banner

കൊവിഷീൽഡ് വാക്സിന് വിലകുറഞ്ഞു; ഒരു ഡോസിന് ഇനി വില 225 രൂപ

ന്യൂഡൽഹി : കൊവിഷീൽഡ് വാക്സിൻ ഡോസുകൾക്കുള്ള വില കുറച്ച് സെറം ഇൻസ്റ്റിറ്റ്യൂട്ട്. ഇനിമുതൽ ഒരു ഡോസ് 225 രൂപയ്ക്ക് ലഭിക്കും. നേരത്തേ ഒരു ഡോസ് വാക്സിന് 600 രൂപയായിരുന്നു. സ്വാകര്യ ആശുപത്രികളിൽ നിന്ന് 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകാനുള്ള സർക്കാർ തിരുമാനത്തിന് പിന്നാലെയാണ് വിലകുറച്ച് കൊണ്ടുള്ള തിരുമാനെ സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചത്.

കേന്ദ്രസർക്കാരുമായി ചർച്ച ചെയ്തതിന് ശേഷമാണ് തിരുമാനം കൈക്കൊണ്ടതെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് സി ഇ ഒ അഡാർ പുനവാലെ പറഞ്ഞു. 'കേന്ദ്ര സർക്കാരുമായുള്ള ചർച്ചയ്ക്ക് ശേഷം, സ്വകാര്യ ആശുപത്രികൾക്കുള്ള കൊവിഷീൽഡ് വാക്‌സിന്റെ വില ഡോസിന് 600 രൂപയിൽ നിന്ന് 225 ആക്കി പരിഷ്കരിക്കാൻ സെറം ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിച്ചതായി അറിയിക്കുന്നു. 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് സ്വകാര്യ ആശുപത്രികൾ വഴി ബൂസ്റ്റർ ഡോസ് നൽകാനുള്ള സർക്കാർ തിരുമാനത്തേയും അഭിനന്ദിക്കുന്നു, പൂനവാലെ ട്വീറ്റ് ചെയ്തു.

18 വയസ്സിന് മേൽ പ്രായമുള്ളവർക്ക് സ്വകാര്യ പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങളിൽ കോവിഡ് മുൻകരുതൽ ഡോസ് ലഭ്യക്കുമെന്ന് കേന്ദ്രസർക്കാർ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഏപ്രിൽ 10 മുതൽ (ഞായർ) സ്വകാര്യ പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങൾ വഴി 18 വയസ്സിനു മേൽ പ്രായമുള്ളവർക്കായി മുൻകരുതൽ ഡോസ് വിതരണം ആരംഭിക്കും. രണ്ടാം ഡോസ് എടുത്ത് 9 മാസം പൂർത്തിയാക്കിയ 18 വയസ്സിനു മേൽ പ്രായമുള്ള എല്ലാവർക്കും മുൻകരുതൽ ഡോസിന് അർഹതയുണ്ടെന്നായിരുന്നു സർക്കാർ പത്രകുറിപ്പിൽ അറിയിച്ചത്.

രാജ്യത്തിതുവരെ 15 വയസ്സിന് മേൽ പ്രായമുള്ളവരിൽ ഏകദേശം 96 % പേർക്ക് ഒരു ഡോസ് കോവിഡ് വാക്സിനെങ്കിലും ലഭിച്ചിട്ടുണ്ട്. 15 വയസ്സിന് മേൽ പ്രായമുള്ളവരിൽ ഏകദേശം 83% പേർക്ക് രണ്ട് ഡോസും ലഭിച്ചു. ആരോഗ്യപ്രവർത്തകർ, മുൻനിരപ്പോരാളികൾ, 60 വയസ്സിന് മേൽ പ്രായമുള്ളവർ തുടങ്ങിയ വിഭാഗങ്ങൾക്ക് 2.4 കോടിയിലധികം മുൻകരുതൽ ഡോസുകൾ വിതരണം ചെയ്തു. 12 മുതൽ 14 വയസ്സു വരെ പ്രായമുള്ളവരിൽ 45% പേർക്ക് ആദ്യ ഡോസ് ലഭിച്ചു.

അതേസമയം ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 185.55 കോടി (1,85,55,07,496) പിന്നിട്ടു കഴിഞ്ഞു. 2,24,25,493 സെഷനുകളിലൂടെയാണ് ഈ നേട്ടം കൈവരിച്ചതെന്ന് കേന്ദ്രസർക്കാർ അറിയിച്ചു.

Post a Comment

0 Comments