banner

'ആനയെ വരെ മതം മാറ്റാൻ ശ്രമം'; കേരളത്തിൽ 'ആന ജിഹാദ്' എന്ന് വ്യാപക വിദ്വേഷ പ്രചാരണം; വ്യാജ വീഡിയോ

സങ്കൽപ്പിക്കാവുന്നതിലും അപ്പുറത്താണ് ജനങ്ങളെ തമ്മിലടിപ്പിക്കാനായി വിദ്വേഷ പ്രചാരകർ അവലംബിക്കുന്ന രീതികൾ. വളരെ നിർദോഷകരമായ ചിത്രങ്ങളും വാർത്തകളും വരെ ഇത്തരക്കാർ തങ്ങളുടെ താൽപര്യങ്ങൾക്കായി വളച്ചൊടിച്ച് അവതരിപ്പിക്കും. ഉത്തരേന്ത്യയിൽ സമൂഹമാധ്യമങ്ങളിൽ കേരളത്തെയും മലയാളികളെയും ഇകഴ്ത്തിക്കാട്ടാൻ വ്യാപകമായ വിദ്വേഷ കാമ്പയിനുകൾ തന്നെ നടക്കാറുണ്ട്. തീവ്രഹിന്ദുത്വവാദികളുടെ ഇത്തരം കാമ്പയിനുകൾ സമൂഹമാധ്യമങ്ങൾ തന്നെ കയ്യോടെ പൊളിക്കാറുമുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവുമൊടുവിൽ അവതരിപ്പിച്ചിരിക്കുന്ന പ്രചാരണമാണ് 'ആന ജിഹാദ്'.

കേരളത്തിലെ മുസ്ലിം യുവാവ് ആനയ്ക്ക് മാംസം കൊടുക്കുന്നുവെന്ന തലക്കെട്ടിലാണ് തീവ്രഹിന്ദുത്വ വിദ്വേഷപ്രചാരകർ വിഡിയോ പ്രചരിപ്പിക്കുന്നത്. ആനയെ വരെ ഇസ്ലാം മതത്തിലേക്ക് മാറ്റാനുള്ള നീക്കമാണ് കേരളത്തിൽ നടക്കുന്നതെന്നും ഇവർ ആരോപിക്കുന്നു. ഇത്തരത്തിലുള്ള നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

മലപ്പുറം അരീക്കോടിനടുത്ത്​ കീഴുപറമ്പിൽ 2021 നവംബറിൽ നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങളാണ് സംഘ്പരിവാർ ഗ്രൂപ്പുകളിൽ ഉൾപ്പെടെ പ്രചരിക്കുന്നത്. ആനക്ക് നൽകാൻ തേങ്ങയുമായി എത്തിയ പിതാവും മകനും ആനയുടെ ആക്രമണത്തിൽ നിന്ന്​ അത്ഭുതകരമായി രക്ഷപ്പെടുന്നതാണ് വിഡിയോ. ഈയടുത്ത് മലയാളികൾ ഏറെ പങ്കുവെച്ച വിഡിയോയാണ് വിദ്വേഷപ്രചാരണത്തിനായി ഇപ്പോൾ ചില കേന്ദ്രങ്ങൾ ഉപയോഗിക്കുന്നത്.

കീഴുപറമ്പ് പഞ്ചായത്തിലെ പഴംപറമ്പിൽ തളച്ചിട്ട കൊളക്കാടൻ മിനി എന്ന ആനയുടെ അടുത്ത് പിതാവും മകനും തേങ്ങ കൊടുക്കാനെത്തിയതായിരുന്നു. പിതാവാണ്​ ആദ്യം തേങ്ങ നൽകിയത്​. തുടർന്ന്​ മകൻ തേങ്ങ കൊടുക്കുന്നതിനിടയിലായിരുന്നു ആനയുടെ ആക്രമണം. പിതാവ് ഉടൻ മകനെ രക്ഷപ്പെടുത്തുകയായിരുന്നു. ഇതിനിടയിൽ രണ്ടുപേരും തെറിച്ച് വീഴുകയും ചെയ്തു. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളുടെ പ്രചരിച്ചതോടെ ആഴ്ചകൾക്ക് മുമ്പ് വനപാലകർ സ്ഥലത്തെത്തി ആനയുടെ ഉടമയുമായി സംസാരിക്കുകയും ചെയ്തിരുന്നു. 

തേങ്ങ കൊടുക്കുന്ന വിഡിയോയാണ് ആനക്ക് മാംസം കൊടുക്കുന്ന വിഡിയോയെന്ന തലക്കെട്ടിൽ പ്രചരിപ്പിക്കുന്നത്.  

HIGHLIGHTS : Widespread hate campaign in Kerala called 'Elephant Jihad'

Post a Comment

0 Comments