banner

കൊല്ലത്ത് നേരിയ ഭൂചലനം; നാല്പത് സെക്കൻഡ് നീണ്ടുനിന്നു

കൊല്ലം : കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലകളിൽ നേരിയ ഭൂചലനം ഉണ്ടായതായി റിപ്പോർട്ട്. ദൃശ്യ മാധ്യമമായ എഷ്യാനെറ്റാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ജില്ലയുടെ കിഴക്കൻ മേഖലയായ പത്തനാപുരം, പിറവന്തൂർ, പട്ടാഴി മേഖലകളിൽ രാത്രി 11.36 ഓടെയാണ് നേരിയ ഭൂചലനം ഉണ്ടായതായാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. 

മേഖലയിൽ വലിയ ശബ്ദവും കേട്ടതായും, ഇത് 20 സെക്കന്റ് മുതൽ നാൽപ്പത് സെക്കൻഡ് വരെ ഭൂചലനം തുടർന്നതായും അനുഭവപ്പെട്ടതായും പറയപ്പെടുന്നു. പ്രദേശവാസികളെ ഉദ്ധരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. പ്രദേശത്ത് ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഇല്ലെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

മുൻപ് 2017ൽ പത്തനംതിട്ട, കൊല്ലം ജില്ലകളിലെ ചില ഭാഗങ്ങളിൽ റിക്ടർ സ്കെയിലിൽ 2.2 തീവ്രത രേഖപ്പെടുത്തിയ നേരിയ ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് രണ്ട് ജില്ലകൾക്കിടയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് ബന്ധപ്പെട്ടവർ സൂചിപ്പിച്ചിരുന്നത്. 2017 ഡിസംബർ 27നായിരുന്നു സംഭവം.

2021 ൽ പാരിപ്പള്ളി മേഖലയിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. എഴിപ്പുറം, ചാവർകോട് കടമ്പാട്ടുകോണം, കുളമട, കിഴക്കനേല, വേങ്കോട് മേഖലയിൽ  രാത്രി 11.18 ഓടെയാണ് ആദ്യ ഭൂചലനം ഉണ്ടായത്. ഇതിനു ശേഷം 12.13 ന് രണ്ടാമത്തെ ഭൂചലനം ഉണ്ടായി. ഇതേ ദിവസം തന്നെ തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം, വർക്കല, ആറ്റിങ്ങൽ, കല്ലമ്പലം, കിളിമാനൂർ, വെട്ടൂർ, കടയ്ക്കാവൂർ മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. 2021 സെപ്‌തംബർ 02നായിരുന്നു ഈ സംഭവം

Post a Comment

0 Comments