banner

കൊല്ലത്ത് കുഞ്ഞിന് പേരിടൽ തർക്കം: മാതാപിതാക്കൾക്ക് എതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു; വൈറൽ വീഡിയോ

കഴിഞ്ഞ ദിവസം പുനലൂരിൽ കുഞ്ഞിൻ്റെ പേരിടല്‍ ചടങ്ങിനിടെയുണ്ടായ തര്‍ക്കം സമുഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു. നിരവധി വിമർശനങ്ങളാണ് ഈ വീഡിയോയ്ക്ക് എതിരെ സമൂഹമാധ്യമങ്ങളിൽ ഉയർന്നത്. വീഡിയോ പുറത്തു വന്നതിനു പിന്നാലെ വീഡിയോയ്‌ക്കെതിരെ പരാതിയുമായി പിതാവും രംഗത്തെത്തി. 

40 ദിവസം പ്രായമായ കുട്ടിയുടെ സ്വകാര്യത മാനിക്കാതെ വീഡിയോ പ്രചരിപ്പിച്ചതിനെതിരെ ബലാവകാശ കമ്മീഷനെ സമീപിക്കുമെന്നും പിതാവ് പറഞ്ഞിരുന്നു. 

എന്നാൽ 40 ദിവസം മാത്രം പ്രായമായ കുഞ്ഞിനെ അപകടകരമായ രീതിയിൽ കെെകാര്യം ചെയ്ത മാതാപിതാക്കൾക്ക് എതിരെ സ്വമേധയാ കേസെടുത്തിരിക്കുകയാണ് ബാലാവകാശ കമ്മീഷൻ. കുഞ്ഞിൻ്റെ സ്വകാര്യതയെ ഹനിച്ചുവെന്ന പിതാവിൻ്റെ പരാതി ബാലാവകാശ കമ്മീഷനിൽ എത്തിയിട്ടില്ലെന്നും എന്നാൽ ലഭിച്ച വീഡിയോയിൽ കുഞ്ഞിനെ അശ്രദ്ധമായി മാതാപിതാക്കൾ കെെകാര്യം ചെയ്യുന്നത് വ്യക്തമാകണെന്നും ബാലാവകാശ കമ്മീഷൻ അംഗം റെനി ആൻ്റണി ഇന്ത്യടുഡേയോടു പറഞ്ഞു. ഈ വീഡിയോയുടെ അടിസ്ഥാനത്തിലാണ് മാതാപിതാക്കൾക്ക് എതിരെ കേസെടുക്കാൻ നിർദ്ദേശം നൽകിയതെന്നും അദ്ദേഹം വ്യക്തമാക്കി. 

ജില്ലാ പൊലീസ് മേധാവിയോടും സംഭവം നടന്ന സ്ഥലത്തെ എസ്എച്ച്ഒയോടും അടിയന്തിര റിപ്പോർട്ട് ആവശ്യപ്പെട്ട് ബാലവകാശ കമ്മീഷൻ നോട്ടീസ് അയച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കൊല്ലം പുനലൂരിലാണ് കുഞ്ഞിൻ്റെ പേരിടലിനെ തുടര്‍ന്ന് വാക്ക് തര്‍ക്കം ഉണ്ടാവുകയും അതിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയും ചെയ്തത്. പിതാവ് വിളിച്ച പേര് അമ്മയ്ക്ക് ഇഷ്ടമാവാത്തതോടെ കുഞ്ഞിനെ അമ്മ മറ്റൊരു പേര് വിളിക്കുകയായിരുന്നു. ഇത് തര്‍ക്കത്തിലേക്ക് വഴിവെക്കുകയായിരുന്നു. 

സംഭവത്തിന്റെ വീഡിയോ ആരോ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.

കുടുംബത്തിനുള്ളില്‍ ഒതുക്കേണ്ട പ്രശ്നം സോഷ്യല്‍മീഡിയയില്‍ വൈറലായതില്‍ വിഷമമുണ്ടെന്നു വ്യക്തമാക്കി കുഞ്ഞിൻ്റെ പിതാവ് രാവിലെ രംഗത്തെത്തിയിരുന്നു. ഇത് ചെയ്തത് ആരാണെന്ന് അറിയാന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കാന്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. താനും ഭാര്യയും തമ്മില്‍ എല്ലാ കുടുംബങ്ങളിലും ഉള്ളതുപോലെ ചെറിയ അഭിപ്രായ വ്യത്യാസങ്ങളും വഴക്കുകളും മാത്രമേയുള്ളുവെന്നാണ് കുഞ്ഞിൻ്റെ പിതാവ് വ്യക്തമാക്കിയത്.   

Post a Comment

0 Comments