അഷ്ടമുടി : പുണ്യ റമദാനിലെ ഇരുപത്തിയേഴാം രാവിനെ ദീപപ്രഭയാൽ വരവേല്ക്കാനൊരുങ്ങി കരുവാ മുസ്ലീം ജമാഅത്തിന് കീഴിലുള്ള അഷ്ടമുടി വാർഡിലെ റഹ്മാനിയ മസ്ജിദ്. ആയിരം മാസങ്ങളേക്കാള്‍ പുണ്യമുള്ള ലൈലത്തുല്‍ ഖദ്ര്‍ ദിനത്തെ വരവേല്‍ക്കാന്‍ മുസ്ലീം സമൂഹം ഒന്നാകെ ഒരുങ്ങുമ്പോൾ മസ്ജിദ് കമ്മിറ്റിയുടെ പൂർണ്ണ സഹകരണത്തോടെ യുവജനങ്ങളും കുട്ടികളും ചേർന്നു കൊണ്ടാണ് പള്ളി അലങ്കരിക്കുകയും അലങ്കാര ബൾബുകൾ പ്രകാശിപ്പിച്ചു കൊണ്ട് പുണ്യ റമദാനിനെ ബാക്കിയുള്ള ദിനരാത്രങ്ങളെ വരവേല്ക്കുന്നതിനായി ഒരുങ്ങുകയും ചെയ്യുന്നത്. റമദാനിലെ പുണ്യവും വഹിച്ച് കഴിഞ്ഞ ഇരുപത്തിയഞ്ച് രാപകലുകളായി തുടരുന്ന പ്രാര്‍ഥനകളും സത്കര്‍മങ്ങളും വ്യാഴാഴ്ച അതിന്റെ പരകോടിയിലെത്തും.
ലൈലത്തുല്‍ ഖദ്ര്‍ അഥവാ വിധിനിര്‍ണ്ണയ രാവ് ആകാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്നതും റംസാനിലെ ഏറ്റവും പുണ്യംനിറഞ്ഞതെന്നു കരുതുന്നതുമായ ഇരുപത്തിയേഴാം രാവ് കഴിഞ്ഞാല്‍ പിന്നെ പെരുന്നാളിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലേക്ക് വിശ്വാസികള്‍ മാറും. റഹ്മാനിയ മസ്ജിദിലും ജമാഅത്ത് പള്ളികളിലുമായി വ്യാഴാഴ്ച വൈകുന്നേരത്തെ നോമ്പുതുറയ്ക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തുടർന്ന് വൈകുന്നേരത്തോടെ തുടങ്ങുന്ന പ്രാർത്ഥനാ സംഗമത്തിന് ഉസ്താദ് ഷാജഹാൻ അസ്ഹരി നേത്യത്വം വഹിക്കും.
മാനവര്‍ക്ക് മാര്‍ഗദര്‍ശനമായി ഖുര്‍ആന്‍ അവതരിച്ചത് ലൈലത്തുല്‍ ഖദ്‌റിലാണ്. ജീവിതത്തിലെ വീഴ്ചകള്‍ ഏറ്റുപറഞ്ഞ് പാപമോചനം തേടുന്ന വിശ്വാസികളുടെ സാന്നിദ്ധ്യത്തില്‍ പള്ളികളും വീടുകളുംഇന്നത്തെ രാത്രി പ്രാര്‍ഥനകളുടെ നൈര്‍മല്യത്താല്‍ നിറയും.
നോമ്പുതുറയും തറാവീഹ് നമസ്‌കാരവും കഴിഞ്ഞ് പ്രാര്‍ഥനകളും ഖുര്‍ആന്‍ പാരായണവുമായി മിക്ക വിശ്വാസികളും പള്ളിയില്‍ തന്നെ കഴിച്ചുകൂട്ടും. ലൈലത്തുല്‍ ഖദ്‌റിന്റെ ഭാഗമായി ചിലയിടങ്ങളില്‍ രാത്രി പ്രാര്‍ഥനാസംഗമങ്ങളും ഒരുക്കിയിട്ടുണ്ട്. പൂര്‍വികരുടെ ഖബര്‍സന്ദര്‍ശനവും, സക്കാത്ത് വിതരണവും ഈ രാവിന്റെ പ്രത്യേകതകളാണ്. പത്ത് മണിക്ക് ഇഷാഹ് നമസ്കാരത്തോടെയാണ് റഹ്മാനിയ മസ്ജിദിൽ ഇന്ന് പ്രാർത്ഥനകൾക്ക് തുടക്കമാകുക.
0 Comments