്. പ്രതികള്‍ തമ്മിലുള്ള അവിഹിതബന്ധം സിസ്റ്റര്‍ അഭയ കാണാന്‍ ഇടയായതാണ് അഭയയെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.
കന്യകയാണെന്ന് സ്ഥാപിച്ചെടുത്ത് കേസില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടിയാണ് സെഫി കന്യകാചര്‍മ്മം കൃത്രിമമായി വച്ചു പിടിപ്പിച്ചത്. ഇതിന് ആവശ്യമായ ശക്തമായ തെളിവുകള്‍ കോടതിക്ക് മുന്‍പില്‍ സമര്‍പ്പിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞിരുന്നു.
0 Comments