banner

ഗുണത്തേക്കാളേറെ ദോഷം: അധികമായി കുളിക്കരുത്; വിദഗ്ദർ പറയുന്നതിങ്ങനെ...

പൊടിയും അഴുക്കുമെല്ലാം കഴുകിക്കളഞ്ഞ് ചര്‍മത്തെ വൃത്തിയുള്ളതാക്കാന്‍ കുളി നല്ലതാണെങ്കിലും കുളിയുടെ എണ്ണം കൂട്ടിയാല്‍ അത് ചര്‍മത്തിന് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ചൂടുകാലത്തായാലും തണുപ്പു കാലത്തായാലും ഒരുപാടു തവണ കുളിക്കുന്നത് നല്ലതല്ല. ഒരുപാട് പ്രാവശ്യം കുളിക്കുമ്പോള്‍ ചര്‍മത്തിലെ എണ്ണമയം കൂടുതല്‍ നഷ്ടപ്പെട്ട് വരണ്ടതാകാനുള്ള സാധ്യതയുണ്ട്. 

ദിവസവും ഒരു നേരം കുളിക്കുന്നതാകും അഭികാമ്യം. വരണ്ട ചര്‍മമുള്ളവര്‍ കുളിക്കുമ്പോള്‍ സാധാരണ സോപ്പിനു പകരം ക്ലെന്‍സിങ് ലോഷന്‍ ചേര്‍ന്ന ഷവര്‍ ജെല്‍ ഉപയോഗിക്കുന്നതാണ് നല്ലത്. ചൂടുകുരു പോലെയുള്ള അസ്വസ്ഥതകളുള്ള സാഹചര്യത്തില്‍ സോപ്പുപയോഗിക്കാതെ രണ്ടു തവണ കുളിക്കുന്നതിലും തെറ്റില്ല. 

നാട്ടില്‍ ഏറ്റവും സുലഭവും വിലക്കുറവുള്ളതും മികച്ച ഗുണമുള്ളതുമാണ് വെളിച്ചെണ്ണ. അത് നല്ലൊരു മോയിസ്ചറൈസറാണ്. വൈറ്റമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. ഫാറ്റി ആസിഡുകള്‍, ആന്റിഫംഗല്‍, ആന്റി ബാക്റ്റീരിയല്‍, ആന്റി ഇന്‍ഫ്‌ലമേറ്ററി ഘടകങ്ങള്‍ എന്നിവയും വെളിച്ചെണ്ണയിലുണ്ട്. 

അതുകൊണ്ടു തന്നെ ചൊറിച്ചില്‍, അലര്‍ജി, ഫംഗല്‍ ഇന്‍ഫെക്ഷന്‍സ് അങ്ങനെ പലവിധത്തിലുള്ള ത്വക്രോഗങ്ങളെ തടയാനുള്ള കഴിവ് വെളിച്ചെണ്ണയ്ക്കുണ്ട്. ശരിക്കും എണ്ണ പുരട്ടേണ്ടത് കുളിക്കുന്നതിനു മുന്‍പല്ല. കുളിച്ചതിനു ശേഷമാണ്. അങ്ങനെ പറയാന്‍ കാരണമുണ്ട്. കുളിക്കുന്നതിനു മുന്‍പ് എണ്ണ പുരട്ടുമ്പോള്‍ ത്വക്കിനു മുകളില്‍ എണ്ണ ഒരു പാളിപോലെ നില്‍ക്കുന്നതിനാല്‍ വെള്ളത്തിന് ചര്‍മവുമായി നേരിട്ട് സമ്പര്‍ക്കം വരില്ല. 

കുളിക്കമ്പോള്‍ സോപ്പും ലോഷനുമുപയോഗിച്ച് എണ്ണ കഴുകിക്കളയുന്നതിനാല്‍ എണ്ണയില്‍ നിന്നുള്ള ഗുണങ്ങള്‍ ചര്‍മത്തിന് ലഭിക്കുകയുമില്ല.

Post a Comment

0 Comments