banner

വീട്ടില്‍ ആരുമില്ലാത്ത സമയത്ത് വേലക്കാരി അഞ്ചര വയസുകാരിയെ ക്രൂരമായി മര്‍ദിച്ചു; സിസിടിവി ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കി കുട്ടിയുടെ പിതാവ്

ഇടുക്കിയില്‍ അഞ്ചര വയസുകാരിയെ ക്രൂരമായി മര്‍ദിച്ച വീട്ടുജോലിക്കാരിക്കെതിരെ പൊലീസ് കേസെടുത്തു. മൂലമറ്റം സ്വദേശി തങ്കമ്മയ്‌ക്കെതിരെയാണ് കേസെടുത്തത്. കുട്ടിയെ ജോലിക്കാരി വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. പോലീസ് കേസെടുത്തതോടെ തങ്കമ്മ ഒളിവില്‍ പോയിരിക്കുകയാണ്. സംഭവത്തെ കുറിച്ച് വീട്ടുജോലിക്കാരിയോട് തിരക്കിയപ്പോള്‍ ഇവര്‍ ദേഷ്യപ്പെട്ടതായും വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതായും ബിബിന്‍ പറയുന്നു.

ഉടുമ്പന്നൂര്‍ സ്വദേശി ബിബിനാണ് ജോലിക്കാരിക്കെതിരെ പരാതി നല്‍കിയത്. ഭാര്യ വിദേശത്തായതിനാല്‍ അഞ്ചര വയസുള്ള മകളെയും നാലര വയസുള്ള മകനെയും പരിചരിക്കാനാണ് ബിബിന്‍ ജോലിക്കാരിയെ ഏര്‍പ്പാടാക്കിയത്. ബിബിന്‍ കഴിഞ്ഞ ദിവസം മലയാറ്റൂര്‍ തീര്‍ഥാടനത്തിന് പോയിരുന്നു. വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് വേലക്കാരി കുട്ടികളെ ഉപദ്രവിച്ചത്.

വീട്ടില്‍ സിസിടിവി സ്ഥാപിച്ചിരുന്നതിനാല്‍ കുട്ടിയെ ഇവര്‍ മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പിതാവ് കാണുകയായിരുന്നു. ഈ ദൃശ്യങ്ങള്‍ സഹിതമാണ് പിതാവ് പോലീസില്‍ പരാതി നല്‍കിയത്. കുട്ടിയെ ഇവര്‍ അടുക്കളയില്‍ നിന്ന് വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഒരു മാസത്തെ കരാറില്‍ മൂന്ന് ദിവസം മുമ്പാണ് തങ്കമ്മ വീട്ടുജോലിക്കെത്തിയത്. തൊടുപുഴയിലുള്ള ഏജന്റ് വഴിയാണ് വീട്ടില്‍ ജോലിക്കാരിയെ നിര്‍ത്തിയത്. ഇവര്‍ ഇപ്പോള്‍ ഒളിവിലാണ്.

Post a Comment

0 Comments