banner

തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നതായി മമ്മൂട്ടി; മലയാള സിനിമയ്ക്ക് പുതിയ ഭാവുകത്വം പകർന്നുനൽകിയ പ്രതിഭയെന്ന് മോഹൻലാൽ; ജോൺ പോളിൻ്റെ സംസ്കാര ചടങ്ങ് ഇന്ന് കൊച്ചിയിൽ

കൊച്ചി : അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ജോണ്‍ പോളിന്‍റെ സംസ്കാരം ഇന്ന് കൊച്ചിയിൽ നടക്കും. വൈകിട്ട് മൂന്ന് മണിക്ക് കൊച്ചി ഇളംകുളത്തെ സെന്‍റ് മേരീസ് സുനഹോ സിംഹാസന പള്ളിയിലാണ് സംസ്കാരം

ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ 8 മണിയോടെ കൊച്ചി ടൗൺ ഹാളിലേക്ക് മാറ്റും. 11 മണി വരെ ടൗൺഹാളിൽ പൊതുദർശനം. ചലച്ചിത്ര പ്രേമികളും സിനിമ സാംസ്കാരിക മേഖലയും ഇവിടെ അന്തിമ ഉപചാരം അർപ്പിക്കും. ചാവറ കൾച്ചറൽ സെന്‍ററിലും മരടിലെ വീട്ടിലെയും പൊതുദർശനത്തിന് ശേഷം 3 മണിയോടെ പള്ളിയിലെത്തിക്കും. 

ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു 72കാരനായ ജോൺ പോളിന്റെ അന്ത്യം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. രോഗബാധിതനായി രണ്ടു മാസമായി ആശുപത്രിയിലായിരുന്നു. 

നൂറോളം സിനിമകള്‍ക്കാണ് ജോണ്‍ പോള്‍ തിരക്കഥയെഴുതിയത്. കാനറ ബാങ്കിൽ ജീവനക്കാരനായിരുന്ന ജോൺ പോൾ പിന്നീട് ജോലി രാജിവച്ചാണ് മുഴുവൻ സമയ തിരക്കഥാകൃത്തായി മാറിയത്. ഐവി ശശിയുടെ ഞാന്‍ ഞാന്‍ മാത്രം എന്ന സിനിമയ്ക്ക് കഥയെഴുതിക്കൊണ്ടാണ് ജോണ്‍ പോള്‍ സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുന്നത്. ഭരതന്റെ ചാമരം എന്ന സിനിമയ്ക്കാണ് ആദ്യ തിരക്കഥയൊരുക്കിയത്. ഭരതനു വേണ്ടിയാണ് ഏറ്റവും കൂടുതല്‍ തിരക്കഥയൊരുക്കിയത്. കമലിന്റെ പ്രണയമീനുകളുടെ കടല്‍ ആണ് അവസാനമായി തിരക്കഥ എഴുതിയ സിനിമ. 

മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, യാത്ര, കാതോട് കാതോരം, ഇണ, പാളങ്ങള്‍, കാറ്റത്തെ കിളിക്കൂട്, അതിരാത്രം, മാളൂട്ടി, ഉണ്ണികളെ ഒരു കഥപറയാം, ഓര്‍മയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം തുടങ്ങിയ ജോണ്‍പോളിന്റെ ശ്രദ്ധേയ സിനിമകളാണ്. 

ഐഷ എലിസബത്താണ് ഭാര്യ. മകള്‍ ജിഷ ജിബി.

പിണറായി വിജയൻ

തിരക്കഥാകൃത്തും ചലച്ചിത്ര നിർമ്മാതാവുമായ ജോൺ പോളിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു.മലയാള സിനിമയെ ഭാവാത്മകമായ ഉന്നത തലങ്ങളിലേയ്ക്കുയർത്തിയ പ്രതിഭാശാലിയായ ചലച്ചിത്രകാരൻ എന്ന നിലയിൽ ജോൺ പോൾ എന്നും അനുസ്മരിക്കപ്പെടും. കഥാകൃത്ത്, തിരക്കഥാകാരൻ, സംവിധായകൻ, സംഭാഷണ രചയിതാവ്, നിർമ്മാതാവ് തുടങ്ങി പലതലങ്ങളിൽ അദ്ദേഹം ചലച്ചിത്ര രംഗത്തിന് കലാത്മകമായ സംഭാവനകൾ നൽകി.

സാഹിത്യ, സാംസ്‌കാരിക വിഷയങ്ങളെക്കുറിച്ച് അഗാധമായ അറിവുണ്ടായിരുന്ന വ്യക്തിയായിരുന്നു ജോൺ പോൾ. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളിൽ അത് പ്രതിഫലിച്ചിരുന്നു. അനർഗളമായ വാക്പ്രവാഹമായിരുന്നു അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ. മലയാള സിനിമയുടെ ചരിത്ര രചനയിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് അദ്ദേഹം വിട പറഞ്ഞത്. മലയാളികളുടെ മനസ്സിൽ നിന്ന് മായാത്ത നിരവധി ചിത്രങ്ങളുടെ ശില്പിയാണ് ജോൺ പോൾ. കലാ, സാഹിത്യ, സാംസ്‌കാരിക രംഗങ്ങളിൽ വിപുലമായ സൗഹൃദവലയമുള്ള വ്യക്തികൂടിയായിരുന്നു അദ്ദേഹം.

സജി ചെറിയാൻ

തിരക്കഥാകൃത്ത് ജോൺപോളിന്റെ നിര്യാണത്തിൽ സാംസ്‌കാരിക-സിനിമാ വകുപ്പ് മന്ത്രി സജി ചെറിയാൻ അനുശോചിച്ചു.ഫേസ്‌ബുക്ക് കുറിപ്പിലുടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

ജോൺ പോൾ സാർ വിടപറഞ്ഞു...കഥയെഴുത്തിലെ മാന്ത്രികനായിരുന്നു ജോൺ പോൾ സാർ. ഒരേ സമയം കലാമൂല്യങ്ങളുള്ള സിനിമകളും വിനോദ സിനിമകളും ആ തൂലികയിൽ പിറന്നുവീണു. സിനിമയുടെ എല്ലാ മേഖലയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും പരന്ന വായനയും അദ്ദേഹത്തെ തുല്യതയില്ലാത്ത പ്രതിഭയാക്കി മാറ്റി.


 
ജോൺ പോൾ സാറിന്റെ വാക്കുകൾക്ക് മരണമില്ല. ആ ശബ്ദം നിലക്കുന്നുമില്ല. അസംഖ്യം കഥാപാത്രങ്ങളിലൂടെ ഒരു തെളിനീർചാലു പോലെ മലയാളികളുടെ മനസ്സിൽ അതൊഴുകി കൊണ്ടേയിരിക്കും. അദ്ദേഹത്തിന്റെ വിയോഗത്തിൽ ബന്ധുമിത്രാദികളുടെയും സിനിമാപ്രേമികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ആദരാഞ്ജലികൾ.

മോഹൻലാൽ

പ്രിയപ്പെട്ട ജോൺപോളേട്ടൻ നമ്മളെ വിട്ടുപിരിഞ്ഞു. ഉൾക്കരുത്തുള്ള തിരക്കഥകളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാവുകത്വം പകർന്നുനൽകിയ അത്യപൂർവ പ്രതിഭാശാലിയായിരുന്ന അദ്ദേഹത്തിന്റെ നിരവധി കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നു. മനുഷ്യബന്ധങ്ങളെ ആഴത്തിൽ സ്പർശിക്കുന്ന എത്രയെത്ര കഥാപരിസരങ്ങളാണ് അദ്ദേഹം നമുക്ക് സമ്മാനിച്ചത്. സുന്ദരമായ പുഞ്ചിരിയിലൂടെ, അതിലും സുന്ദരമായ ഭാഷയിലൂടെ മലയാളികളുടെ ഹൃദയം കവർന്ന ആ വലിയ കഥാകാരന് കണ്ണീരിൽ കുതിർന്ന പ്രണാമം.

മമ്മൂട്ടി

അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോളിനെ അനുസ്മരിച്ച് നടൻ മമ്മൂട്ടി. കുറച്ചുനാൾ മുമ്പേ താൻ അദ്ദേഹത്തെ നേരിട്ടുകണ്ട് സംസാരിച്ചിരുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി ജോൺ പോളിന്റെ ബന്ധുക്കളെ ആശ്വസിപ്പിച്ച് മടങ്ങവേ മാധ്യമങ്ങളോടായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.തിരിച്ചുവരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മലയാള സിനിമാ സാഹിത്യത്തിന് വലിയ സംഭാവനകൾ നൽകിയ ആളാണ്. വിയോഗത്തിൽ വലിയ ദുഃഖമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു.

ശ്രീകുമാരൻ തമ്പി

സ്‌നേഹബന്ധങ്ങൾക്ക് വിലയ വിലകൊടുത്തിരുന്നയാളാണ് ജോൺപോൾ. അദ്ദേഹം അനുഭവിച്ചുകൊണ്ടിരുന്ന ശാരീരിക യാതനകൾ വളരെ വലുതായിരുന്നു. അതിൽ നിന്നും ജോൺ പോളിന് മോചനം കിട്ടിയല്ലോ എന്ന സമാധാനവുമുണ്ട്.

'മലയാളം കണ്ട ഏറ്റവും വലിയ തിരക്കഥാകൃത്തുക്കളിലൊരാളായിരുന്നു ജോൺ പോൾ. അദ്ദേഹത്തിന് സ്വന്തമായി ഒരു ശൈലിയുണ്ടായിരുന്നു. മോശമായ സിനിമയ്ക്ക് അദ്ദേഹം തിരക്കഥയെഴുതിയിട്ടില്ല. ജോൺ പോൾ തിരക്കഥയെഴുതുന്ന സിനിമകൾക്ക് നിശ്ചിത നിലവാരം ഉണ്ടാകുമെന്ന് പ്രേക്ഷകർക്ക് അറിയാമായിരുന്നു. ശാരീരികമായി ബുദ്ധിമുട്ടുന്ന കാലത്തുപോലും ജോൺ പോൾ പരിശ്രമശാലിയായിരുന്നു എന്നുള്ളത് മറ്റുള്ളവർ കണ്ടുപഠിക്കേണ്ട കാര്യമാണ്.'തിരക്കഥാകൃത്ത് മാത്രമല്ല ജോൺ പോൾ. കേരളത്തിലെ ഏറ്റവും വലിയ പ്രഭാഷകരിലൊരാൾ കൂടിയായിരുന്നു അദ്ദേഹം. ഏത് വിഷയത്തേക്കുറിച്ചും ഇത്ര മനോഹരമായി സംസാരിക്കാൻ കഴിയുന്ന അധികമാളുകളെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹം നോവലുകളെഴുതിയിരുന്നെങ്കിൽ വലിയ നോവലിസ്റ്റ് ആയേനെ. അദ്ദേഹം ഒരു ജീനിയസ് ആയിരുന്നെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.

ഇന്നസെന്റ്

താൻ ജീവിച്ചിരിക്കുമ്പോൾ ജോൺ പോളിന്റെ വേർപാട് കേൾക്കുമെന്ന് കരുതിയിരുന്നില്ലെന്ന് നടൻ ഇന്നസെന്റ്. കാരണം അതിനേക്കാൾ എത്രയോ മുമ്പ് പോകേണ്ട ആളായിരുന്നു താനെന്നും അദ്ദേഹം പറഞ്ഞു.

എഴുത്തുകാരനായി അകലെ നിന്ന് ഞാൻ കണ്ട ആളല്ല ജോൺ പോൾ. എന്റെ സുഹൃത്തായിരുന്നു. ഞാൻ അസുഖം വന്ന് കിടക്കുമ്പോൾ ഇടയ്ക്കിടെ ഫോൺ വിളിക്കും.നെടുമുടി വേണുവിന് സംസ്ഥാന പുരസ്‌കാരം കിട്ടിയ 'വിട പറയും മുമ്പേ' എഴുതിയത് ജോൺ പോൾ ആയിരുന്നു.മോഹൻ സംവിധാനം ചെയ്ത ചിത്രം നൂറ് ദിവസം ഓടി.ജോൺ പോളുമായി അന്ന് മുതലേ ഉള്ള ബന്ധമാണ്.

ഒരിക്കൽ അദ്ദേഹം എന്റെയടുത്ത് വന്ന് പറഞ്ഞു ഭരതന് വേണ്ടി ഒരു സിനിമ എഴുതുന്നുണ്ട്. കാതോട് കാതോരം എന്നാണ് പേര്. ഇന്നസെന്റ് അതിൽ കപ്യാരായി അഭിനയിക്കണം എന്ന്. തീർച്ചയായും അഭിനയിക്കാം എന്ന് ഞാൻ പറഞ്ഞു.എന്നെപ്പറ്റി ജോൺപോളിന് അറിയാം. എനിക്ക് നിർമ്മാണവും ഒന്നുമല്ല.അഭിനയമാണ് താത്പര്യമെന്ന് അദ്ദേഹത്തിനറിയാം.അങ്ങനെയാണ് ഞാൻ ആ സിനിമയിൽ അഭിനയിച്ചത്.വിധി എന്ന് പറയുന്നത് അതാണ്. ദൈവം തീരുമാനിക്കുന്നു, ചെയ്യുന്നു. നമുക്കിനി ചെയ്യാനുള്ളത് ആ നല്ല സുഹൃത്തിനുവേണ്ടി പ്രാർത്ഥിക്കുകയാണെന്നും ഇന്നസെന്റ് പറഞ്ഞു.

മഞ്ജുവാര്യർ

അന്തരിച്ച തിരക്കഥാകൃത്ത് ജോൺ പോളിനെ അനുസ്മരിച്ച് നടി മഞ്ജു വാര്യർ. തന്നെ കാണണമെന്ന് ആ?ഗ്രഹം പ്രകടിപ്പിച്ചതനുസരിച്ച് അദ്ദേഹത്തെ ആശുപത്രിയിൽ പോയി കണ്ടിരുന്നുവെന്ന് അവർ പറഞ്ഞു.ഫേസ്‌ബുക്കിലായിരുന്നു അവരുടെ പ്രതികരണം.യാത്ര.. മിഴിനീർപൂവുകൾ..ഇനിയും കഥ തുടരും...വിടപറയും മുമ്പേ...ഞാൻ ഞാൻ മാത്രം.... ഓർമ്മയ്ക്കായി...ഈ നിമിഷത്തിന് തലവാചകമായേക്കാവുന്ന എത്രയോ സിനിമകൾ!കുറച്ചുദിവസം മുമ്പ് ജോൺപോൾ സാറിനെ ആശുപത്രിയിൽ പോയി കണ്ടിരുന്നു. എന്നെ കാണണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചതറിഞ്ഞായിരുന്നു അത്. ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും ഒരുമിച്ച് ഒരു സിനിമ ചെയ്യണമെന്നുമാണ് അദ്ദേഹം പറഞ്ഞത്. അവശതകൾക്കപ്പുറമുള്ള കരളുറപ്പുണ്ടായിരുന്നു ആ വാക്കുകൾക്ക്. അത് സത്യമാകുമെന്നുതന്നെയാണ് അല്പം മുമ്പുവരെ ഞാനും വിശ്വസിച്ചിരുന്നത്.
യാത്രാമൊഴി...

إرسال تعليق

0 تعليقات