banner

കർഷകൻ ആത്മഹത്യ ചെയ്ത സംഭവം: യുഡിഎഫ് സംഘം ഇന്ന് കുട്ടനാട്ടിലേക്ക്

കര്‍ഷക ആത്മഹത്യ നടന്ന അപ്പര്‍ കുട്ടനാട് ഇന്ന് യുഡിഎഫ് സംഘം സന്ദര്‍ശിക്കും. കേരളം ഇത്രയും കടക്കെണിയിലായ സാഹചര്യം ഉണ്ടായിട്ടില്ലെന്ന് വി.ഡി.സതീശന്‍ കൊച്ചിയില്‍ പറഞ്ഞു. അപ്പര്‍കുട്ടനാട്ടില്‍ നെല്‍കര്‍ഷകന്‍ തൂങ്ങി മരിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തവണയും വേനല്‍മഴ വിള നശിപ്പിച്ചതോടെയാണ് തിരുവല്ല നിരണം വടക്കുംഭാഗം സ്വദേശി രാജീവന്‍ ഇന്നലെ ജീവനൊടുക്കിയത്.

കൃഷി നാശത്തെ തുടർന്നാണ് തിരുവല്ല നിരണത്ത് നെൽക്കർഷകനായ വടക്കുംഭാഗം കാണാത്ര പറമ്പ് വീട്ടിൽ രാജീവൻ ഇന്നലെ ആത്മഹത്യ ചെയ്തത്. രാജീവൻ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന പാടശേഖരത്തിന് സമീപത്തെ പുരയിടത്തിലെ മരക്കൊമ്പിലാണ് തൂങ്ങി മരിച്ചത്.

കൃഷി ആവശ്യത്തിനായി രാജീവൻ ബാങ്കുകളിൽ നിന്നും അയൽ കൂട്ടങ്ങളിൽ നിന്നും വായ്പ എടുത്തിരുന്നു. കഴിഞ്ഞ വർഷത്തെ വേനൽ മഴ മൂലം കൃഷി നശിച്ച് രാജീവിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായിരുന്നു. സർക്കാർ ധനസഹായമായി നാമമാത്രമായ തുക മാത്രമാണ് ലഭിച്ചത്.

ഇതിനെതിരെ രാജീവ് അടക്കം 10 കർഷകർ ഹൈകോടതിയിൽ റിട്ട് ഹരജി ഫയൽ ചെയ്തിരുന്നു. ഈ വർഷവും 10 ഏക്കറോളം നെൽവയൽ പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചെങ്കിലും ഇക്കുറിയും മഴ ചതിച്ചു. വായ്പ തുക തിരിച്ചടക്കാൻ കഴിയില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അത്മഹത്യയെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.

Post a Comment

0 Comments