തിരുവനന്തപുരം : കെഎസ്ആർടിസിയുടെ സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിൽ പെട്ടു. കെഎസ് 041 ബസ് കോട്ടയ്ക്കലിന് അടുത്ത് വച്ചാണ് അപകടം. തടി ലോറിയെ കയറ്റത്തിൽ മറികടക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം ഉണ്ടായത്. ലോറിയിൽ തട്ടിയ ബസിന്റെ ഇടത് സൈഡിലെ റിയർവ്യൂ മിറർ ഒടിയുകയും മുൻ വശത്തെ ഗ്ലാസിന്റെ ഇടത് മൂല പൊട്ടുകയും ചെയ്തു. അപകടത്തിൽ ആർക്കും പരിക്കില്ല.
ഇത് മൂന്നാം തവണയാണ് കെ സ്വിഫ്റ്റ് അപകടത്തിൽ പെടുന്നത്. ഏപ്രിൽ 11ന് സർവ്വീസുകൾ ഫ്‌ളാഗ് ഓഫ് ചെയ്ത് അന്നേ ദിവസം തന്നെയായിരുന്നു ആദ്യ രണ്ടപകടങ്ങളും സംഭവിച്ചത്. 11 ആം തീയതി രാത്രി തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് വെച്ചും, ഏപ്രിൽ 12 ആം തീയതി രാവിലെ മലപ്പുറം ജില്ലയിലെ കോട്ടക്കൽ വെച്ചുമാണ് മറ്റ് അപകടങ്ങൾ സംഭവിച്ചത്.
കല്ലമ്പലത്ത് വെച്ച് കെഎസ് 29 ബസ് ലോറിയുമായി ഉരഞ്ഞ് ബസിന്റെ സൈഡ് മിറർ ഇളകിപ്പോവുകയായിരുന്നു. 35,000 രൂപയുടെ കണ്ണാടിയാണ് ഇളകിപ്പോയത്. പകരം കെഎസ്ആർടിസി വർക്ക് ഷോപ്പിൽ നിന്നും മറ്റൊരു സൈഡ് മിറർ എത്തിച്ചായിരുന്നു യാത്ര തുടർന്നത്. കോഴിക്കോട് നിന്നു തിരുവനന്തപുരത്തേക്ക് വന്ന കെഎസ് 36 ബസാണ് മലപ്പുറം ചങ്കുവെട്ടിൽ സ്വകാര്യ ബസ്സുമായി ഉരസി രണ്ടാമത്തെ അപകടം ഉണ്ടായത്. ബസിന്റെ ഒരു വശത്തെ പെയിന്റ് പോയിരുന്നു.
അപകടത്തിൽ പെട്ട ബസ് ഓടിച്ച ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇരുവരെയും ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇന്റേണൽ കമ്മിറ്റി നടത്തിയ അന്വേഷണത്തിൽ അപകടം സംഭവിച്ചതിൽ ഡ്രൈവർമാരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന വിലയിരുത്തലിൽ ആണ് നടപടി.
0 Comments