banner

സോളാര്‍ പീഡനക്കേസ്: കേരള ഹൗസ് ജീവനക്കാരിൽ നിന്ന് മൊഴിയെടുത്ത് സി.ബി.ഐ

സോളാര്‍ പീഡനക്കേസിൽ ഡൽഹി കേരള ഹൗസ് ജീവനക്കാരിൽ നിന്ന് സി.ബി.ഐ മൊഴിയെടുത്തു. മുൻ മന്ത്രി എ.പി അനിൽകുമാറിനെ കുറിച്ചുള്ള പരാതിയുടെ അടിസ്ഥാനത്തിലാണ് കേരള ഹൗസിലെ ജീവനക്കാരിൽ നിന്ന് സി.ബി.ഐ മൊഴിയെടുത്തത്. 

2012 ൽ അനിൽകുമാറിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗം പി.പി നസറുള്ള മുറിയെടുത്തതിനെ കുറിച്ചും ‌സിബിഐ അന്വേഷിച്ചു. കേരള ഹൗസിൽ മുറിയെടുത്ത് താമസിച്ചാണ് സിബിഐ അന്വേഷണം നടത്തുന്നത്.

പരാതിക്കാരിയും ആരോപണവിധേയരായ നേതാക്കളും ദില്ലിയിലെ കേരള ഹൗസിൽ താമസിച്ച വേളയിലുണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയാണെടുത്തത്. ഇന്നലെയാണ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചത്. 

സോളാർ കമ്മീഷൻ റിപ്പോർട്ടിലും പീഡനത്തേക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ആദ്യം ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസ് പരാതിക്കാരിയുടെ ആവശ്യപ്രകാരം സംസ്ഥാന സർക്കാർ സിബിഐക്ക് വിടുകയായിരുന്നു. പരാതിക്കാരി സിബിഐ തിരുവനന്തപുരം, ഡൽഹി യൂണിറ്റിൽ നേരിട്ടെത്തി മൊഴിയും നൽകിയിരുന്നു.

അന്വേഷണത്തിന് ഏറെ കാലതാമസുണ്ടായെങ്കിലും വർഷങ്ങൾക്ക് ശേഷം ഇപ്പോഴാണ് കേസിൽ സിബിഐ പ്രത്യക്ഷമായി ഇടപെടുന്നത്. നിള ബ്ലോക്കിലെ 33, 34 മുറികളിലാണ് സിബിഐ പരിശോധന നടത്തിയത്.

കോൺഗ്രസ് നേതാക്കളായ ഹൈബി ഈഡൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, കെ.സി. വേണുഗോപാൽ, അടൂർ പ്രകാശ്, മുൻ കോൺഗ്രസ് നേതാവ് എ.പി അബ്ദുള്ളക്കുട്ടി, എ.പി. അനിൽകുമാർ എന്നിവർക്കെതിരേ ആയിരുന്നു പരാതി.


Post a Comment

0 Comments