banner

നഗരിയെ മറയില്ലാതെ കാണാൻ കെഎസ്ആർടിസിയുടെ ഡബിൾ ഡക്കർ; സർവീസ് ഇന്ന് മുതൽ

തിരുവനന്തപുരം : ടൂറിസ്റ്റുകൾക്കായി കെഎസ്ആർടിസി ആരംഭിക്കുന്ന ഡബിൾ ഡക്കർ ഓപ്പൺ ടോപ്പ് ബസ്സുകളുടെ സർവീസ് ഇന്ന് മുതൽ. തിരുവനന്തപുരത്തെത്തുന്ന വിനോദ സഞ്ചാരികൾക്ക് നഗരം ചുറ്റിക്കാണാനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ബസ് ഫ്ളാഗ് ഓഫ് ചെയ്യും.

വിദേശ മോഡലാണ് കെഎസ്ആർടിസി തിരുവനന്തപുരത്തൊരുക്കുന്നത്. നഗരം കാണാൻ മേൽക്കൂരയില്ലാത്ത ഡബിൾ ഡക്കർ ബസ്സിൽ സവാരി. ടൂറിസ്റ്റുകളെ ലക്ഷ്യം വെച്ചാണ് പദ്ധതി.കെഎസ്ആർടിസി ബജറ്റ് ടൂർസ് ആണ് സഞ്ചാരികൾക്കായി ഈ സൗകര്യം ഒരുക്കുന്നത്. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടറിയേറ്റ്, നിയമസഭ, മ്യൂസിയം, വെള്ളയമ്പലം, ലുലുമാൾ, കോവളം എന്നീ റൂട്ടുകളിലാണ് ബസ് സർവീസ് നടത്തുന്നത്.

നിലവിൽ വൈകുന്നേരം അഞ്ച് മുതൽ 10 വരെ നീണ്ടു നിൽക്കുന്ന നൈറ്റ് സിറ്റി റൈഡും, രാവിലെ ഒൻപത് മുതൽ നാല് വരെ നീണ്ടു നിൽക്കുന്ന ഡേ സിറ്റി റൈഡുമാണ് സർവീസ് നടത്തുന്നത്. രണ്ട് സർവീസിലും ടിക്കറ്റ് നിരക്ക് 250 രൂപയാണ്.

പ്രാരംഭ ഓഫർ എന്ന നിലയ്ക്ക് 200 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കും. യാത്രക്കാർക്ക് വെൽക്കം ഡ്രിങ്ക്സും, സ്നാക്ക്സും ബസ്സിലുണ്ടാകും. ഡേ ആൻഡ് നൈറ്റ് നൈറ്റ് ഒരുമിച്ച് ടിക്കറ്റെടുക്കുന്നവർക്ക് പ്രത്യേക ഓഫറുകളുമുണ്ടാകും. വൈകിട്ട് കിഴക്കേകോട്ടയിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് ആദ്യ ബസ് സർവീസ് ഫ്ളാഗ് ഓഫ് ചെയ്യും.

Post a Comment

0 Comments