banner

'ഈ ശിക്ഷ വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു': നടിയെ ആക്രമിച്ച കേസിൽ പുതിയ വഴിത്തിരിവ്; ദിലീപിന്റേതെന്ന് പറയപ്പെടുന്ന പുതിയ ശബ്ദരേഖ പുറത്ത്

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ തെളിവായി ദിലീപിന്റേതെന്ന് പൊലീസ് അവകാശപ്പെടുന്ന ശബ്ദരേഖ പുറത്ത്. ദിലീപ് തൻ്റെ അടുത്ത സുഹൃത്ത് ബൈജുവുമായി സംസാരിച്ചു എന്ന് പറയപ്പെടുന്ന ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ ദിലീപിൻ്റെ മൊഴി പ്രകാരം ഇത് തന്റെ ശബ്ദമല്ലെന്നാണ് ക്രൈം ബ്രാഞ്ചിനോട് പറഞ്ഞിരിക്കുന്നത്. ഇത് വേറെ പെണ്ണ് അനുഭവിക്കേണ്ട ശിക്ഷയാണെന്നും അവരെ രക്ഷിച്ചതിന് താന്‍ ശിക്ഷിക്കപ്പെട്ടു എന്നുമാണ് പുറത്തുവന്ന ശബ്ദരേഖയില്‍ ദിലീപ് പറയുന്നത്.

'ഈ ശിക്ഷ വേറെ പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു. അവരെ നമ്മള്‍ രക്ഷിച്ച് രക്ഷിച്ച് കൊണ്ടുപോയിട്ട് ഞാന്‍ ഇതില്‍ ശിക്ഷിക്കപ്പെട്ടു' എന്നാണ് ശബ്ദരേഖയില്‍ പറയുന്നത്. പത്ത് സെക്കന്റ് ദൈര്‍ഘ്യമുള്ള ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. കേസിലെ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ റെക്കോഡ് ചെയ്ത ശബ്ദരേഖയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഈ ശബ്ദരേഖ അന്വേഷണ സംഘം കോടതിയിലും സമര്‍പ്പിച്ചിരുന്നു.

ഇതേ ശബ്ദരേഖ ദിലീപിന്റെ ഫോണില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട് എന്നാണ് ക്രൈം ബ്രാഞ്ച് സംഘം പറഞ്ഞിരിക്കുന്നത്. അതേസമയം, ശബ്ദരേഖ തന്റേത് അല്ലെന്നാണ് ചോദ്യം ചെയ്യലില്‍ ദിലീപ് നല്‍കിയിരിക്കുന്ന മറുപടി. എന്നാല്‍ ദിലീപിന്റെ ശബ്ദം സാക്ഷികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് ക്രൈം ബ്രാഞ്ച് സംഘം പറയുന്നത്. കൂടാതെ ശബ്ദരേഖയും ദിലീപിന്റെ ശബ്ദം ഒന്നാണോ എന്ന് ഔദ്യോഗികമായി സ്ഥിരീകരിക്കാന്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുമുണ്ട്.

കഴിഞ്ഞ ദിവസം ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജും വ്യവസായി ശരത്തും തമ്മിലുള്ള ഫോണ്‍ സംഭാഷണവും പുറത്തായിരുന്നു. ഇതില്‍ ദിലീപ് പെട്ടതാണെന്നും കാവ്യയ്ക്ക് വെച്ച പണിയാണെന്നുമാണ് പറയുന്നത്. ഇതിന് സാധൂകരിക്കുന്ന തരത്തിലാണ് ദിലീപിന്റെതെന്ന പേരില്‍ പുറത്തുവന്ന ശബ്ദരേഖയിലുമുള്ളത്. അതേസമയം കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനെ തിങ്കളാഴ്ച ക്രൈം ബ്രാഞ്ച് സംഘം ചോദ്യം ചെയ്യും എന്ന് അറിയിച്ചിട്ടുണ്ട്.

ആലുവ പൊലീസ് ക്ലബ്ബില്‍ വെച്ചായിരിക്കും കാവ്യാ മാധവനെ ചോദ്യം ചെയ്യുക എന്നായിരുന്നു നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ട്. എന്നാല്‍ ചോദ്യം ചെയ്യലിന് വേണ്ട സ്ഥലം കാവ്യയ്ക്ക് തിരുമാനിക്കാം എന്നാണ് ക്രൈംബ്രാഞ്ച് അറിയിച്ചിരിക്കുന്നത്. സാക്ഷിയായ സ്ത്രീക്ക് നല്‍കിയ ആനുകൂല്യമാണിതെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയും വധ ഗൂഢാലോചന കേസിലെ സാക്ഷി ബാലചന്ദ്രകുമാറും പറയുന്ന മാഡം കാവ്യ മാധവന്‍ ആണെന്നാണ് ക്രൈം ബ്രാഞ്ചിന്റെ അനുമാനം. അതേസമയം ഇപ്പോള്‍ കാവ്യ മാധവനിലേക്ക് ഫോക്കസ് മാറ്റുന്നതിന് പിന്നില്‍ ബോധപൂര്‍വ്വമായ നീക്കം നടക്കുന്നുണ്ടോയെന്നും ക്രൈം ബ്രാഞ്ച് സംശയിക്കുന്നുണ്ട്.

ദിലീപ് ഹാജരാക്കിയ ഫോണുകളിലെ പല വിവരങ്ങളും തിരിച്ചെടുക്കാന്‍ സാധിച്ചത് അന്വേഷണ സംഘത്തിന് സഹായകമാണ്. ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ ഏഴാം പ്രതിയായ ഐ ടി വിദഗ്ധന്‍ സായ് ശങ്കറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ പല വെളിപ്പെടുത്തലുകളും ദിലീപിനും സംഘത്തിനും എതിരാണ്. രണ്ട് ദിവസം താന്‍ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാനായി ചെലവഴിച്ചുവെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും കഴിഞ്ഞ ദിവസം സായ് ശങ്കര്‍ വെളിപ്പെടുത്തിയിരുന്നു.

ദിലീപിന്റെ ഫോണുകള്‍ പരിശോധിച്ചതില്‍ നിന്നും പല നിര്‍ണായക വിവരങ്ങളും ലഭിച്ചു എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട ആറ് ഫോണുകളില്‍ നിന്നായി 90 ശതമാനത്തോളം പരിശോധനയും നിലവില്‍ പൂര്‍ത്തിയാക്കി. ഇനി 4 ഫോണുകളിലെ പരിശോധനയാണ് പൂര്‍ത്തിയാക്കാനുള്ളത്. കേസില്‍ മൂന്ന് മാസത്തിന് ഉള്ളില്‍ തുടരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാം എന്നാണ് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചിരിക്കുന്നത്.

Post a Comment

0 Comments